ആകാശം ചായിച്ചിറങ്ങി വന്ന ‘ഗഗനചാരി’; പ്രേക്ഷകരെ വിസ്മയിപ്പിച്ച് പുതുമയുടെ ഏലിയൻ സ്പർശം!!
1 min read

ആകാശം ചായിച്ചിറങ്ങി വന്ന ‘ഗഗനചാരി’; പ്രേക്ഷകരെ വിസ്മയിപ്പിച്ച് പുതുമയുടെ ഏലിയൻ സ്പർശം!!

നായകൻ, നായിക, അവരുടെ കുടുംബം, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അയൽക്കാര്‍, വില്ലൻ, ഫ്ലാഷ് ബാക്ക്, പക, പ്രതികാരം തുടങ്ങി നാളുകളായി കണ്ടും കേട്ടും തഴമ്പിച്ച എല്ലാ ക്ലീഷേകളേയും പൊളിച്ചെഴുതിക്കൊണ്ട് കാഴ്ചശീലങ്ങളുടെ പുതുപുത്തൻ ആകാശം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുകയാണ് ‘ഗഗനചാരി’. മാറുന്ന മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമായി സിനിമാപ്രേമികള്‍ക്ക് ധൈര്യപൂർവ്വം ഉയർത്തികാണിക്കാവുന്നൊരു ചിത്രം. മലയാളത്തിലെ ആദ്യത്തെ തന്നെയായ ഈ ഡെസ്റ്റോപ്പിയൻ മോക്കുമെന്‍ററി ചിത്രം തീയേറ്ററിൽ നഷ്ടപ്പെടുത്തരുത്. ഇതിനകം ഒരുപാട് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലുകൾ കീഴടക്കിയ ഈ അന്യഗ്രഹജീവി ഇനി പ്രേക്ഷക മനസ്സുകളെ അമ്മാനമാടുകയാണ്.

ആരും ഒന്നിനും പുറത്തിറങ്ങാതെ വീട്ടിലിരിക്കുക, മാസ്കണിഞ്ഞ് മാത്രം അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുക തുടങ്ങിയ കാര്യങ്ങളൊക്കെ മരിച്ചവരും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായ തലമുറകളിൽ ഉള്ളവരാരും സമീപകാലത്തെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളായിരുന്നു. പക്ഷേ നമ്മളെല്ലാം കുറച്ചുനാളുകള്‍ക്ക് മുമ്പ് അത്തരം ന്യൂനോർമൽ കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചവരാണ്. കോടാനുകോടി സിവിലൈസേഷനുകളെ മായ്ച്ചുകളഞ്ഞ പ്രളയത്തിനും നമ്മള്‍ സാക്ഷ്യം വഹിച്ചു.

സമീപ ഭാവിയിൽ മഴ ഒരു ട്രോമയായി കാണുന്നവരുണ്ടായാൽ അതിശയോക്തിയില്ല. രാവിലേയും വൈകീട്ടും സൂര്യോദയവും സൂര്യാസ്തമയവും ലോകവും ലോകവിവരവുമൊക്കെ ഉള്ളം കൈയിലെ ആറിഞ്ച് സ്‌ക്രീനില്‍ കണ്ട് നിർവൃതിയടയുന്നവരും ഉണ്ടാകാം എന്നതൊരു സാധ്യതയാണ്. എക്കാലത്തും പ്രഹേളികയായ അന്യഗ്രഹ ജീവികള്‍ ഭൂമി കൈയ്യടക്കാനെത്തുന്നതും നമ്മളൊക്കെ അവരെ ഭയന്ന് ബങ്കറിൽ ഒളിച്ച് ജീവിക്കുന്നതുമായ കാര്യങ്ങളൊക്കെ വെറും സ്വപ്നം മാത്രമാകും എന്നും പറയാൻ കഴിയില്ലെന്നാണ് അടുത്തിടെ വന്ന ചില പഠനങ്ങളും സൂചിപ്പിക്കുന്നത്. ഇക്കാര്യങ്ങളൊക്കെ അഭ്രപാളിയിൽ കാണാൻ ആഗ്രഹമുള്ളവരാണോ, എന്നാൽ ‘ഗഗനചാരി’ നിങ്ങള്‍ക്കുള്ള സിനിമയാണ്.

 

ഒരു 20 വർഷങ്ങള്‍ കൂടി കഴിഞ്ഞാൽ കേരളം എങ്ങനെയിരിക്കും എന്നുള്ള കാവ്യഭാവനയുടെ അള്‍ട്ടിമേറ്റ് അവതരണമാണ് ‘ഗഗനചാരി’. ‘വിരഹജനാലകൾ വിജനവരാന്തകൾ…’ എന്ന് കവി പാടും പോലെ ശോകമൂകമായൊരു അവസ്ഥ, വർഷം 2043 ആണ്. പേരിന് പോലും മിണ്ടാനും പറയാനും ചുറ്റും ആരുമില്ലാത്ത മൂകത. പക്ഷേ അപ്പോഴും 2050-ലെ ഇലക്ഷന് അജയ്യസേന ബൂക്ക് ചെയ്ത മതിലുകളാണെങ്ങും. ഇതൊക്കെ കണ്ടും കേട്ടും അവർ മൂന്നുപേർ ബങ്കറിൽ കഴിയുകയാണ്. നമ്മുടെ കഥാനായകന്മാരായ വിക്ടറും അലനും വൈബും. ഇവർക്കിടയിലേക്ക് ഇവർ പോലും അറിയാതെ ഒരു അന്യഗ്രഹ ജീവി നുഴഞ്ഞുകയറുന്നു. പിന്നീട് നടക്കുന്ന രസകരവും കൗതുകം നിറഞ്ഞതുമായ ഫാന്‍റസി കാഴ്ചകളാണ് ചിത്രം.

കഥയിലും അവതരണത്തിലും കൊണ്ടു വന്ന പുതുപുത്തൻ സമീപനവും പഴയകാല കള്‍ട്ട് ക്ലാസിക് സിനിമകളുടെ ചുവടുപിടിച്ചുള്ള കഥ പറച്ചിലും മികച്ച ക്യാമറ കാഴ്ചകളും വിഎഫ്എക്സും എഡിറ്റിംഗും മ്യൂസിക്കുമൊക്കെ ഒരു വല്ലാത്തൊരു മൂഡിൽ പ്രേക്ഷകരെ കൊണ്ടുചെന്നെത്തിക്കും. ജനിച്ചുവീഴുമ്പോഴേ കോഡിംഗ് ക്ലാസിലേക്ക് പിച്ചവെയ്ക്കുന്ന ഈ AI പുത്തൻ തലമുറയ്ക്കും, അവരുടെ ലോകത്തെ പറ്റി കടുകുമണിയോളമെങ്കിലും അറിയാൻ ശ്രമിക്കുന്ന പഴയ തലമുറയ്ക്കും വേണ്ടതെല്ലാം ഒരു മണിക്കൂർ 55 മിനിറ്റുള്ള ഈ സൈ-ഫൈ സിനിമയിലുണ്ട്. ഇതിൽ കൂടുതൽ പറഞ്ഞാൽ സ്പോയിലറായി പോകും.

കെ ബി ഗണേഷ് കുമാര്‍, ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, അനാർക്കലി മരക്കാർ, ജോൺ കൈപ്പള്ളിൽ എന്നിവരുടെ തകർപ്പൻ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. പിന്നെ ആർട്ടിഫിഷൽ ഇന്‍റലിജൻസ് രാഘവന്‍റെ അന്യായ കൗണ്ടറുകളും. ഏലിയൻ ഹണ്ടർ വിക്ടർ എന്ന കഥാപാത്രം കെ.ജി ജോർജ്ജിന്‍റെ ‘ഇരകള്‍’ എന്ന ക്ലാസിക് സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ ഗണേഷ് കുമാറിന്‍റെ അഭിനയ ജീവിതത്തിൽ തന്നെ ഏറെ വ്യത്യസ്തമാണ്. വിക്ടറും അലനായെത്തിയ ഗോകുലും വൈബായെത്തിയ അജുവും ചേർന്ന് ‘കിലുക്കം’, ‘മാന്നാർ മത്തായി സ്പീക്കിംഗ്’ സിനിമകളുടെ വൈബ് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. അരുൺ ചന്ദുവും ശിവ സായിയും ചേർന്ന് ഒരുക്കിയിരിക്കുന്ന തിരക്കഥ തന്നെയാണ് സിനിമയുടെ ജീവൻ. മലയാളത്തിൽ തന്നെ ഇതുവരെ ആരും ധൈര്യപ്പെടാത്ത ഒരു പുത്തന്‍ പരീക്ഷണമാണ് ചിത്രം. ഗംഭീര തിരക്കഥയെ അതിഗംഭീരമായി അരുൺ ചന്ദു മജ്ജയും മാംസവും കൊടുത്ത് സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു സൈ – ഫൈ സബ്ജക്ടിൽ പുരാണവും ആക്ഷേപ ഹാസ്യവും രാഷ്ട്രീയവും ഫാൻ്റസിയും പ്രണയവും ആർട്ടിഫിഷൽ ഇന്‍റലിജൻസും എല്ലാം മനോഹരമായി ബ്ലെൻഡ് ചെയ്യാൻ ചില്ലറ കൈയ്യടക്കം പോരാ. തിയേറ്ററിൽ തന്നെ ന്യൂ ജനറേഷനും ഓള്‍ഡ് ജനറേഷനും ഒരുമിച്ചിരുന്ന് കണ്ട് അനുഭവിച്ചറിയേണ്ട ഒരു ന്യൂ നോർമൽ സിനിമ തന്നെയാണ് ‘ഗഗനചാരി’ എന്ന് നിസ്സംശയം പറയാം. ”കാലമേ ഇനി പിറക്കുമോ ഇതുപോലൊരു പ്രതിഭാസം ! ” ( N.B സിനിമ കണ്ടവർക്കേ കലങ്ങൂ…)