‘കഥ പറയുന്നതിനിടയില്‍ സുരേഷ് ഗോപി എഴുന്നേറ്റ് പോയി, വാങ്ക് വിളിച്ചപ്പോള്‍ നോമ്പ് തുറക്കല്‍ സാധനങ്ങളെത്തി’ ; സുരേഷ് ഗോപിയെക്കുറിച്ച് സംവിധായകന് സമദ് മങ്കട
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. എല്ലാകൊണ്ടും പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി എന്ന നടന്. സിനിമയിലൂടെ ഒരു കാലത്ത് സുരേഷ് ഗോപി ഉണ്ടാക്കിയെടുത്ത ആരാധകര്‍ നിരവധിയാണ്. നിര്‍ധനരുടെ സങ്കടങ്ങളും ദുരിതങ്ങളും കേള്‍ക്കുമ്പോള്‍ തന്നാല്‍ കഴിയും വിധം സഹായിക്കാന്‍ സുരേഷ് ഗോപി ശ്രമിക്കാറുണ്ട്. നീണ്ട കാലത്തിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ മെഗാഹിറ്റിലേക്ക് കാലൊടുത്ത് വെച്ചിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകന് സമദ് മങ്കട. നടന്റെ അടുത്ത് കിച്ചാമണി എംബിബിഎസ് എന്ന ചിത്രത്തിന്റെ കഥപറയാന്‍ പോയ അനുഭവമാണ് സംവിധായകന് പങ്കുവച്ചത്.
സുരേഷേട്ടനെ വച്ച് സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം. പക്ഷെ പുള്ളി ചെയ്യുമോ എന്നറിയില്ല കാരണം അദ്ദേഹം ചെയ്യുന്ന സിനിമകളുടെ പാറ്റേണിലുള്ളതല്ലായിരുന്നു. കൊച്ചിന് ഹനീഫക്കയെക്കൊണ്ട് പറയിപ്പിക്കാമെന്നായിരുന്നു കരുതിയിരുന്നത്. അദ്ദേഹം പറഞ്ഞാല്‍ എല്ലാവരും കേള്‍ക്കും. ഹനീഫ്ക്കയെ എല്ലാവര്ക്കും ഇഷ്ടമാണ്. ഹനീഫ്ക്കയും ഞാനും സലീം ഹില്‍ടോപ്പും ചേര്‍ന്നാണ് സുരേഷേട്ടനെ കാണാന്‍ പോകുന്നത്. ഹനീഫ്ക്കയാണ് പരിചയപ്പെടുത്തുന്നത്. ഇത് സമദ് മങ്കട. ആനച്ചന്തം, മധുചന്ദ്രലേഖ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഒരു കഥയുണ്ട്. സംവിധാനം ചെയ്യാനാണ് ആഗ്രഹം. ഈ കഥയൊന്ന് കേട്ടു നോക്കൂ. കേട്ടിട്ട് തീരുമാനിക്കാം എന്ന് പറഞ്ഞു. ഞാന്‍ കേട്ടു, എനിക്ക് ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞു. അങ്ങനെ ഞങ്ങള്‍ കഥ പറഞ്ഞു തുടങ്ങിയെന്നും സമദ് പറയുന്നു.
കഥ കേള്‍ക്കുന്നതിനിടയില്‍ നോമ്പുണ്ടോ എന്ന് ചോദിച്ചു. അന്ന് റംസാന് നോമ്പിന്റെ സമയമായിരുന്നു. ഞാന്‍ ഉണ്ടെന്ന് പറഞ്ഞു. പിന്നെ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം എഴുന്നേറ്റ് പോയി. ആരെയോ ഫോണ്‍ ചെയ്യാനായിരുന്നു. കഥ പറഞ്ഞ് അങ്ങനെ എതാണ്ട് നോമ്പ് തുറക്കാനുള്ള വാങ്കിന്റെ സമയമായിരുന്നു. ഈ സമയത്ത് ഞങ്ങള്‍ക്ക് മുന്നിലേക്ക് ജ്യൂസും പഴങ്ങളുമൊക്കെ എത്തി. നേരത്തെ അദ്ദേഹം എഴുന്നേറ്റ് പോയി ഫോണ്‍ ചെയ്തത് ഇതൊക്കെ റെഡിയാക്കാനായിരുന്നു. കഥ പറഞ്ഞ് നിര്‍ത്തിയ ശേഷം എന്താകും തീരുമാനം എന്നറിയാനായി ഞങ്ങള്‍ കാത്തു നിന്നു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് ചര്‍ച്ച ചെയ്തു. ക്യാമറ സുകുമാര്‍ ചെയ്യണമെന്ന ഒരു നിര്‍ദ്ദേശമേ സുരേഷേട്ടന് പറഞ്ഞുള്ളൂവെന്നും സമദ് വ്യക്തമാക്കി.