കൺമണിയെ ഏറ്റെടുത്ത് കുടുംബപ്രേക്ഷകർ; തിയേറ്ററുകള്‍ തോറും മികച്ച പ്രതികരണം നേടി ‘അൻപോട് കൺമണി’
1 min read

കൺമണിയെ ഏറ്റെടുത്ത് കുടുംബപ്രേക്ഷകർ; തിയേറ്ററുകള്‍ തോറും മികച്ച പ്രതികരണം നേടി ‘അൻപോട് കൺമണി’

ഓരോ കുടുംബങ്ങളും യൂത്തും ഉള്‍പ്പെടെ പ്രായഭേദമെന്യേ ഏവരും ഹൃദയപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ് അർജുൻ അശോകൻ നായകനായെത്തിയ ‘അൻപോട് കൺമണി’. ഈ കാലഘട്ടത്തിലെ കുടുംബങ്ങൾ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രം എന്നാണ് ഏവരും ചിത്രത്തെ കുറിച്ച് ഒരേ സ്വരത്തിൽ പറയുന്നത്. തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇതിനകം ലഭിച്ചിരിക്കുന്നത്.

വിവാഹം കഴിഞ്ഞ ശേഷം ഒരു വ‍ർഷം പിന്നിട്ടിട്ടും കുട്ടികളുണ്ടായില്ലെങ്കിൽ വിവാഹം കഴിച്ചവരേക്കാള്‍ ചുറ്റുവട്ടത്തുള്ളവർക്കാണ് വെപ്രാളം എന്നാണ് ചിത്രം വരച്ചുകാണിക്കുന്നത്. കുട്ടികളില്ലാത്ത ദമ്പതികള്‍ ഒരിക്കലെങ്കിലും കടന്നുപോയിട്ടുള്ള സാഹചര്യങ്ങളാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. പലരുടേയും മുന വെച്ചുള്ള ചോദ്യങ്ങള്‍, പ്രതികരണങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ തുടങ്ങിയവയാണ് ചിത്രം മനോഹരമായൊരു കഥയുടെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നത്.

തലശ്ശേരിക്കടുത്തുള്ള ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അമ്മയും (മാലാ പാര്‍വതി) മകന്‍ നകുലനും (അര്‍ജുന്‍ അശോകന്‍) മാത്രമുള്ള വീട്ടിലേക്ക് വധുവായി എത്തുകയാണ് ശാലിനി (അനഘ നാരായണന്‍). ഇവരിലൂടെയും ഇവരുമായി ബന്ധപ്പെട്ടവരിലൂടെയുമാണ് കഥ പറഞ്ഞുപോകുന്നത്. അര്‍ജുന്‍ അശോകന്‍, നവാസ് വള്ളിക്കുന്ന് എന്നിവരുടെ കഥാപാത്രങ്ങളോടൊപ്പം തന്നെ അനഘ നാരായണനും മാലാ പാര്‍വതിയും അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളും മികവുറ്റതാണ്. സ്ക്രീനിൽ വന്നുപോകുന്ന ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

അതോടൊപ്പം തന്നെ തലശ്ശേരിയുടെ പ്രാദേശിക മലയാളമാണ് ഉപയോഗിച്ചിരിക്കുന്നത്. ചില നാടന്‍ പ്രയോഗങ്ങള്‍ ഉള്‍പ്പെടെ സിനിമയില്‍ കടന്നുവരുന്നത് ഏറെ രസകരമായി വന്നിട്ടുണ്ട്. പ്രേക്ഷകരോട് സംവദിക്കുന്ന രീതിയിൽ സംഭാഷണങ്ങളും മികച്ചുനിൽക്കുന്നുണ്ട്. അനീഷ് കൊടുവള്ളിയുടെ രചനയില്‍ ലിജു തോമസ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം ക്രിയേറ്റീവ് ഫിഷിന്‍റെ ബാനറില്‍ വിപിന്‍ പവിത്രനാണ് നിര്‍മിച്ചിരിക്കുന്നത്.

 

സരിന്‍ രവീന്ദ്രൻ ഒരുക്കിയിരിക്കുന്ന ക്യാമറ കാഴ്ചകൾ ഗ്രാമീണതയുടെ സൗന്ദര്യം ഒപ്പിയെടുത്തിയിരിക്കുന്നതാണ്. സുനില്‍ എസ് പിള്ളയുടെ എഡിറ്റിംഗ് മികച്ചതാണ്. മനു മന്‍ജിത്തിന്‍റെ സാമുവല്‍ എബിയുടെ സംഗീതവും സിനിമയുടെ ഹൈലൈറ്റ്. തീർച്ചയായും കുടുംബങ്ങൾക്കുള്ള ഈ വർഷത്തെ മികച്ച സിനിമയാണ് അൻപോട് കൺമണി എന്ന് നിസ്സംശയം പറയാം.