‘ഫൈറ്റും ഡാന്‍സുമില്ലാതെ അഭിനയം മാത്രം ചെയ്യണമെന്ന് വിജയ്ക്ക് ആഗ്രഹമുണ്ട്, പക്ഷേ ഫാന്‍സിനെ ഭയമാണ് ‘ ; വെളിപ്പെടുത്തലുമായി ഫാസില്‍
തമിഴ് നടന് വിജയിയെ മുന്‍നിര നായകന്മാരില് ഒരാള്‍ ആക്കിയതില്‍ മലയാളി സംവിധായകനായ ഫാസിലിനും വലിയൊരു പങ്കുണ്ട്. തമിഴ്നാട്ടില്‍ വിജയിയെ അറിയപ്പെടുന്ന സിനിമാ നടനായി മാറ്റിയ സിനിമയായിരുന്നു കാതലുക്ക് മരിയാതെ. ഈ ചിത്രം സംവിധാനം ചെയ്തത് ഫാസില്‍ ആണ്. അനിയത്തി പ്രാവിന്റെ തമിഴ് റീമേക്ക് ആയിരുന്നു കാതലുക്ക് മരിയാതെ എന്ന ചിത്രം. ഈ ചിത്രത്തിന്റെ വിജയം താരത്തിന്റെ കരിയറില്‍ തന്നെ വലിയ രീതിയില്‍ മാറ്റങ്ങളുണ്ടാക്കി.
ഇപ്പോഴിതാ വിജയ്യെക്കുറിച്ച് ഫാസില്‍ പറഞ്ഞ് വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ഫൈറ്റും ഡാന്‍സും ഒന്നുമില്ലാതെ അഭിനയം മാത്രം ചെയ്യണമെന്ന് അദ്ദേഹത്തിനുണ്ടെന്നും പക്ഷെ ഫാന്‍സിന് ഈ പടങ്ങള്‍ ഇഷ്ടപ്പെടുമോ എന്ന ഭയമാണ് വിജയിക്കുള്ളതെന്നും ഫാസില്‍ പറയുന്നു. മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മദ്രാസില്‍ ഞാന്‍ താമസിക്കുന്ന സ്ഥലത്തേക്ക വിജയിയെ കൂട്ടികൊണ്ടുവരുന്നത് വിജയിയുടെ അച്ഛനാണ്. ഇതെന്റെ മകന് ആണെന്നും നല്ല റോള്‍ ഉണ്ടെങ്കില്‍ നല്‍കണമെന്നും വിജയിയുടെ അച്ഛന് തന്നോട് പറഞ്ഞുവെന്നും ഫാസില്‍ പറയുന്നു.
ആ സമയത്ത് ഞാന്‍ അനിയത്തിപ്രാവ് ചിത്രത്തിന്റെ കഥാരചനയുടെ വര്‍ക്കിലായിരുന്നു. വിജയ് കയറിവന്നപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ നടത്തത്തിലും ശരീരഭാഷയിലും ഒരു നടന് ഒളിഞ്ഞിരുപ്പുണ്ടെന്ന് മനസിലായി. സിനിമ ചെയ്യാമെന്ന് കണ്ടപ്പോള്‍തന്നെ പറഞ്ഞു. കാതലുക്ക് മരിയാതെ വിജയ്ക്ക് കൊടുത്ത മെറിറ്റ് എന്താണെന്ന് വെച്ചാല്‍ ആ പടം സൂപ്പര്‍ സക്സസ് ആയിരുന്നു. അതുകൊണ്ട് തന്നെ തമിഴ്നാട്ടിലെല്ലായിടത്തും അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയെന്നും ഫാസില്‍ കൂട്ടിച്ചേര്‍ത്തു.
ഒരു നല്ല അഭിനേതാവായി അഭിനയിച്ചാല്‍ കൊള്ളാമെന്ന് വിജയിക്ക് നല്ല ആഗ്രഹമുണ്ടെന്ന് തനിക്ക് പല തവണ തോന്നിയിട്ടുണ്ട്. ഈ ഫൈറ്റും ഡാന്‍സും ഒന്നുമില്ലാതെ അഭിനയം മാത്രം ചെയ്യണമെന്ന് വിജയിക്കുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ഫാന്‍സിന് ഈ സിനിമകള്‍ ഇഷ്ടപ്പെടുമോ എന്ന ഭയമാണ് അദ്ദേഹത്തിനുള്ളതെന്ന് അദ്ദേഹം ഒരിക്കല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഫാസില്‍ വ്യക്തമാക്കുന്നു. വിജയ് ഇന്റലിജന്റ് ആയ ആക്ടര്‍ ആണ്. ആക്ഷന്‍, ഡാന്‍സ് എന്നിവ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന നടനാണ് വിജയ് എന്നും ഫാസില്‍ പറഞ്ഞു.