ചതിയുടെ കാണാക്കാഴ്ചകളിലൂടെ ഒരു റോളർകോസ്റ്റർ റൈഡ്! ‘ചെക്ക് മേറ്റ്’ റിവ്യൂ വായിക്കാം
പുതുമയുള്ളൊരു കഥ, പുത്തൻ കാഴ്ചകളുടെ ലോകം, പുതുപുത്തൻ ജീവിതങ്ങളിലൂടെയൊരു സഞ്ചാരം. അനൂപ് മേനോൻ നായകനായി ഇന്ന് തിയേറ്ററുകളിലെത്തിയ ‘ചെക്ക് മേറ്റ്’ എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കാം. മാറിക്കൊണ്ടിരിക്കുന്ന മലയാള സിനിമയുടെ ചുവടുപിടിച്ചുകൊണ്ട് മലയാളികൾക്ക് ഇതുവരെ കാണാത്തതും കേൾക്കാത്തതും അനുഭവിക്കാത്തതുമായ ഒരു പുതിയ ലോകം പരിചയപ്പെടുത്തിയിരിക്കുകയാണ് ചിത്രം. പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ചിരിക്കുന്ന ‘ചെക്ക് മേറ്റ്’ പറയുന്നത് സ്വന്തം നിലനിൽപ്പിനായി എന്തും ചെയ്യാൻ മടിയില്ലാത്ത ഫിലിപ്പ് കുര്യൻ എന്നൊരു അമേരിക്കൻ മലയാളിയുടേയും അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവരുടേയും കഥയാണ്.
പാലായിൽ നിന്ന് മെഡിക്കൽ റെപ്പറസെന്റേറ്റീവായി അമേരിക്കയിൽ എത്തിപ്പെട്ട ഫിലിപ്പ് കുര്യൻ എന്നയാള് ലോകമറിയുന്ന ഫാർമ്മ കമ്പനിയുടെ ഉടമയായി മാറുന്നതും തുടര്ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമൊക്കെയാണ് ‘ചെക്ക് മേറ്റ്’ പറഞ്ഞുവയ്ക്കുന്നത്. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങൾ മൂലം ഭാര്യ അഞ്ജലിയിൽ നിന്ന് വിവാഹമോചനം നേടാനിരിക്കുകയാണയാള്. അതിനിടെയാണ് അയാള് പേഴ്സണൽ സെക്രട്ടറി ആനിയുമായി അടുക്കുന്നത്, പക്ഷേ അതിനിടയിൽ അയാളുടെ ജീവിതത്തിലേക്ക് ജെസ്സി എന്നൊരു സ്ത്രീ അവിചാരിതമായി കടന്നുവരികയാണ്.
അനുനിമിഷം മാറി മറിയുന്ന മനുഷ്യ മനസ്സുകളുടെയാണ് തുടർന്ന് സിനിമ മുന്നോട്ടുപോകുന്നത്. ഫിലിപ്പിന്റെ കമ്പനിയിൽ വികസിപ്പിച്ചെടുത്തൊരു വാക്സിന്റെ ക്ലിനിക്കൽ ട്രയലിനിടെ ഒരു കുട്ടി മരണപ്പെടുകയാണ്. എന്നാൽ ഒരാളുടെ മരണം അനേകരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ളൊരു വാക്സിന്റെ പരീക്ഷണത്തിനിടയിലാണെങ്കിൽ അതിൽ എന്താണ് തെറ്റെന്നാണ് ഫിലിപ്പിന്റെ പക്ഷം. ചതികളിലൂടെയും സ്വാർത്ഥ ലാഭത്തിലൂന്നിയും കെട്ടിപ്പടുത്ത അയാളുടെ സാമ്രാജ്യത്തിന് പിന്നീട് എന്ത് സംഭവിച്ചുവെന്നാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
പൂർണ്ണമായും നോൺലീനിയർ രീതിയിൽ ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മൈൻഡ് ഗെയിം ത്രില്ലറായി അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നവാഗതനായ രതീഷ് ശേഖർ ഏറെ മികവുറ്റ രീതിയിലാണ് ചെയ്തിരിക്കുന്നത്. ദൃശ്യങ്ങൾ കൊണ്ടും ശബ്ദവിന്ന്യാസങ്ങൾ കൊണ്ടും അവതരണമികവ് കൊണ്ടും തിയേറ്ററുകളിൽ തന്നെ കണ്ടാസ്വദിക്കേണ്ട ഒരു ചിത്രമാണ് ചെക്ക് മേറ്റ് എന്ന് നിസ്സംശയം പറയാം.
ഫിലിപ്പ് കുര്യനായി അനൂപ് മേനോന്റെ കരിയറിൽ തന്നെ മികച്ച പെർഫോമൻസാണ് ചിത്രത്തിലേത്. ഡേവിഡ് എന്ന ഡോണായി ലാലും പ്രതിനായക വേഷം മനോഹരമാക്കിയിട്ടുണ്ട്. പുതുമുഖമായ രേഖ ഹരീന്ദ്രനാണ് ചിത്രത്തിൽ ജെസ്സി ആയെത്തിയിരിക്കുന്നത്. പല ലെയറുകളുള്ള വേഷം ഏറെ ഭംഗിയായി രേഖ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവരുടെ പ്രകടനങ്ങളും ഏറെ മികച്ചുനിന്നു. അന്താരാഷ്ട്ര നിലവാരമുള്ള രീതിയിലുള്ള സ്റ്റൈലിഷ് മേക്കിംഗ് ചെക്ക് മേറ്റിനെ ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്നൊരു ചിത്രമാക്കിയിട്ടുണ്ട്. തീർച്ചയായും നോൺ ലീനിയർ സിനിമകളുടെ ആരാധകർക്കും വേറിട്ട പരീക്ഷണ സിനിമകളെ സ്നേഹിക്കുന്നവർക്കും മികച്ചൊരു അനുഭവമായിരിക്കും എന്നുറപ്പാണ്.