”കിഷ്‍കിന്ധാ കാണ്ഡ’ത്തിലെ വിജയരാഘവന്‍റെ വേഷം അഞ്ഞൂറാനെ മനസ്സിൽ കണ്ടെഴുതിയത്’: ദിൻജിത്ത് അയ്യത്താൻ
1 min read

”കിഷ്‍കിന്ധാ കാണ്ഡ’ത്തിലെ വിജയരാഘവന്‍റെ വേഷം അഞ്ഞൂറാനെ മനസ്സിൽ കണ്ടെഴുതിയത്’: ദിൻജിത്ത് അയ്യത്താൻ

‘സൺഡേ ഹോളിഡേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിച്ചിരിക്കുന്ന പുതിയ ചിത്രമായ ‘കിഷ്‍കിന്ധാ കാണ്ഡം’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറുകയാണ്. ഓണച്ചിത്രങ്ങളിൽ പ്രേക്ഷക – നിരൂപക പ്രശംസ ഒരുപോലെ ലഭിച്ചിരിക്കുകയാണ് കിഷ്‍കിന്ധ കാണ്ഡത്തിന്. ചിത്രത്തിൽ ഏറെ വ്യത്യസ്തമായൊരു വേഷത്തിലാണ് വിജയരാഘവന്‍ എത്തിയിരിക്കുന്നത്. വിജയരാഘവൻ അവതരിപ്പിച്ചിരിക്കുന്ന അപ്പുപ്പിള്ള എന്ന കഥാപാത്രത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. ഈ വേഷത്തിലേക്ക് വിജയരാഘവനെ കാസ്റ്റ് ചെയ്തതിന് പിന്നിലെ ചില വിശേഷങ്ങളെ പറ്റി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ.

”സിനിമയുടെ തിരക്കഥ ഒരിക്കുന്ന സമയത്ത് തിരക്കഥാകൃത്ത് ബാഹുല്‍ രമേശ് പല കഥാപാത്രങ്ങള്‍ക്കും പഴയ സിനിമയില്‍ നിന്നുള്ള റഫറന്‍സ് നോക്കിയിരുന്നു. ആ കഥാപാത്രങ്ങളുടെ മീറ്റർ പിടിക്കുകയായിരുന്നു പ്രധാനം. അപ്പുപ്പിള്ളയുടെ ക്യാരക്റ്റര്‍ റഫറന്‍സ് ‘ഗോഡ് ഫാദറി’ൽ അഞ്ഞൂറാനായെത്തിയ എന്‍.എന്‍.പിള്ള സാറിന്‍റേതായിരുന്നു. പക്ഷേ ആ സമയത്തൊന്നും ഞങ്ങളുടെ മനസ്സിൽ ഈ വേഷം അദ്ദേഹത്തിന്‍റെ മകനായ വിജയരാഘവൻ ചെയ്യണമെന്നൊന്നും ഇല്ലായിരുന്നു.

വളരെ യാദൃച്ഛികമായാണ് അദ്ദേഹത്തെ ഈ വേഷത്തിലേക്ക് കാസ്റ്റ് ചെയ്യാനായി ഞങ്ങള്‍ തീരുമാനിക്കുകയുണ്ടായത്. പിള്ള സാര്‍ ചെയ്തിട്ടുള്ളതുപോലുള്ള ഏറെ കര്‍ക്കശക്കാരനായ കഥാപാത്രമാണ് അപ്പുപ്പിള്ളയുടേതും. ഞങ്ങള്‍ വിചാരിച്ചതിനുമപ്പുറം അപ്പുപ്പിള്ളയെ അദ്ദേഹം മനോഹരമാക്കിയിട്ടുണ്ട്”, ദിൻജിത്ത് അയ്യത്താൻ പറ‍ഞ്ഞിരിക്കുകയാണ്.

അപ്പുപ്പിള്ളയായി വിജയരാഘവൻ ജീവിക്കുകയാണെന്നാണ് പ്രേക്ഷകരുടേയും അഭിപ്രായം. വാക്കിലും നോക്കിലും ചലനങ്ങളിലും സംഭാഷണങ്ങളിലുമൊക്കെ അടിമുടി അപ്പുപ്പിള്ളയായാണ് വിജയരാഘവന്‍റെ പകർന്നാട്ടം. അപ്പുപ്പിള്ളയുടെ മകനായ അജയചന്ദ്രന്‍റെ വേഷത്തിൽ ആസിഫ് അലിയും അജയന്‍റെ ഭാര്യയുടെ വേഷത്തിൽ അപർണ ബാലമുരളിയും ശ്രദ്ധേയ വേഷങ്ങളിലാണ് സിനിമയിലുള്ളത്. കൂടാതെ ജഗദീഷ്, അശോകൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങി വലിയൊരു താരനിര തന്നെയാണ് സിനിമയിലുള്ളത്.