വീണ്ടും വരുന്നു ‘സുല്‍ത്താന്‍’! ‘ചന്ത 2’ സ്ഥിരീകരിച്ച് നടൻ ബാബു ആന്റണി ; പ്രതാപകാലത്തിലേക്ക്
ഒരു കാലത്ത് ആക്ഷന്‍ സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി നേടിയ താരമാണ് ബാബു ആന്റണി. നായകനായും സഹനടനായുമൊക്ക മലയാള ചിത്രത്തില്‍ തിളങ്ങിയ താരം ആരാധകരുടെ ആവേശമായിരുന്നു. അദ്ദേഹത്തിന്റെ പല സിനിമകളും തിയ്യേറ്ററുകളില്‍ ഓളമുണ്ടാക്കിയവയാണ്. അതില്‍ പ്രധാന ചിത്രം ചന്തയാണ്. ആ സിനിമയിലൂടെ സുല്‍ത്താന്‍ എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് സമ്മാനിച്ചു. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായിട്ടാണ് ബാബു ആന്റണി രംഗത്ത് എത്തിയിരിക്കുന്നത്. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറം ചന്തയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സുല്‍ത്താന്‍ തിരിച്ചുവരുന്നതായും ചന്ത എന്ന സിനിമയുടെ രണ്ടാം ഭാഗം ഉറപ്പിച്ചതായും നടന് തന്നെയാണ് വ്യക്തമാക്കിയത്. ആദ്യ ഭാഗം ചെയ്ത സംവിധായകന് സുനില്‍ തന്നെയാകും ചിത്രത്തിന്റെ രണ്ടാം ഭാഗവും ചെയ്യുക. മോഹിനിയായിരുന്നു ചിത്രത്തിലെ നായിക.
1986-ല്‍ ഭരതന് സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി തന്റെ അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് കൂടുതലും പ്രശസ്തനായത്. കൂടാതെ, അദ്ദേഹത്തിന്റെ ആക്ഷന്‍ സിനിമകള്‍ ആരാധകര്‍ നെഞ്ചിലേറ്റി. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചന്, നാടോടി എന്നീ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങള്‍ കാഴ്ചവെച്ച ബാബു ആന്റണി മറ്റു നടന്മാരില് നിന്നും വ്യത്യസ്തനായി. ബാബു ആന്റണി മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയ താരങ്ങളിലൊരാളാണ് ബാബു ആന്റണി. സ്കൂള്‍ കാലത്ത് നല്ലൊരു കായിക താരമായിരുന്നു ബാബു ആന്റണി, ട്രിപ്പിള്‍, ഹൈ, ലോംഗ് ജമ്പ്, പോള്‍വാള്‍ട്ട്, 800 മീറ്റര്‍ റിലേ, വോളിബോള്‍ എന്നിവയില്‍ പങ്കെടുത്തു.
അതേസമയം, ഭരതന്റെ വൈശാലിയിലെ ലോമപാദ മഹാരാജാവ് ബാബു ആന്റണിയുടെ മികച്ച വേഷങ്ങളില്‍ ഒന്നാണ്. കൂടാതെ, മോഹന്‍ലാല്‍, സുരേഷ്ഗോപി, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ കൂടെ വില്ലനായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നെപ്പോളിയന്, ഭരണകൂടം, കടല്‍, ചന്ത, ദാദ, രാജധാനി, കമ്പോളം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം നായകനായി അഭിനയിച്ചെങ്കിലും തന്റെ നായക പദവി അധികകാലം മലയാള സിനിമയില്‍ നിലനിര്‍ത്തി കൊണ്ടു പോകാന്‍ സാധിച്ചില്ല. റഷ്യക്കാരിയായ ഇവ്ജെനിയ ആണ് ബാബു ആന്റണിയുടെ പത്നി. ഇവര്‍ ഒരു പാശ്ചാത്യ സംഗീതാദ്ധ്യാപിക കൂടിയാണ്. ആര്‍തര്‍ ആന്റണി, അലക്സ് ആന്റണി എന്നിവരാണ് മക്കള്‍.