അരിമണ്ണ തറവാട്ടിലെ പ്രേതാനുഭവങ്ങൾ; വെള്ളിത്തിരയെ വിറപ്പിച്ച് ‘ഗു’, റിവ്യൂ വായിക്കാം
ഓരോ നാടുകളിലും അതീന്ദ്രിയ ശക്തിയായി ആളുകള്‍ കരുതിപ്പോരുന്ന ചില കാര്യങ്ങളുണ്ട്. പലയിടത്തും പല പേരുകളിൽ അത്തരത്തിലുള്ള അരൂപികളുടെ ലോകം അറിയപ്പെടാറുണ്ട്. മലയാളത്തിൽ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള പ്രേത പടങ്ങളിലൊക്കെ പല രൂപത്തിൽ പല ഭാവത്തിൽ അതൊക്കെ നാം കണ്ടറിഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള കഥകളുറങ്ങുന്ന അരിമണ്ണ തറവാട്ടിലെ പ്രേതാനുഭവങ്ങളുമായി ഇപ്പോൾ തിയേറ്ററുകളെ വിറപ്പിച്ചിരിക്കുകയാണ് ‘ഗു’ എന്ന ചിത്രം.
മലബാറിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് അരിമണ്ണ തറവാട്. ദൂരെ ജോലി ചെയ്യുന്ന ബന്ധുക്കളെല്ലാവരും ഒരവധിക്കാലത്ത് തറവാട്ടിലേക്ക് ഒന്നിച്ചുകൂടുകയാണ്. തറവാടിന് കൈവന്ന ചില ദോഷങ്ങൾക്ക് പൂജയും തെയ്യവും ഒക്കെ നടത്തണമെന്ന ഉദ്ദേശ്യവും ഈ വരവിന് പിന്നിലുണ്ട്. അങ്ങനെ അച്ഛനും അമ്മയ്ക്കും ഒപ്പം ആദ്യമായി തറവാട്ടിലേക്ക് എത്തുകയാണ് മിന്ന എന്ന പെൺകുട്ടി. ആ തറവാട്ടിൽ ഒരു പ്രേതബാധയുള്ള പാറു എന്നൊരു കുട്ടിയുമുണ്ട്. തറവാട്ടിൽ വെച്ച് മിന്നയ്ക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കും മറ്റുള്ളവർക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭയപ്പെടുത്തുന്ന അനുഭവങ്ങളാണ് ചിത്രം പറയുന്നത്.
അറുകൊല, ചാത്തൻ, മാട, മറുത, ഗുളികൻ അങ്ങനെ ഒരു നൂറായിരം പേടികളുടെ കൂട്ടുപിടിച്ചാണ് സിനിമയുടെ സഞ്ചാരം. ഓരോ സെക്കൻഡിലും പ്രേക്ഷകരിൽ ഭയം നിറയ്ക്കുന്ന വിധം ക്യാമറയും ശബ്ദവും സെറ്റുകളുമൊക്കെ ഒരുക്കിയിട്ടുണ്ട്. തീർച്ചയായും മലയാളത്തിലെ എണ്ണം പറഞ്ഞ ഹൊറർ സിനിമകളിലേക്ക് ചേർത്തുവയ്ക്കാവുന്ന സിനിമ തന്നെയാണ് ഗു. കുടുംബങ്ങൾക്കും കുട്ടികൾക്കും കൌതുകത്തോടെ കണ്ടിരിക്കാൻ കഴിയുന്ന ഒട്ടേറെ കാഴ്ചകളും സംഭവങ്ങളും ചിത്രത്തിലുണ്ട്.
മനു രാധാകൃഷ്ണൻ എന്ന നവാഗത സംവിധായകന്റെ മികച്ച സംവിധാന സംരംഭമാണ് ഗു. മിന്നയായി ദേവനന്ദയുടെ മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. മിന്നയുടെ അച്ഛൻ കഥാപാത്രമായ സായിയായി സൈജു കുറുപ്പും അമ്മ കഥാപാത്രമായ നിമിഷയായി അശ്വതി മനോഹറും മികവ് പുലർത്തി. കൂടാതെ നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ, കുഞ്ചൻ തുടങ്ങിയവരും ശ്രദ്ധേയ കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്.
ചന്ദ്രകാന്ത് മാധവന്റെ ഛായാഗ്രഹണവും ജോനാഥൻ ബ്രൂസിന്റെ സംഗീതവും വിനയൻ എം.ജെയുടെ എഡിറ്റിംഗും ത്യാഗു തവന്നൂരിന്റെ കലാസംവിധാനവും ചിത്രത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ഹൊറർ ചിത്രങ്ങളിൽ എക്കാലത്തും ഏറെ ഫാൻ ഫോളോയിംഗുള്ള ‘അനന്തഭദ്ര’ത്തിന് ശേഷം വീണ്ടും വ്യത്യസ്തമായ ഒരു ഹൊറർ ചിത്രം മലയാളത്തിന് സമ്മാനിച്ചിരിക്കുകയാണ് മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ്.