“സിനിമ രംഗത്ത്  എല്ലാവർക്കും തുല്യത ഉറപ്പുവരുത്തണം മൊഴി നൽകിയവർക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടത്” ; ആസിഫ് അലി
1 min read

“സിനിമ രംഗത്ത് എല്ലാവർക്കും തുല്യത ഉറപ്പുവരുത്തണം മൊഴി നൽകിയവർക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടത്” ; ആസിഫ് അലി

മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍‌ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് നടന്‍ ആസിഫ് അലി. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ തങ്ങളുടെ അനുഭവങ്ങള്‍ മൊഴിയായി നൽകിയവരെ ബഹുമാനിക്കുന്നു എന്ന് പറഞ്ഞ ആസിഫലി. അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കും എന്ന് അറിയിച്ചു. റിപ്പോർട്ട്‌ വായിക്കാതെ കൂടുതൽ പറയാനില്ല. സിനിമ രംഗത്ത് എല്ലാവർക്കും തുല്യത ഉറപ്പുവരുത്തണം മൊഴി നൽകിയവർക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടത്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും ആസിഫലി പറഞ്ഞു.

സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിട്ടിരുന്നു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്കാണ് റിപ്പോർട്ട് കൈമാറിയത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചവര്‍ക്കാണ് സാംസ്കാരിക വകുപ്പ് റിപ്പോര്‍ട്ട് കൈമാറിയത്. നടി രഞ്ജിനിയുടെ ഹർജി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് സാംസ്കാരിക വകുപ്പ് റിപ്പോ‍ർട്ട് പുറത്തുവിടുമെന്ന് അറിയിപ്പ് കൈമാറിയത്.

അതേ സമയം ഇന്നലെ ഉച്ചയ്ക്ക് ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനിക്ക് വീണ്ടും തിരിച്ചടി ലഭിച്ചിരുന്നു. കേസ് തള്ളിയതിന് പിന്നാലെ സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹ‍ർജി ഫയൽ ചെയ്യാൻ നിർദ്ദേശം നൽകിയ കോടതി, സ്റ്റേ ഉത്തരവ് നൽകാനാവില്ലെന്ന് വ്യക്തമാക്കി. നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച അപ്പീൽ ഹർജിയും ഡിവിഷൻ ബെഞ്ചിൻ്റെ മുന്നിലേക്ക് എത്തിയില്ല. ഡിവിഷൻ ബെഞ്ച് സിറ്റിംഗ് ഇല്ലാത്തതാണ് കാരണം. ആക്ടിങ് ചീഫ് ജസ്റ്റിസിനെ ചേംബറിൽ ചെന്ന് കാണാൻ സജിമോനും അഭിഭാഷകനും അനുമതി ഉണ്ടായിരുന്നെങ്കിലും ഇവർ അതിന് തയ്യാറായില്ല.