ദുല്‍ഖറിന് ദുബൈയില്‍ വന്‍ വരവേല്‍പ്പ് ….!!! ദുബായ് ഗ്ലോബൽ വില്ലേജിനെ ഇളക്കി മറിച്ചു
1 min read

ദുല്‍ഖറിന് ദുബൈയില്‍ വന്‍ വരവേല്‍പ്പ് ….!!! ദുബായ് ഗ്ലോബൽ വില്ലേജിനെ ഇളക്കി മറിച്ചു

ദുൽഖർ സൽമാന്റെ സോഷ്യൽമീഡിയ പേജിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ ഏറ്റവും കൂടുതൽ കാണാറുള്ള ഒരു രസകരമായ കമന്റാണ് മകനേ… മടങ്ങി വരൂ എന്നത്. ദുൽഖർ‌ മലയാളം സിനിമകൾ ചെയ്യാത്തതിലുള്ള പരിഭവമാണ് സർക്കാസ്റ്റിക്കായ ഇത്തരം കമന്റുകളിലൂടെ പ്രേക്ഷകർ പറയുന്നത്. കിങ് ഓഫ് കൊത്തയ്ക്കുശേഷം ഒരു മലയാള സിനിമ പോലും ദുൽ‌ഖറിന്റേതായി തിയേറ്ററുകളിൽ എത്തിയിട്ടില്ല.മാത്രമല്ല നടൻ കമ്മിറ്റ് ചെയ്തിട്ടുള്ള പുതിയ പ്രോജക്ടുകളിൽ മരുന്നിനുപോലും ഒരു മലയാള സിനിമയില്ല. അതുകൊണ്ട് തന്നെ താരം തമിഴിലേക്കും തെലുങ്കിലേക്കും ബോളിവുഡിലേക്കുമായി ഒതുങ്ങുകയാണോയെന്ന സംശയവും ആരാധകർക്കുണ്ട്. നല്ലൊരു സിനിമയുമായി ദുൽഖർ മലയാളത്തിലേക്ക് വന്നാൽ തിയേറ്റർ ജനസാഗരമാകുമെന്നതിൽ സംശയം വേണ്ട.

ഇപ്പോഴുള്ള യുവനടന്മാരിൽ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് ദുൽഖർ സൽമാൻ. ലക്കി ഭാസ്കറാണ് നടന്റെ ഏറ്റവും പുതിയ റിലീസ്. തെലുങ്കിൽ ഒരുക്കിയിരിക്കുന്ന സിനിമയാണെങ്കിലും സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും സിനിമ മൊഴിമാറ്റി പ്രദർശനത്തിന് എത്തും. പാന്‍ ഇന്ത്യന്‍ റിലീസ് ആയി ഈ മാസം 31 നാണ് ചിത്രം എത്തുക. കഴിഞ്ഞ ദിവസം ദുബൈ ഗ്ലോബല്‍ വില്ലേജില്‍ വച്ചായിരുന്നു ചിത്രത്തിന്‍റെ ആഗോള ലോഞ്ച്. വന്‍ ആരാധകക്കൂട്ടമാണ് അവിടെ ദുല്‍ഖര്‍ അടക്കമുള്ളവരെ കാണാനെത്തിയത്. ഇപ്പോഴിതാ ചടങ്ങിന്‍റെ ലഘു വീഡിയോ ദുല്‍ഖര്‍ സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നത്. വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. വാത്തി എന്ന ബ്ലോക്ക്ബസ്റ്റർ ധനുഷ് ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രമാണ് ലക്കി ഭാസ്കർ. ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ബിഗ് ബജറ്റ് ചിത്രം, പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്റെ നേതൃത്വത്തിൽ ഒരുക്കിയ വമ്പൻ സെറ്റുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ലക്കി ഭാസ്കറിൽ ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ഈ ചിത്രം, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് പ്രദർശനത്തിനെത്തുക.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വമ്പൻ റിലീസായി വിതരണം ചെയ്യുന്നത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് സിതാര എന്റർടെയ്‍ന്‍‍മെന്‍റ്സ് ആണ്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ലക്കി ഭാസ്കർ ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ലക്കി ഭാസ്കറിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിമിഷ് രവി എന്നിവരാണ്. എഡിറ്റിംഗ് നവീൻ നൂലി, പിആർഒ ശബരി.