റിലീസിനു മുന്നേ ‘ഗോള്‍ഡ്’ 50 കോടി ക്ലബില്‍! പൃഥ്വിരാജിന്റെ ഏറ്റവും ഉയര്‍ന്ന പ്രീ റിലീസ് ബിസിനസ്
അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗോള്‍ഡ്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രമായ ഗോള്‍ഡ് ഒടുവില്‍ തിയേറ്ററുകളിലേക്ക് എത്തുകയാണെന്ന സന്തോഷവാര്‍ത്തയാണ് വരുന്നത്. 2015ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. നായികയായി നയന്‍താരയും എത്തുന്നു. അതുകൊണ്ട് തന്നെ ഗോള്‍ഡില്‍ വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് ഉള്ളത്.
അതേസമയം, പൃഥ്വിരാജിന്റെ കരിയറിലെ ഉയര്‍ന്ന പ്രീ റിലീസ് സ്വന്തമാക്കിയിരിക്കുകയാണ് ഗോള്‍ഡ്. അമ്പത് കോടിയലിധികം ചിത്രം പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. വേള്‍ഡ് വൈഡായി 1300ത്തിലധികം സ്ക്രീനുകളില്‍ ചിത്രം എത്തും. ഇത് പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക.
അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന് മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിസ്റ്റിന് സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.