‘കമന്‍റ്സ് മാത്രമായി തള്ളിക്കളയാനാവില്ല; ഇത് ബോഡി ഷെയ്‍മിംഗാണ്’; സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്‍റുകൾക്കെതിരെ ‘ചെക്ക് മേറ്റി’ലെ നായികമാർ
പൂർണ്ണമായും ന്യൂയോർക്കിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയോടെ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ് ‘ചെക്ക് മേറ്റ്’ എന്ന ചിത്രം. അനൂപ് മേനോൻ നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ അമേരിക്കയിലുള്ള ഒട്ടേറെ മലയാളികളും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. സോഷ്യൽമീഡിയയിൽ തങ്ങളുടെ ചിത്രങ്ങൾക്കും വീഡിയോയ്ക്കും താഴെ ലഭിക്കുന്ന മോശം കമന്‍റുകളെ കുറിച്ച് ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് ‘ചെക്ക് മേറ്റി’ലെ താരങ്ങളായ രേഖയും രാജലക്ഷ്മിയും.
‘നിങ്ങൾക്ക് മക്കൾ ഉണ്ടോ, പ്രസവം നോർമൽ ആയിരുന്നോ, അതോ സിസേറിയൻ ആയിരുന്നോ’ ഇങ്ങനെയൊക്കെയാണ് തന്‍റെ ഒരു റീൽ വീഡിയോയുടെ താഴെ ഒരാൾ ചോദിച്ചിരിക്കുന്നത് എന്ന് ‘ചെക്ക് മേറ്റി’ൽ നായിക വേഷത്തിലെത്തുന്ന രേഖ ഹരീന്ദ്രൻ പറയുന്നു. ‘വയറിലൊരു പാട് കാണുന്നുണ്ട് അതുകൊണ്ട് ചോദിച്ചതാണെന്നും കമന്‍റിലുണ്ട്. അടുക്കളയിൽ പാചകം ചെയ്യുന്നതിനിടയിൽ ഒന്ന് പൊള്ളിയ പാടാണത്, സാരിയുടുത്ത് ചെയ്തിരിക്കുന്ന റീൽസിൽ രണ്ട് സെക്കൻഡ് മാത്രമാണ് ആ ഭാഗം വരുന്നത്, അപ്പോഴാണ് ഈ കമന്‍റ്. സോഷ്യൽമീഡിയയിൽ ആർക്കും എന്തും പറയാമെന്ന രീതിയാണിപ്പോള്‍. ഇത് വെറും കമന്‍റുകള്‍ മാത്രമല്ല ബോഡി ഷെയിംമിംഗാണ്’, രേഖയുടെ വാക്കുകള്‍.
‘ഇത് കൂടാതെ പിന്തുണ തരുന്ന ഒട്ടേറെ കമന്‍റുകളുമുണ്ട്. അതൊക്കെ തരുന്ന ഊർജ്ജം ചെറുതല്ല. എങ്കിലും കുറച്ചുപേർ നൽകുന്ന കമന്‍റുകള്‍ മനസ്സിന് മുറിവേൽിപ്പിക്കും. ഇനി ഈ മേഖലയിലേക്ക് വരുന്നവരെ പോലും ഇത്തരത്തിലുള്ള കമന്‍റുകള്‍ പിറകോട്ട് വലിക്കും, ഓരോരുത്തരേയും അവരായിരിക്കുന്ന രീതിയിൽ അംഗീകരിക്കുകയല്ലേ വേണ്ടത്’, നടി രാജലക്ഷ്മി ചോദിച്ചിരിക്കുകയാണ്.
രതീഷ് ശേഖർ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ‘ചെക്ക് മേറ്റ്’ ഈ മാസം എട്ടിനാണ് തിയേറ്ററുകളിലെത്തുന്നത്. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.