
അനേകായിരം ജീവിതങ്ങളെ മാറ്റിമറിച്ച അധ്യാപകൻ! ബാല സാറായി ധനുഷിന്റെ അതിശയിപ്പിക്കുന്ന പകർന്നാട്ടം, ‘വാത്തി’ റിവ്യൂ വായിക്കാം
ആരാണൊരു വിപ്ലവകാരി? ആരാണൊരു സാമൂഹ്യ പരിഷ്കർത്താവ്? ആരാണൊരു നവോത്ഥാന നായകൻ? മനുഷ്യനെ മനഷ്യനായി കണ്ട് അവരുടെ എല്ലാ തലത്തിലുമുള്ള ഉന്നമനത്തിനായി കൈ മെയ് മറന്ന് പോരാടുന്നവരെയാണ് നാം അത്തരത്തിൽ അഭിസംബോധന ചെയ്യാറുളളത്. അങ്ങനെ നോക്കുമ്പോൾ ‘വാത്തി’ ഒരു വിപ്ലവകാരിയുടെ കഥയാണ്. വിദ്യാഭ്യാസം എല്ലാവരുടേയും അവകാശമാണെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ ഒരു നവോത്ഥാന നായകന്റെ കഥ.
ബാലമുരുകൻ എന്ന അധ്യാപകന്റെ സംഭവഹുലമായ ജീവിതകഥയാണ് ഇന്ന് തീയേറ്ററുകളിലെത്തിയ ‘വാത്തി’ എന്ന ചിത്രം പറഞ്ഞുവയ്ക്കുന്നത്. ഒരു കുഗ്രാമത്തിലെ ഒരു കൂട്ടം വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി തന്റെ ജീവിതം പോലും വകവയ്ക്കാതെ പോരാടിയ ഒരു അധ്യാപകന്റെ ത്രസിപ്പിക്കുന്ന കഥയാണ് സിനിമയുടെ പ്രമേയം. ആ അധ്യാപകന് മുന്നിൽ കാലഘട്ടം നമിച്ചു നിന്നതിന്റെ സത്യസന്ധമായ ആവിഷ്കാരമായിരിക്കുകയാണ് തെലുങ്ക് സംവിധായകൻ വെങ്കി ആറ്റ്ലുരി കഥയെഴുതി സംവിധാനം ചെയ്ത ‘വാത്തി’.
ധനുഷ് അവതരിപ്പിക്കുന്ന ബാലമുരുകൻ എന്ന ജൂനിയർ ലെക്ചറുടെ കഥാപാത്രത്തിലൂടെയാണ് സിനിമ വികസിക്കുന്നത്. തിരുപ്പതി എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തേർഡ് ഗ്രേഡ് ജൂനിയർ ലെക്ച്ചററായി ജോലിക്കു കയറുന്ന ബാലമുരുകൻ നേരിടുന്ന പ്രശ്നങ്ങളും ശേഷം ബാലയും മാനേജ്മെന്റും തമ്മിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും സിനിമയുടെ കഥാഗതിയിൽ നിർണ്ണായകമായി വരുന്ന സന്ദർഭങ്ങളാണ്. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി സമുദ്രക്കനി പ്രതിനായക വേഷത്തിൽ ചിത്രത്തിലുണ്ട്. മീനാക്ഷി എന്ന അധ്യാപികയായി സംയുക്തയും സിനിമയിൽ നായിക വേഷത്തിൽ എത്തിയിട്ടുണ്ട്. ധനുഷിന്റെ അച്ഛന്റെ വേഷത്തിൽ ആടുകളം നരേയ്നും മാമനായി ഹരീഷ് പേരടിയും സിനിമയിലുണ്ട്.
വിദ്യാഭ്യാസ കച്ചവടവുമായി ബന്ധപ്പെട്ട ഒട്ടേറെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് ‘വാത്തി’ അവതരിപ്പിച്ചിരിക്കുന്നത്. ഈയൊരു പ്രമേയത്തിന്റെ ശക്തി കൊണ്ടും, ചടുലമായ അവതരണം കൊണ്ടും ഒരു ക്ലാസ് ആൻഡ് മാസ്സ് സോഷ്യൽ ഡ്രാമയായി ‘വാത്തി’യെ പരിഗണിക്കാം. ”വിദ്യാഭ്യാസമെന്നത് പ്രസാദം പോലെ നൽകണം, ഫൈവ് സ്റ്റാർ ഹോട്ടലിലെ ഭക്ഷണം പോലെയല്ല” എന്ന് സിനിമയിൽ ഒരിടത്ത് ധനുഷ് അവതരിപ്പിക്കുന്ന ബാല സാർ എന്ന കഥാപാത്രം പറയുന്നുണ്ട്. അതുപോലെ തന്നെ ”നിങ്ങൾ മനസ്സുവെച്ചാൽ എത്രയോടെ പേരുടെ ജീവിതം തന്നെ മാറ്റി മറയ്ക്കാൻ കഴിയും” എന്നൊരു ഡയലോഗുമുണ്ട്. ഇത്തരത്തിൽ ഒട്ടേറെ പ്രചോദനാത്മകമായ സംഭാഷണങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നതാണ്.
ബാലസാറായി ധനുഷ് പകരം വയ്ക്കാനാവാത്ത അഭിനയമികവാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച വേഷം ഏറെ അനായാസമായി അതോടൊപ്പം ഏറെ വൈകാരികമായി പ്രേക്ഷകരുടെ മനസ്സുകൾ തൊടുന്ന വിധം താരം അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ ആക്ഷൻ സ്വീക്വൻസുകളും ധനുഷിന്റെ സ്ക്രീൻ പ്രസൻസും അന്യായ ഫീൽ സമ്മാനിക്കുന്നുണ്ട്. മീനാക്ഷി എന്ന നായികാ കഥാപാത്രമായി വേഷമിട്ട സംയുക്ത മേനോനും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. വില്ലൻ വേഷത്തിൽ സമുദ്രക്കനിയും ശക്തമായ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. സായ് കുമാര്, തനികേല ഭരണി, തോട്ടപ്പള്ളി മധു, ആടുകളം നരേന്, ഇളവരശ്, രാജേന്ദ്രൻ, ഹരീഷ് പേരാടി. പ്രവീണ, കെൻ കരുണാസ്, മൊട്ട രാജേന്ദ്രൻ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്.
തെലുങ്കിൽ ഒരുക്കിയിട്ടുള്ള മുൻകാല ചിത്രങ്ങളിൽ വ്യത്യസ്തമായി വെങ്കി അറ്റ്ലൂരി എന്ന സംവിധായകൻ ‘വാത്തി’യെ അണിയിച്ചൊരുക്കിയിട്ടുണ്ട്. കമിങ് ഓഫ് ഏജ് വിഭാഗത്തിൽ പെടുന്ന രീതിയിൽ മുന്നേറുന്ന വാത്തി പ്രേക്ഷകരുമായി കണക്ട് ആകുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ കച്ചവടം എന്ന സാമൂഹിക പ്രസക്തമായ കഥാപശ്ചാത്തലം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിൽ കോമഡിയും റൊമാൻസും ആക്ഷനും വൈകാരിക മുഹൂർത്തങ്ങളം സന്ദേശവും കോർത്തിണക്കി അവതരിപ്പിക്കുന്നതിൽ വെങ്കി വിജയിച്ചിട്ടുണ്ട്. ജെ യുവരാജ് ഒരുക്കിയ മികച്ച ദൃശ്യങ്ങളും ജി വി പ്രകാശിന്റെ സംഗീതവും സിനിമയെ ഏറെ ആകർഷകമാക്കിയിട്ടുണ്ട്. എഡിറ്റർ നവീൻ നൂലിയുടെ ചിത്ര സംയോജന മികവും സിനിമയിലെ എടുത്തുപറയേണ്ട ഘടകങ്ങളാണ്.