‘മമ്മൂക്ക അഭിനയിച്ച ആ സിനിമയുടെ റഫ് കട്ട് കണ്ടപ്പോൾ കൊള്ളില്ലെന്നു തോന്നി, പിന്നെ തിയേറ്ററില്‍ പോയി കണ്ടപ്പോള്‍ കരഞ്ഞു പോയി’ : ധ്യാന്‍ ശ്രീനിവാസന് തുറന്നു പറയുന്നു
2007 ല്‍ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ‘ കഥ പറയുമ്പോള്‍’. മമ്മൂട്ടിയായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. എം മോഹനന് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍മ്മിച്ചത് ശ്രീനിവാസനാണ്. വന്‍ ഹിറ്റായ ചിത്രം വാണിജ്യ വിജയവും നിരൂപക പ്രശംസയും പിടിച്ചു പറ്റിയിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തെ ഇന്നും മലയാളികള്‍ മറന്നിട്ടില്ല. ഇപ്പോഴിതാ, ആ സിനിമയെ പറ്റിയും മമ്മൂട്ടിയുടെ പ്രകടനത്തെ പറ്റിയും തുറന്നു പറഞ്ഞിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്.
‘ കഥ പറയുമ്പോള്‍’ എന്ന ചിത്രം ഫസ്റ്റ് എഡിറ്റ് ചെയ്ത ശേഷം താന്‍ കണ്ടതാണ്. അപ്പോള്‍ തോന്നിയത് പടം കൊള്ളില്ലെന്നും, ഇത് തിയേറ്ററില്‍ പൊട്ടിപോകുമെന്നാണ്. എന്തിനാണ് അച്ഛന് ചെയ്തത് എന്ന് വരെ തോന്നി പോയിരുന്നു. എന്നാല്‍ ചിത്രം റിലീസ് ആയി തിയേറ്ററില്‍ പോയി കണ്ടപ്പോള്‍ തന്റെ കണക്കു കൂട്ടല്‍ ഒക്കെ തെറ്റിപോയെന്നും,ചിത്രം കണ്ട് താന്‍ പൊട്ടികരഞ്ഞെന്നുമാണ് ധ്യാന്‍ പറയുന്നത്. അപ്പോഴാണ് തനിക്ക് സൗണ്ടിനും മ്യൂസികിനും സിനിമയിലുള്ള പ്രാധ്യാന്യം എന്താണെന്ന് മനസ്സിലായത്. കൂടാതെ, മമ്മൂക്കയെ പോലെ ഇത്രയും ഭംഗിയായി ഡബ് ചെയ്യുന്ന വേറൊരു നടനില്ല. ഡബ്ബിങ് കൊണ്ട് ആ രംഗത്തെ പത്ത് മടങ്ങ് ലിഫ്റ്റ് ചെയ്തു എന്നതാണ് സത്യം. അദ്ദേഹത്തിന് എങ്ങനെ ഇത്രയും ഭംഗിയായി ഡബ് ചെയ്യാന്‍ പറ്റിയെന്നു വരെ തോന്നിയെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
‘പ്രകാശന് പറക്കട്ടെ’ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യുബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. നവാഗതനായ ഷഹദാണ് പ്രകാശന് പറക്കട്ടെ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്റെതാണ് തിരക്കഥ. ജൂണ്‍ 17ന് തിയേറ്ററില്‍ എത്തിയ ചിത്രം സമ്മിശ്ര പ്രതികരണത്തോടെയാണ് പ്രദര്‍ശനം തുടരുന്നത്. പുതുമുഖം മാളവിക മനോജ് ആണ് നായിക. നിഷ സാരംഗ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്, ഗോവിന്ദ് പൈ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.