ബോളിവുഡിനെ കരകയറ്റി ‘ദൃശ്യം 2’; അജയ് ദേവ്ഗൺ ചിത്രം ഇനി ഒടിടി വഴി വീട്ടിലിരുന്നും കാണാം
ബോളിവുഡില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘ദൃശ്യം 2’. മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായി തകര്‍ത്തഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ‘ദൃശ്യം 2’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അജയ് ദേവ്ഗണ് ആണ് പ്രധാന കഥാപാത്രമായി എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. ‘ദൃശ്യം 2’ ഒടിടിയില്‍ ലഭ്യമായി തുടങ്ങിയെന്നാണ് പുതിയ വാര്‍ത്ത. ആമസോണ്‍ പ്രൈം വീഡിയോയില്‍ വാടകയ്ക്കാണ് ചിത്രം ലഭ്യമാകുക.
അജയ് ദേവ്ഗണ് ‘വിജയ് സാല്‍ഗോന്‍കറായി’ട്ടാണ് ചിത്രത്തില്‍ എത്തുന്നത്. നായികയായി ശ്രിയ ശരണും മറ്റ് പ്രധാന കഥാപാത്രങ്ങളായി തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരും എത്തിയിരിക്കുന്നു. സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സംഗീത സംവിധായകന് ദേവി ശ്രീ പ്രസാദ് ആണ്.
അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ദൃശ്യം 1’ ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന് നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു. ഭുഷന്‍ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷന് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.
വലിയ വാണിജ്യ സാധ്യതയുള്ള ചിത്രമെന്ന മുന്‍കൂര്‍ വിലയിരുത്തല്‍ ഉണ്ടായിരുന്നതിനാല്‍ വമ്പന്‍ സ്ക്രീന്‍ കൗണ്ട് ആയിരുന്നു ചിത്രത്തിന്. 3,302 സ്ക്രീനുകളിലാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ആദ്യദിന കളക്ഷന്‍ മാത്രം 15.38 കോടി ആയിരുന്നു. ചിത്രം നേടിയ ഒരു മാസത്തെ കളക്ഷനും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു. 31 ദിവസങ്ങളിലെ കണക്കനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് 221.34 കോടി ആണെന്നാണ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്ന കണക്ക്. അതുകൊണ്ടി തന്നെ അജയ് ദേവ്ഗണിന്റെ താരമൂല്യം വര്‍ധിപ്പിക്കുന്ന ചിത്രം കൂടിയായി ദൃശ്യം 2 മാറി.
ഈ വര്‍ഷം ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ച ചിത്രീകരണം ജൂണിലാണ് അവസാനിച്ചത്. ഹൈദരാബാദിലായിരുന്നു പാക്കപ്പ്. ജൂണ്‍ 21നായിരുന്നു ചിത്രീകരണം അവസാനിച്ചത്. അതേസമയം, ചിത്രം 300 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. ദൃശ്യം രണ്ടാം ഭാഗത്തില്‍ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്.