നഞ്ചിയമ്മയുടെ പാട്ടിന്റെ മഹത്വം മനസിലാക്കി പിന്തുണച്ച് അൽഫോൻസും ബിജി ബാലും
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മക്ക് നല്‍കിയതില്‍ എതിര്‍പ്പുമായി രംഗത്ത് വന്ന ലിനുലാലിനെതിരെ വിമര്‍ശനവുമായി സംഗീത സംവിധായകന് അല്‍ഫോണ്‍സ് ജോസഫും, നടി ശ്വേത മേനോനും, ഹരീഷ് ശിവരാമകൃഷ്ണനും, സംഗീത സംവിധായകന് ബിജി ബാലും രംഗത്ത്. താന്‍ നഞ്ചിയമ്മക്കൊപ്പമാണെന്നും, ആ അമ്മ ഹൃദയം കൊണ്ട് പാടിയത് മറ്റുള്ളവര്‍ നൂറ് വര്‍ഷമെടുത്താലും പാടാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാന്‍ നഞ്ചിയമ്മയോടാപ്പമാണ്. നാഷണല്‍ അവാര്‍ഡ് ജൂറിയുടെ ഈ പ്രവര്‍ത്തിയില്‍ ഞാനവരെ പിന്തുണയ്ക്കുകയാണ്. കാരണം സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് 100 വര്‍ഷങ്ങളെടുത്ത് പഠിച്ചാലും സാധിക്കില്ലെങ്കില്‍ ഞാന്‍ പഠിക്കാന്‍ തയ്യാറല്ല, വര്‍ഷങ്ങളുടെ പരിശീലനമോ പഠനമോ അല്ല, മറിച്ച് നിങ്ങളുടെ ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും മനസുകൊണ്ടും നിങ്ങള്‍ എന്താണ് നല്‍കിയത് എന്നതില്‍ മാത്രമാണ് കാര്യം. ഇതാണ് എന്റെ കാഴ്ചപ്പാട്’ അല്‍ഫോണ്‍സ് കൂട്ടിച്ചേര്‍ത്തു. നഞ്ചിയമ്മക്ക് ദേശീയ പുരസ്കാരം നല്‍കിയതിനെ പരസ്യമായി എതിര്‍ത്ത ലിനുലാലിന്റെ വീഡിയോയ്ക്ക് കമന്റായിട്ടായിരുന്നു അല്‍ഫോണ്‍സ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, സംഗീതം ഹൃദയത്തില്‍ നിന്നു വരണമെന്നും, ഹൃദയത്തെ തൊടണമെന്നും, നഞ്ചിയമ്മ തന്റെ പാട്ടിലൂടെ അത് ചെയ്തെന്നും ശ്വേത പ്രതികരിച്ചു. ഔപചാരിക പരിശീലനമുള്ള ഗായകര്‍ക്ക് മാത്രമേ മികച്ച പ്രകടനം നടത്താന്‍ കഴിയൂ എന്നത് പൊതുവെയുള്ള തെറ്റിദ്ധാരണയാണെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. അതുപോലെ, ബിജിപാലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു…നഞ്ചിയമ്മയെ സ്പെഷ്യല്‍ ജൂറിയായി പരാമര്‍ശിച്ചുകൊണ്ട് ഒരു സ്പെഷ്യല്‍ കാറ്റഗറിയിലേക്ക് മാറ്റിനിര്‍ത്തേണ്ട ഗായികയല്ല. അവരെയാണ് നമ്മള് പഠിക്കേണ്ടത്. നഞ്ചിയമ്മ പാടുന്ന രണ്ട് വരിപോലെ ഈ നാല് വയസ്സുമുതല്‍ തൈരും നെയ്യും കഴിക്കാത്ത ആള്ക്കാര് ഒന്ന് പാടിക്കേള്‍പ്പിച്ചാല്‍ വളരെ സന്തോഷമെന്നാണ് ബിജിപാല്‍ പറഞ്ഞത്.
‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നഞ്ചിയമ്മയെ തേടിയെത്തിയത് ദേശിയ പുരസ്കാരമായിരുന്നു. എന്നാല്‍ മലയാളികളടക്കം ഏവരും അത് ആഘോഷമാക്കിയപ്പോള്‍ പുരസ്കാരം നഞ്ചിയമ്മക്ക് നല്‍കിയതില്‍ പരാതിയുമായി ലിലുലാല് രംഗത്ത് എത്തിയിരുന്നു. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് നഞ്ചിയമ്മക്ക് അവാര്‍ഡ് നല്‍കിയത് അപമാനമായി തോന്നിയെന്നാണ് ലിനു ലാല്‍ പറഞ്ഞത്.
മൂന്നും നാലും വയസ് മുതല്‍ സംഗീതം പഠിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവെക്കുന്ന ഒരുപാട് പേരുണ്ടെന്നും, പട്ടിണി കിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവരുണ്ടെന്നും, അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള് നഞ്ചിയമ്മ പാടിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പാടിയ ആ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നു പറഞ്ഞാല്‍ അത് ശരിയല്ലെന്നാണ് അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞത്.
കൂടാതെ, നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് പുതിയൊരു സോങ് കമ്പോസ് ചെയ്ത് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും, അവര്‍ക്ക് ഒരാഴ്ചയോ ഒരുമാസമോ കൊടുത്ത് സാധാരണ ഒരു ഗാനം പഠിച്ചിട്ടുവരാന്‍ പറഞ്ഞാല്‍ പോലും അവര്‍ക്ക് അത് പാടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ലിനു ലാല്‍ പറഞ്ഞിരുന്നു. അതുപോലെ, ഒരു ദിവസം എട്ടും പത്തും പാട്ടൊക്കെ ദാസ് സാറും, ചിത്ര ചേച്ചിയും, മധുബാലകൃഷ്ണനൊക്കെ പാടിപ്പോകും. എന്നാല്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നഞ്ചിയമ്മ പാടിയ ആ ഗാനം 2020 ലെ മികച്ച പാട്ടായി തനിക്ക് തോന്നുന്നില്ലെന്ന് ലിനു ലാല്‍ വീഡിയോയിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ ലിലുലാലിനെതിരെ സംഗീത സംവിധായകരടക്കം നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് വന്നത്.