“ലാല്‍കൃഷ്ണ വിരാടിയാര്‍” വീണ്ടും വരുന്നു; പ്രഖ്യാപിച്ച് ഷാജി കൈലാസ്
സുരേഷ് ഗോപി തകര്‍ത്തഭിനയിച്ച ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം വരുന്നുവെന്ന സൂചന നല്കി ചിത്രത്തിന്റെ സംവിധായകന് ഷാജി കൈലാസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഷാജി കൈലാസ് ഈ വിവരം സിനിമാപ്രേമികളുമായി പങ്കുവച്ചിരിക്കുന്നത്. അതേസമയം, വലിയ പ്രതികരണമാണ് ഈ പ്രഖ്യാപനത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.
https://www.instagram.com/p/CoZ3OJeP_yG/?utm_source=ig_web_copy_link
”ഞങ്ങള്‍ മുന്നോട്ട്” എന്ന് കുറിച്ചു കൊണ്ട് ഷാജി കൈലാസ് തന്നെയാണ് സിനിമയുടെ പ്രഖ്യാപന പോസ്റ്റര്‍ പുറത്തുവിട്ടത്. അലമാരയില്‍ അടുക്കി വച്ചിരിക്കുന്ന നിയമ പുസ്തകങ്ങളില്‍ സുരേഷ് ഗോപിയുടെ മുഖം തെളിയും വിധമാണ് ചിത്രത്തിന്റെ പോസ്റ്റര്‍. ലാല്‍കൃഷ്ണ വിരാടിയാര്‍ എന്ന വക്കീല്‍ കഥാപാത്രമായി തകര്‍ത്തഭിനയിച്ച സുരേഷ് ഗോപിയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം.
തന്റെ മറ്റൊരു ചിത്രത്തിന്റെ പൂജ ചടങ്ങില്‍ പങ്കെടുക്കവെ ചിന്താമണി കൊലക്കേസ് രണ്ടാംഭാഗത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത് ഇപ്രകാരമായിരുന്നു.. അതിന്റെ ഇന്റര്‍വെല്‍ വരെ വായിച്ചിട്ടുണ്ട്. ഞാന്‍ കേട്ടിട്ടില്ല. ഷാജി കേട്ടു. അതിന്റെ രണ്ടാം പകുതിയുടെ എഴുത്തിലാണ് സാജന്. അതും ഉടനെ ഉണ്ടാവുമെന്നാണ് വിചാരിക്കുന്നത്, സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു.
കോടതിയില്‍ കുറ്റവാളികള്‍ക്ക് വേണ്ടി കേസ് വാദിച്ച് ജയിപ്പിച്ച ശേഷം, പുറത്തുവച്ച് നീതി നടപ്പാക്കുന്ന അഭിഭാഷകനായാണ് സുരേഷ് ഗോപി എത്തുന്നത്. 2006ല്‍ ആയിരുന്നു ആദ്യ ഭാഗം പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തില്‍ ഭാവന ആയിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തിലകന്, ബിജു മേനോന്, കലാഭവന്‍ മണി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു. തെലുങ്കില്‍ ‘മഹാലക്ഷ്മി’ എന്ന പേരിലും തമിഴില്‍ ‘എല്ലാം അവന് സെയ്യാല്‍’ എന്ന പേരിലും ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്. അതേസമയം, ചിന്താമണി കൊലക്കേസ് സുരേഷ് ഗോപിയുടെ കരിയറിലെ ശ്രദ്ധേയ ഹിറ്റുകളില്‍ ഒന്നായിരുന്നു.