അർജുൻ അശോകന്‍റെ ഈ വർഷത്തെ ആദ്യ ഹിറ്റ്! ‘എന്ന് സ്വന്തം പുണ്യാളനി’ൽ കൈയ്യടി നേടി താരം
1 min read

അർജുൻ അശോകന്‍റെ ഈ വർഷത്തെ ആദ്യ ഹിറ്റ്! ‘എന്ന് സ്വന്തം പുണ്യാളനി’ൽ കൈയ്യടി നേടി താരം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അര്‍ജുന്‍ അശോകന്‍. ‘ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്’ എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച അര്‍ജുന്‍ ഇതിനകം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളിലാണ് പ്രേക്ഷകരുടെ ഇഷ്ട താരമായി അർജുൻ വളർന്നത്. മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളായ ഹരിശ്രീ അശോകന്‍റെ മകൻ എന്ന ലേബലോടെയാണ് വെള്ളിത്തിരയിലേക്ക് കടന്നുവന്നതെങ്കിലും പ്രേക്ഷക ഹൃദയങ്ങളിൽ അർജുൻ ഇടം പിടിച്ചത് തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചുകൊണ്ടാണ്. രൂപത്തിലും ഭാവത്തിലും വേഷത്തിലും മാറ്റങ്ങൾ വരുത്തി കഥാപാത്രത്തിന് ആവശ്യമായ ചേരുവകൾ ചേർത്ത് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന അർജ്ജുൻ ഇതിനോടകം ഒരുപിടി മികവുറ്റ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. അടുത്തിടെ ‘രോമാഞ്ചം’, ‘ചാവേർ’, ‘ഭ്രമയുഗം’ തുടങ്ങിയ ശ്രദ്ധേയ സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള മികച്ച വേഷങ്ങള്‍ അർജുന് ലഭിച്ചിരുന്നു. ഇപ്പോഴിതാ ‘എന്ന് സ്വന്തം പുണ്യാളൻ’ എന്ന സിനിമയിലും വേറിട്ട രീതിയിലുള്ളൊരു വേഷത്തിലെത്തി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയിരിക്കുകയാണ് അർജുൻ.

ഫാമിലി ഫാന്‍റസി സസ്പെൻസ് ത്രില്ലറായെത്തിയിരിക്കുന്ന ചിത്രത്തിൽ ‘രോമാഞ്ച’ത്തിലെ സിനുവിനെ പോലെ രസകരമായൊരു വേഷമാണ് അർജുന്‍റേത്. പ്രകടനമികവിൽ തനിക്ക് ലഭിച്ച വേഷത്തെ വേറെ ലെവലിൽ എത്തിച്ചിരിക്കുകയാണ് താരം. രസകരമായൊരു കഥയും കഥാപാത്രങ്ങളും ചേർത്തുവെച്ച് പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് നവാഗത സംവിധായകനായ മഹേഷ് മധു.

മെസപ്പൊട്ടോമിയയിലെ ഒരു രാജാവും അദ്ദേഹത്തിന്‍റെ ഉടവാളും ഇലാഹി രാജവംശത്തിന്‍റെ ചരിത്രവും ഐതിഹ്യവും ഒക്കെയായി കൗതുകമുണർത്തുന്ന രീതിയിലാണ് സിനിമയുടെ ആരംഭം. പിന്നീട് കേരളത്തിലെ ഒരു ഗ്രാമത്തിലേക്ക് കഥയെത്തുകയാണ്. അവിടെ കിഴക്കേ പൊട്ടൻകുഴിയിൽ ചാക്കോയുടെ ചില സങ്കടങ്ങളിലേക്കാണ് പിന്നീട് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. വീട് നിറയെ പെൺമക്കളാണ് കിഴക്കേ പൊട്ടൻകുഴിയിൽ ചാക്കോയ്ക്ക്. ഒരു ആൺകുട്ടിക്കുവേണ്ടി ചാക്കോയും ഭാര്യയും നടത്താത്ത നേർച്ചകാഴ്ചകളില്ല. ഒടുവിൽ സിദ്ധ വൈദ്യൻ മുനിയാണ്ടി വൈദ്യരുടെ സ്പെഷ്യൽ ലേഹ്യം സേവിച്ചതോടെ കാത്തിരിപ്പിന് അവസാനമായി. ആറ്റുനോറ്റിരുന്ന് ഒരു ആൺതരി പിറന്നപ്പോൾ മകനെ സെമിനാരിയിൽ അയച്ച് പഠിപ്പിക്കാം എന്ന നേർച്ചയായിരുന്നു ചാക്കോയുടെ ഭാര്യ നേർന്നത്. അങ്ങനെ തോമസ് ചാക്കോ എന്ന കുട്ടി വളർന്ന് വലുതാകുന്നതും തുടർ സംഭവങ്ങളുമൊക്കെയായി ആദ്യാവസാനം നർമ്മവും സസ്പെൻസും ഫാന്‍റസിയും ഒക്കെ നിറച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രെഡാണ് സിനിമയുടേത്.

ഫാ. തോമസ് ചാക്കോയായി എത്തിയിരിക്കുന്നത് നടൻ ബാലു വർഗ്ഗീസാണ്. ഈ കഥാപാത്രത്തിന്‍റെ ജീവിതത്തിലേക്ക് അപ്രതീക്ഷിത അതിഥിയായാണ് അർജുൻ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം എത്തിച്ചേരുന്നത്. അനശ്വര രാജനും ശ്രദ്ധേയ വേഷത്തിൽ സിനിമയിലുണ്ട്. സാംജി എം ആന്‍റണി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം ആദ്യാവസാനം നർമ്മവും സസ്പെൻസും ഫാന്‍റസിയും നിറഞ്ഞതാണ്. പ്രായഭേദമെന്യേ ഏവർക്കും ഏറെ രസകരമായി ചെറിയ സസ്പെൻസും ഫാന്‍റസിയും ഒക്കെയായി കണ്ടിരിക്കാവുന്നൊരു സിനിമയാണെന്നാണ് പ്രേക്ഷകാഭിപ്രായം.

കുടുംബപ്രേക്ഷകരുടെ പൾസറിഞ്ഞ് ഒരുക്കിയിരിക്കുന്ന ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്. ആദ്യ ശ്രമത്തിൽ തന്നെ ഫാമിലിയുടെ പള്‍സറിഞ്ഞ് സിനിമയൊരുക്കുന്നതിൽ മഹേഷ് വിജയിച്ചിട്ടുണ്ടെന്ന് പറയാം. വലിയ ബഹളങ്ങളൊന്നും ഇല്ലാതെയെത്തിയ ചിത്രം തിയേറ്ററുകളിൽ സൈലന്‍റ് ഹിറ്റടിക്കുമെന്നാണ് ആദ്യ ദിനങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് സൂചിപ്പിക്കുന്നത്. ര‌ഞ്ജി പണിക്കർ, അൽത്താഫ്, ബൈജു, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്‍റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഉള്‍പ്പെടെ ഏത് പ്രായത്തിലുള്ളവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ എന്നാണ് തിയേറ്റർ ടോക്ക്.