“രാപ്പകലും അതിലെ നായകൻ കൃഷ്ണനും ആണല്ലോ ഇപ്പോൾ ട്രെൻഡിംഗ്…”
കമൽ സംവിധാനം ചെയ്ത കുടുംബ ചിത്രമാണ് ‘രാപ്പകൽ’. മമ്മൂട്ടി നായകനായെത്തിയ ചിത്രത്തിൽ ശാരദ, നയൻതാര, ബാലചന്ദ്രമേനോൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഒരു വലിയ തറവാട്ടിലെ ജോലിക്കാരനാണ് കൃഷ്ണൻ (മമ്മൂട്ടി). സരസ്വതിയമ്മയെ (ശാരദ) അയാൾ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കുന്നു. സരസ്വതിയമ്മയുടെ മക്കളെല്ലാം പല സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നത്. ഒരു ദിവസം മക്കളെല്ലാവരും തറവാട്ടിലേക്ക് വരുന്നു, ഈ വരവ് തറവാട് ഒരു വലിയ വിലക്ക് വിൽക്കാനുള്ള പദ്ധതിയുമായിട്ടായിരുന്നു എന്ന് പിന്നീട് സരസ്വതിയമ്മയും, കൃഷ്ണനും മനസ്സിലാക്കുന്നു. ജനാർദ്ദനൻ, വിജയരാഘവൻ, സലീം കുമാർ, സുരേഷ് കൃഷ്ണ, കലാശാല ബാബു തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സിനിഫൈൽ ഗ്രൂപ്പിൽ ആഷിഷ് ജെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കുറിപ്പിൻ്റെ പൂർണ്ണ രൂപം
രാപ്പകലും അതിലെ നായകൻ കൃഷ്ണനും ആണല്ലോ ഇപ്പോൾ ട്രെൻഡിംഗ്…
വർഷങ്ങൾക്ക് മുൻപ് കണ്ട് സങ്കടപ്പെടുകയും കരയുകയുമൊക്കെ ചെയ്ത സിനിമയിലെ പല സീനുകളുടെയും അർത്ഥം ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചകളിൽ വേറൊരു തലത്തിൽ ആയിരിക്കുന്നു.
‘വർഷങ്ങൾക്ക് ശേഷം ഒന്നിച്ചു കൂടിയ ബന്ധുക്കൾ രാത്രി കുറച്ചു കൂടുതൽ സമയം ഒന്നിച്ചിരുപ്പോൾ ലൈറ്റ് ഓഫാക്കിയ ജോലിക്കാരന് കിട്ടിയ തല്ല് അർഹിച്ചതാണ്.
കുടുബാംഗങ്ങൾ ഒന്നിച്ചുള്ള ഫോട്ടോയിൽ കുടുംബത്തിനു വെളിയിൽ നിന്നുള്ള ഒരാൾ ആവശ്യമില്ല. വിവേചനപൂർവ്വം പെരുമാറേണ്ടിയിരുന്നത് കൃഷ്ണൻ തന്നെയായിരുന്നു.
ബന്ധുക്കൾ ഒന്നിച്ചു കൂടി സീരിയസ് കാര്യങ്ങൾ സംസാരിക്കുമ്പോൾ ഊണ് റെഡിയായി പോലുള്ള കാര്യങ്ങൾ പറഞ്ഞ് അതിനിടയിൽ ഇടപെടേണ്ട കാര്യം കൃഷ്ണന് ഇല്ല….’
എന്നിങ്ങനെ പോകുന്നു രാപ്പകലിന് കിട്ടിയിരിക്കുന്ന പുതിയ വ്യാഖ്യാനങ്ങൾ.
മമ്മൂട്ടിയുടെ തന്നെ വാത്സല്യം എന്ന സിനിമയ്ക്കും കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇതേ രീതിയിൽ നമ്മൾ പണ്ട് കാണുകയും സങ്കടപെടുകയും ചെയ്ത കാര്യങ്ങൾക്ക് പുതിയ വ്യാഖ്യാനങ്ങൾ കിട്ടിയത് കണ്ടിട്ടുണ്ട്.
കാലഘട്ടം, ചിന്താഗതി ഇതിലൊക്കെയുള്ള മാറ്റങ്ങൾ ആവും ഇതൊക്കെ എന്ന് വിചാരിക്കാം.
ഏതായാലും രാപ്പകലിന്റെ പുതിയ വ്യാഖ്യാനങ്ങൾ പൂർണമായും തെറ്റാണെന്ന് അഭിപ്രായമില്ല.
എന്ത് തോന്നുന്നു… അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു…
Ashish J.