‘ഇക്കാ, ഇന്നെന്റെ പിറന്നാളാണെന്ന് ആരാധകന്‍’ ; മറുപടി നല്‍കി ദുല്‍ഖര്‍
മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന്. തമിഴും തെലുങ്കും കടന്ന് ബോളിവുഡില്‍ ഉള്‍പ്പെടെ തിളങ്ങി നില്‍ക്കുകയാണ് താരം. മലയാളത്തില്‍ നിന്ന് അടുത്തകാലത്തായി ഒരു നടനും എത്താത്ത ഉയര്‍ച്ചകളിലേക്കാണ് മലയാളികളുടെ കുഞ്ഞിക്ക എത്തിയിരിക്കുന്നത്. ഇന്ത്യയൊട്ടാകെ വലിയ ആരാധകവൃന്ദമാണ് താരത്തിന് ഉള്ളത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായാണ് സിനിമയിലെത്തിയതെങ്കിലും തുടക്കം മുതല്‍ തന്നെ സ്വന്തമായൊരു പാത സൃഷ്ടിച്ചെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിരുന്നു. ഇന്ന് മലയാള സിനിമയില്‍ സ്വന്തമായൊരു ഇടമുണ്ട് ദുല്‍ഖറിന്. ഇത്രയും ആരാധകരുള്ള താരം സോഷ്യല്‍ മീഡിയകളില്‍ അവരുമായി സംവദിക്കാന്‍ സമയം കണ്ടെത്താറുമുണ്ട്. പലപ്പോഴും തന്റെ പോസ്റ്റുകള്‍ക്ക് താഴെ ദുല്‍ഖര്‍ നല്‍കിയ മറുപടികള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.ഉള്ളു തൊടുന്ന, ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ പ്രിയപ്പെട്ടവര്‍ക്കായി പങ്കുവെച്ചുകൊണ്ടുള്ള ദുല്‍ഖറിന്റെ കുറിപ്പുകളും കമന്റുകളുമെല്ലാം വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ആരാധകന്റെ പിറന്നാളിന് ആശംസ അറിയിക്കുന്ന ദുല്‍ഖറിന്റെ ട്വീറ്റ് ആണ് ശ്രദ്ധനേടുന്നത്.
ശരത് എന്ന ആരാധകന്‍ ദുല്‍ഖറിനെ ടാഗ് ചെയ്ത് തന്റെ പിറന്നാളാണെന്നും പറയുന്നു. ‘ഇക്കാ, ഇന്ന് എന്റെ ജന്മദിനം ആണ്. ഒരുപാട് നാളായി നിങ്ങളുടെ ആശംസയ്ക്കായി കാത്തിരിക്കുന്നു. ഒരുപാട് തിരക്കുണ്ടെന്ന് എനിക്കറിയാം, പക്ഷേ ഈ ഒരു ആഗ്രഹം എന്റെ മനസ്സിനെ അലട്ടി കൊണ്ടിരിക്കയാണ്. ഫാന്‍ ബോയ് നിമിഷത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. അതുകൊണ്ട് ദയവായി എന്റെ ഈ ദിവസം സ്‌പെഷ്യല്‍ ആക്കൂ’, എന്നായിരുന്നു ശരത്ത് ദുല്‍ഖറിനെ ടാഗ് ചെയ്ത് ട്വിറ്റ് ചെയ്തത്. ഈ ട്വിറ്റിന് മറുപടിയായി ദുല്‍ഖര്‍ രംഗത്തെത്തുകയും ചെയ്തു. ‘ശരത്തിന് ജന്മദിനാശംസകള്‍ നേരുന്നു മികച്ച വര്‍ഷം ആശംസിക്കുന്നു’, എന്നാണ് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തത്. ദുല്‍ഖറിനെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. ‘തന്റെ ആരാധകരെ ഇത്രത്തോളം ചേര്‍ത്തുനിര്‍ത്തുന്ന താങ്ങള്‍ വലിയൊരു മനസ്സിന് ഉടമയാണ്’ എന്നാണ് പലരും ദുല്‍ഖറിന്റെ ട്വിറ്റിന് താഴെ കമന്റുകള്‍ ചെയ്തത്.
@dulQuer ikkaa,
Today is my birthday. I’ve been waiting for your wish for a long time❤🔥. I know there’s a lot of rush,but this one wish makes my mind scream😍. I’m waiting for the fan boy moment. So please make my day special ikkaa❤️With Love
Sarath❤️— Sarath dQ🦋 (@SarathDQ01) November 12, 2022
സാധാരണം സിനിമ താരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ മാനേജ് ചെയ്യാനായി സഹായികളെ നിയോഗിക്കാറാണുള്ളത്. എന്നാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് താന്‍ തന്നെയാണെന്ന് കഴിഞ്ഞ ദിവസം ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. തന്റെ ടീം ഫെയ്‌സ്ബുക്കില്‍ മാത്രമാണ് കുറിപ്പുകള്‍ പോസ്റ്റ് ചെയ്യുന്നത്. അതിലുള്‍പ്പെടെ എന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ വരുന്ന ഓരോ വാക്കുകളും എന്റേത് തന്നെയാണ് എന്നായിരുന്നു ദുല്‍ഖര്‍ വ്യക്തമാക്കിയത്.