‘മാളികപ്പുറവും പഠാനും കാണരുതെന്ന് ചിലര്‍ പറഞ്ഞു, ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ്’ ; കുറിപ്പ് വൈറല്‍
മലയാള സിനിമയില്‍ അപ്രതീക്ഷിത വിജയം നേടി പുതിയ ചരിത്രം കുറിക്കുകയാണ് ഉണ്ണിമുകുന്ദന് നായകനായെത്തിയ മാളികപ്പുറം. ഉണ്ണി മുകുന്ദന്റെ കരിയറിലും വലിയ വിജയം നേടിയ ചിത്രം വേള്‍ഡ് വൈഡ് കളക്ഷനില്‍ ദിനസങ്ങള്‍ക്കുള്ളില്‍ 100 കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലീസ് ചെയ്തു ഒരു മാസം പിന്നിടുമ്പോഴും കേരളത്തിലെ തിയറ്ററുകളില്‍ ഹൗസ് ഫുള്‍ ഷോയാണ് മാളികപ്പുറം നേടുന്നത്. ഹോളിവുഡില്‍ നിന്നുമെത്തിയ ബ്രഹ്മാണ്ഡ വിസ്മയം അവതാര്‍ രണ്ടിനോടും പിന്നീട് ബോളിവുഡ് ചിത്രം പഠാനോടും ഒപ്പം നിന്ന് മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്.റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ 300 കോടിയും കഴിഞ്ഞ് കുതിപ്പ് തുടരുകയാണ് പഠാന്. പഠാനും മാളികപ്പുറവും തിയേറ്ററില്‍ മികച്ച രീതിയില്‍ പോകുമ്പോള്‍ തന്നെ ചിലര്‍ ഈ ചിത്രങ്ങള്‍ കാണരുതെന്നും ചിത്രങ്ങള്‍ മോശമാണെന്ന തരത്തില്‍ അഭിപ്രായപെട്ടുവെന്നും ഇതിനെതിരെ ഡോക്ടര്‍ കെ പി നജീമുദ്ദീന് പങ്കുവെച്ച ചെറിയ കുറിപ്പുമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്.
‘മാളികപ്പുറം’ കാണരുത് എന്ന് ചിലര്‍ പറഞ്ഞു. തിയറ്ററില്‍ പോയി തന്നെ കണ്ടു. വേറെ ചിലര്‍ ‘പത്താന്’ കാണരുത് എന്ന് പറഞ്ഞു. അതും റിലീസ് ദിവസം തന്നെ തിയറ്ററില്‍ പോയി കണ്ടു. ഇതിന് പ്രധാനമായും 2 കാരണങ്ങളാണുള്ളത്. ഒന്ന് – നമ്മുടേത് ഒരു മംഗലശ്ശേരി നീലകണ്ഠന് ലൈന്‍ ആണ് – ‘കാണാന്‍ പാടില്ലാത്തതേ കാണൂ. കേള്‍ക്കാന്‍ പാടില്ലാത്തതേ കേള്‍ക്കൂ.’ (അങ്ങനെയാണ് ശീലം). രണ്ട്- കലയും മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കലര്‍ത്തരുത്. അങ്ങനെ കൂട്ടിക്കലര്‍ത്തിയാല്‍ അത് മോഹന്‍ തോമസിന്റെ ഉച്ചിഷ്ടവും അമേദ്യവും കൂട്ടിക്കുഴച്ചതിനേക്കാള് വലിയ വൃത്തികേടാകും എന്നാണ് അദ്ദേഹം സിനിഫൈല്‍ ഗ്രൂപ്പില്‍ കുറിച്ചത്. ഇതിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.
‘മാളികപ്പുറം ഞാനും കണ്ടതാ, കാണരുത് എന്ന് പറഞ്ഞ ആളുകളെക്കൂടെ ഒന്ന് മെന്‍ഷന്‍ ചെയ്യ്.മാന്യതയുടെ മുഖം കാണിച്ചു ഇങ്ങനെ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന നിങ്ങളൊക്കെയാണ് ഇവിടുത്ത ഒന്നാം നമ്പര്‍ അലമ്പന്മാര്’, ‘മാളികപ്പുറം സിനിമ ഇറങ്ങിയപ്പോ.പടം ഡീഗ്രേഡ് ചെയ്യുകയാണ് എന്ന് വരുത്തി ഫേക്ക് ക്യാമ്പയിന് ഉണ്ടാക്കിയത് ആരാണ്, അവരുടെ ഉദ്ദേശം എന്താണ്’, ‘മാളികപ്പുറം കാണരുത് എന്ന് ആരാ പറഞ്ഞത്.. ?? പഠാന് ബോയ്ക്കോട്ട് ചെയ്യണം എന്ന് പറഞ്ഞു ബഹളം വെച്ചത് പോലെ മാളികപ്പുറം കാണരുത് എന്ന് പറഞ്ഞതിന്റെ പോസ്റ്റോ മറ്റെന്തെങ്കിലും ഡീറ്റെയില്‍സോ ഒന്ന് കാണിക്കുമോ’ എന്നിങ്ങനെ കമന്റുകള്‍ നീളുകയാണ്.