‘മാളികപ്പുറത്തമ്മയെ പറ്റി പറഞ്ഞു പരത്തിയ കഥയില്‍ സത്യങ്ങള്‍ മൂടി വെക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് ‘മാളികപ്പുറം’; ദീപ വര്‍മ്മ
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദന് നായകനായി എത്തുന്ന മാളികപ്പുറം. ക്രിസ്മസ് റിലീസായി തിയേറ്ററില്‍ എത്താന്‍ കാത്തിരിക്കുന്ന സിനിമയാണിത്. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകരും, അയ്യപ്പഭക്തരും. ഉണ്ണിമുകുന്ദനെ കൂടാതെ ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എട്ടു വയസ്സുള്ള കല്യാണി എന്ന കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ്’മാളികപ്പുറം’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ മികച്ച സ്വീകരണമാണ് ലഭിച്ചത്.
ഇപ്പോഴിതാ, പന്തളം കൊട്ടാരത്തിലെ അംഗമായ ദീപ വര്‍മ്മ ഒരു പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ശബ്ദത്തില്‍ പുറത്തിറങ്ങിയ സിനിമയുടെ വീഡിയോ പോസ്റ്റ് ചെയ്താണ് ദീപ വര്‍മയുടെ പോസ്റ്റ്. മാളികപ്പുറത്തമ്മയെ പറ്റി പറഞ്ഞു പരത്തിയ കഥയില്‍ സത്യങ്ങള്‍ മൂടി വെക്കാന്‍ ശ്രമിച്ചവര്‍ക്ക് ഉള്ളമറുപടി ആണ് ”മാളികപ്പുറം ” എന്ന സിനിമ. എന്നാണ് ദീപ വര്‍മ്മ കുറിപ്പില്‍ പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം…
ശബരിമലയാന് തുണൈ
ഒരു നുണ എത്ര ആവര്‍ത്തിച്ചാലും അത് നുണ തന്നെ ആയിരിക്കും… സത്യം എത്ര നുണകൊണ്ടു മൂടപ്പെട്ടാലും അത് ഒരു നാള് പുറം ലോകം അറിഞ്ഞേ തീരു…
സത്യം സൂര്യനെപ്പോലെ അത്രേ!.. അസ്തമിച്ചാല് ഉദിച്ചെ തീരു! ഇത് പ്രകൃതി നിയമം… മാളികപ്പുറത്തമ്മയെ പറ്റി പറഞ്ഞു പരത്തിയ കഥയില്‍ സത്യങ്ങള്‍ മൂടി വെക്കാന്‍ ശ്രെമിച്ചവര്‍ക്ക് ഉള്ളമറുപടി ആണ് ഇത്. ”മാളികപ്പുറം ” എന്ന സിനിമ.. നുണകൊണ്ടു ഉരുക്കു മലയുണ്ടാക്കി മലയ്ക്ക് മുകളില്‍ കോട്ട കെട്ടിയവര്‍ക്കുള്ള മറുപടി ആണ് ഈ സിനിമ…അഗ്നിയില്‍ സ്ഫുടം ചെയ്ത വിശുദ്ധിയുടെ കിരണങ്ങളുമായി നുണക്കൊട്ടാരങ്ങളും ഉരുക്കുകോട്ടകളും ഉരുക്കി ഇല്ലാതാക്കാന്‍ ഈശ്വരേച്ഛയില്‍ ജന്മം കൊണ്ട ഒരാള്‍ ആണ് അയ്യപ്പന് …
അതേസമയം, ചിത്രത്തിന്റെ ട്രെയ്ലര് പങ്കുവെച്ചുകൊണ്ട് നടന് ഉണ്ണിമുകുന്ദനും കുറിപ്പുമായി രംഗത്ത് വന്നിരുന്നു. ‘മാളികപ്പുറം എനിക്ക് ഒരു സിനിമ മാത്രമല്ല ഒരു നിയോഗം കൂടിയാണെന്നും, ഈ മണ്ഡലകാലത്ത് തന്നെ ചിത്രം തിയേറ്ററില്‍ എത്തുന്നു എന്നത് ഒരു അനുഗ്രഹമായി കാണുന്നുവെന്നാണ് ഉണ്ണിമുകുന്ദന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.