ഹിറ്റോട് ഹിറ്റ്! ഒന്‍പത് ദിവസം കൊണ്ട് ഒരു കോടി കാഴ്ചക്കാര്‍; തുടര്‍ച്ചയായി യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമത്; ചാക്കോച്ചന്റെ ‘ദേവദൂതര്‍ പാടി’ ചരിത്രം കുറിക്കുന്നു
1 min read

ഹിറ്റോട് ഹിറ്റ്! ഒന്‍പത് ദിവസം കൊണ്ട് ഒരു കോടി കാഴ്ചക്കാര്‍; തുടര്‍ച്ചയായി യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമത്; ചാക്കോച്ചന്റെ ‘ദേവദൂതര്‍ പാടി’ ചരിത്രം കുറിക്കുന്നു

സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുന്ന ‘ദേവദൂതര്‍ പാടി’ എന്ന പാട്ടിന്റെ റീമിക്‌സ് യൂട്യൂബില്‍ ഒന്‍പത് ദിവസം കൊണ്ട് കണ്ടത് ഒരു കോടി ജനങ്ങള്‍. വന്‍ ഹിറ്റായ പാട്ട് തുടര്‍ച്ചയായി യൂട്യൂബ് ട്രെന്‍ഡിംഗിലും ഒന്നാംസ്ഥാനത്താണ്. പാട്ടിനൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ നൃത്ത ചുവടുകളും വൈറലായിരിക്കുകയാണ്. നിരവധി പേരാണ് പാട്ടിനൊപ്പം ചുവട് വെച്ച കുഞ്ചോക്കോ ബോബനെ അനുകരിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും പോസ്റ്റുകള്‍ ഇടുന്നത്.

 

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ ഈ പാട്ടിന് വ്യത്യസ്തമായൊരു ചുവടു വയ്ക്കുന്നത്. 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരതന്‍ സംവിധാനം ചെയ്ത ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ഗാനമാണ് ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെയാണ് ഈ ഗാനം പുനരാവിഷ്‌കരിക്കപ്പെട്ടത്. ആ ചിത്രത്തില്‍ മമ്മൂട്ടിയും സരിതയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒഎന്‍വി കുറുപ്പ് രചിച്ച യഥാര്‍ത്ഥ ഗാനത്തിന് ഈണം നല്‍കിയത് ഔസേപ്പച്ചന്‍ ആണ്. ഈ ചിത്രത്തിലെ ഗാനങ്ങള്‍ നേടിയ ഗംഭീര വിജയത്തോടെയാണ് ഔസേപ്പച്ചന്‍ താരപദവിയിലേക്ക് ഉയര്‍ന്നത്. ഡോണ്‍ വിന്‍സെന്റ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. യേശുദാസ് പാടിയ പഴയ പതിപ്പിന്റെ സ്ഥാനത്ത് പുതിയ പതിപ്പ് പാടിയിരിക്കുന്നത് ബിജു നാരായണന്‍ ആണ്.

അതേസമയം, കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തില്‍ തന്നെ ഏറ്റവും വ്യത്യസ്ത രൂപത്തിലും ഭാവത്തിലും എത്തുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. ഇതുവരെ കാണാത്ത വ്യത്യസ്തമായൊരു ടീസറും പോസ്റ്ററുകളും വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 11ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.