‘ഇനി ഇത് തിയേറ്ററില്‍ വരുന്നത് വരെ അടക്കാന്‍ കഴിയാത്ത ഒരു ആവേശം, ഒരു സന്തോഷം’; നന്‍പകല്‍ നേരത്തെക്കുറിച്ച് കുറിപ്പ്
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ പുതിയ എഡിഷനില്‍ ഏറ്റവും തിരക്ക് സൃഷ്ടിച്ച ചിത്രം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാവൂ. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കമാണ് ആ ചിത്രം. പ്രഖ്യാപന സമയം മുതലേ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്റെ കഥ ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടേയും ലിജോയുടേയും കരിയറിലെ മികച്ച ചിത്രമെന്നാണ് എല്ലാവരും തന്നെ പറയുന്നത്. ചിത്രത്തിനായി കാത്തുനിന്ന പ്രേക്ഷകര്‍ക്ക് കാഴ്ച്ചയുടെ വിസ്മയം തീര്‍ത്തുവെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ നിര്‍മ്മാണം. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യന്, അശോകന്, വിപിന്‍ അറ്റ്ലി, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
എല്ലാവരുടേയും കാര്യം എനിക്കറിയില്ല.. പക്ഷെ എനിക്ക് അങ്ങനെയാണ്.. ചില കാത്തിരുന്ന സിനിമകള്‍ ഇറങ്ങുംമ്പോള്.. ആ സിനിമ ഇറങ്ങി അത് എന്തായി എന്ന് അറിയാനുള്ള അടക്കാനാവാത്ത ഒരു തരം ആകാംക്ഷ ഉള്ളില്‍ നിറയും. പ്രത്യേകിച്ച് ഇത് LJP മമ്മൂട്ടി പടം. സുഹൃത്ത് Abhijith Gopan IFFK യില്‍ പോയിട്ടുണ്ട്.. അവന് എന്തായാലും ഫസ്റ്റ് ഷോ കാണുമെന്നും പറഞ്ഞിരുന്നു. ഒരു മെസേജ് അങ്ങ് വിട്ടു..ഡാ.. എന്തായി.. നന്‍പകല്‍ കണ്ടോ…?? ഉടന്‍ മറുപടി വന്നു.. ഇല്ല… കയറാന്‍ പറ്റിയില്ല. ഭയങ്കര തിരക്കാണെന്നും മറുപടി പറഞ്ഞു.. ഇതിനിടയില്‍ ഒരുപാട് റിവ്യൂകള്‍ വന്നു.. എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു അതിഗംഭീരം എന്ന്..
കാണാനുള്ള ആകാംക്ഷ കൂടി… ഉള്ളില്‍ സന്തോഷത്തിന്റെ ഒരു പര്‍വ്വതം തന്നെ രൂപപ്പെട്ടു. ചില സിനിമകള്‍ ദുബായ് ബിഗ് ടിക്കറ്റ് എടുക്കുന്ന പോലെയാണ്.. ബിഗ് ടിക്കറ്റ് നറുക്കെടുക്കുന്ന ദിവസം വരെ നമ്മളുടെ ഉള്ളില്‍ ഒരു സന്തോഷം വരാനുണ്ട്.. അടിക്കില്ല എന്നറിഞ്ഞാലും മനസ്സിനെ വല്ലാതെ സന്തോഷിപ്പിക്കും ആ മുപ്പത് ദിവസങ്ങള്‍.. കാരണം ആ ടിക്കറ്റ് എടുത്തു മുപ്പത് ദിവസം കഴിഞ്ഞാല്‍ കിട്ടാന്‍ പോകുന്നത് നാല്പത് കോടിയാണ്.. ചിലപ്പോള്‍ കോളടിച്ചാലോ….. കാത്തിരിപ്പിന്റെ ഒരു തരം സുഖം. അത്പോലയാണ് ഇപ്പോള്‍ ഈ സിനിമ.. നന്‍പകല്‍ നേരത്ത് മയക്കം..
ഇനി ഇത് തിയേറ്ററില്‍ വരുന്നത് വരെ അടക്കാന്‍ കഴിയാത്ത ഒരു ആവേശം, ഒരു സന്തോഷം ഹൃദയത്തിന്റെ ഉള്ളില്‍ ഇങ്ങനെ കിടക്കും… നന്‍പകല്‍ വരാനുണ്ട്… പറയാന്‍ മറന്നു മനസ്സ് പറ്റേ ഡൗണ്‍ ആയി ഡിപ്രഷന് ആകുംമ്പോഴോ ചില പ്രത്യേക സാഹചര്യത്തില്‍ പെട്ട് സാമ്പത്തികമായി ബുദ്ധിമുട്ട് വന്നു മനസ്സ് പതറുംമ്പോഴോ ഞാന്‍ ഒരു ബിഗ് ടിക്കറ്റ് അങ്ങെടുക്കും.. പിന്നെ ഒരു മാസം ഹാപ്പി.. ഇന്ന് കിച്ചണില്‍ മോരു കറിയും മീന്‍ പൊരിച്ചതും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു…
ചോറ് അടുപ്പില്‍ തിളച്ച് മറിയുന്നുണ്ട്… തിരക്കിട്ട പണി… ഇതിനിടയില്‍ വാട്സ് ആപ്പില്‍ ഒരു മെസേജ് വരുന്നു… ടിം…..പിന്നെ തുടരെ തുടരെ വാട്സ് ആപ്പില്‍ കോളും വരുന്നു… അത്യാവശ്യം ഉള്ളവരാണല്ലോ അമ്മാതിരി അടിയടിക്കുക.. ഞാന്‍ കിതച്ചു ഓടിച്ചെന്നു.. വാട്സ്ആപ് തുറന്നു ആദ്യം കിടക്കുന്ന മെസേജ് തുറന്നു.. IFFK യില്‍ പോയ സുഹൃത്ത് ആണ്.. ഒരു വോയിസ് മെസേജ്.. ഓപ്പണ്‍ ചെയ്തു.. അത് ഇങ്ങിനെയാണ്..
‘Mahn കണ്ട്.. കണ്ട്.. പടം കണ്ടു… ഇജ്ജാതി പടം ലെവല്‍ ഐറ്റം’. പെട്ടെന്ന് മൂഡങ്ങ് മാറിയ പോലെ… ഇന്ന് മോരു കറി നല്ല ടേസ്റ്റ്ണ്ടല്ലോ ടോ.. നീ വെളുത്തുള്ളിം ഇഞ്ചിയും അതികം ഇട്ടീണില്ലേ… ചോറ് കഴിക്കുന്നതിനിടയില്‍ മ്മെടെ സുഹൃത്ത് ചോദിച്ചു… ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല… ഞാന്‍ അപ്പോഴും നന്‍പകല്‍ നേരത്ത് മയക്കത്തിലായിരുന്നു…..