“കാന്താരയെ വാഴ്ത്തിയ മലയാളികള്‍ അജയന്റെ രണ്ടാം മോഷണത്തെ ഇഴകീറി വിമര്‍ശിക്കുന്നത് ഇരട്ടത്താപ്പ് “
1 min read

“കാന്താരയെ വാഴ്ത്തിയ മലയാളികള്‍ അജയന്റെ രണ്ടാം മോഷണത്തെ ഇഴകീറി വിമര്‍ശിക്കുന്നത് ഇരട്ടത്താപ്പ് “

തിയറ്ററുകളിൽ വെന്നിക്കൊടി പാറിച്ച് മുന്നേറുന്ന ടൊവിനോ തോമസ് ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. സെപ്റ്റംബർ 12ന് ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം അതവ എആർഎം. ത്രീഡിയില്‍ ഇറങ്ങിയ ചിത്രത്തില്‍ മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നീ കഥാപാത്രങ്ങളെ അതി​ ​ഗംഭീരമായി ടൊവിനോ തോമസ് അവതരിപ്പിച്ചിരിക്കുന്നു. റിലീസ് ദിനത്തിലെ ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ബോക്സ് ഓഫീസിലും കസറിക്കയറി. വെറും അഞ്ച് ദിവസത്തിൽ 50 കോടി ക്ലബ്ബ് എന്ന സുവർണ നേട്ടവും ടൊവിനോ ചിത്രം സ്വന്തമാക്കിയിരുന്നു. ഇപോഴിതാ ചിത്രത്തെ കുറിച്ച് ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

കുറിപ്പിൻ്റെ പൂർണരൂപം

 

 

ARM അജയന്റെ രണ്ടാം മോഷണം.👌👌

 

ARM ഒരു മുത്തശ്ശിക്കഥയൊന്നും അല്ല. ചതിയുടെയും വഞ്ചനയുടെയും ജാതിയുടെയും മതത്തിന്റെയും നമ്മുടെ നാടിന്റെ ചരിത്രമാണത്.

 

മലയാളികളുടെ ഒരു ഇരട്ടത്താപ്പ് നയം പറയാം.

 

ചതിക്കപ്പെട്ടവന്റെയും, ഭാര്യയോടുള്ള പ്രണയത്തിനു വേണ്ടി ജീവന്‍കൊടുക്കാന്‍ തയ്യാറായവന്റെയും, ജാതിയുടെയും പാരമ്പര്യത്തിന്റെയും പേരില്‍ സമൂഹത്തില്‍ അടിച്ചു താഴ്ത്തിയിട്ടും ബുദ്ധികൊണ്ടും വിവേകം കൊണ്ടും വിദ്യാഭ്യാസംകൊണ്ടും മുന്നില്‍ നിന്നിട്ടും കള്ളനെന്ന് വിളികേള്‍ക്കേണ്ടി വന്നവന്റെയും പച്ചയായ കഥയാണ് ARM.

 

അവര്‍ മൂന്ന് പേരും ടൊവിനോ എന്ന ഒറ്റ മനുഷ്യനില്‍ നിന്നുണ്ടായവരാണെന്ന് നമ്മള്‍ മറന്നു പോകും. അത്ര ഗംഭീരമായി കേളുവിനെയും മണിയനെയും അജയനെയും ടൊവിനോ അവതരിപ്പിച്ചു., ഓ ടൊവിനോ അഭിനയത്തില്‍ അത്ര ഗംഭീരമാണെന്നൊന്നും തോന്നിയിട്ടില്ല എന്ന അഭിപ്രായത്തെ മാറ്റി എഴുതിച്ചത് അതില്‍ ടൊവിനോ മണിയനായി നിറഞ്ഞാടിയ പ്രകടനമായിരിക്കും.

 

കള്ളനാണോ പോലീസാണോ ആദ്യമുണ്ടായത് എന്ന ചോദ്യം അയാളുടെ കണ്ണുകളിലെ തീ… പരിഹാസത്തിന്റെ ചിരി. നമ്മള്‍ ഇമ വെട്ടാതെ നോക്കി ഇരുന്നു പോകും.

 

എങ്കിലും നമ്മള്‍ ഈ സിനിമയെ വാഴ്ത്തില്ല. കാന്താര സിനിമ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ. കാന്താരയിലെ തുടക്കത്തില്‍ അതിലെ സൊ കോള്‍ഡ് തമാശകളും പ്രണയവും നമ്മളെ മടുപ്പിക്കുന്നതാണ്. ഇതെന്ത് കഥയാണ് മെല്ലെയുള്ള ഒഴുകി പോക്കെന്ന് വരെ തുടക്കത്തില്‍ നമുക്ക് തോന്നും. പക്ഷെ അവസാനത്തെ ഇരുപതുമിനിട്ട് റിഷഭ് ഷെട്ടിയുടെ അഭിനയമികവും തെയ്യം എന്ന വിശ്വാസം നമ്മളില്‍ ഉറങ്ങി കിടക്കുന്നതില്‍ നിന്നും ഉയര്‍ന്നു വന്ന bgm ലൂടെ ഉള്ള goosebumps ഉം ആ സിനിമയുടെ തുടക്കത്തിലുള്ള എല്ലാ മടുപ്പുകളും മറന്ന് കാന്താരയെ മലയാളികള്‍ ഉള്‍പ്പെടെ ഏറ്റെടുക്കാന്‍ കാരണമായി. ഞാന്‍ ഇപ്പോഴും അവസാന ഇരുപത് മിനിട്ടിലെ റിഷഭ് ഷെട്ടിയുടെ പ്രകടനം സൂക്ഷ്മതയോടെ ഇരുന്ന് കാണാറുണ്ട്.

 

ARM സിനിമയെ കുറിച്ച് പറയുകയാണെങ്കില്‍ ചതിക്കപ്പെട്ടവന്റെയും അവഗണിക്കപ്പെട്ടവന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും കഥ പറയുന്ന ഈ സിനിമ ഒരു മുത്തശ്ശിക്കഥ പോലെ വളരെ മനോഹരമായി ഒഴുകി നീങ്ങുന്നതാണ്. അതിലെ പ്രണയരംഗങ്ങള്‍ നമ്മളെ മടുപ്പിക്കുന്നതല്ല. കൊച്ചുമകനോട് മുത്തശ്ശിക്കുള്ള ലാളന നമ്മളില്‍ ഓരോരുത്തരുടെയും നൊസ്റ്റാള്‍ജിയ ആണ്. ഭര്‍ത്താവില്‍ വിശ്വാസം അര്‍പ്പിച്ച് ജീവിക്കുന്ന ഭാര്യയോടുള്ള പ്രണയം നമുക്ക് ഗംഭീരമായി റിലേറ്റു ചെയ്യാന്‍ കഴിയുന്നതാണ്.

 

ഇതില്‍ മാണിക്യനാണ് ഹൃദയത്തില്‍ അച്ചുകുത്തിയ പോലെ പതിഞ്ഞുപോകുന്നത്.അയാളുടെ കഥയ്ക്ക് തീര്‍ത്തും ഒരു നോവുണ്ട്. ലോകം മുഴുവന്‍ ഒറ്റപ്പെടുത്തിയ മനുഷ്യന്റെ ശാപം ആ മണ്ണില്‍ പതിഞ്ഞിട്ടുണ്ടാവും. ഉറപ്പ്. മണിയനെ നഷ്ടമായിട്ടും മാണിക്യത്തിന്റെ കണ്ണുകളില്‍ അവര്‍ രണ്ടുപേരും വിജയിച്ചവരാണ് എന്ന അഹങ്കാരം പതിഞ്ഞിരുന്നു. സുരഭി മാണിക്യമായി നിറഞ്ഞാടുമ്പോള്‍ അവര്‍ക്കു പകരം മറ്റാരെയും നമുക്കവിടെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല. മണിയന്‍ മരിച്ചു എന്ന് തമ്മള്‍ കരുതുമ്പോഴും മാണിക്യത്തില്‍ അയാള്‍ ജീവിക്കുന്നുണ്ട്. അതിലുപരി അയാള്‍ അമരത്വം നേടിയിരുന്നു എന്നത് നമ്മളില്‍ പലരും ശ്രദ്ധിക്കാതെ പോയ ഒരു ഭാഗമാണ്.

 

പ്രണയത്തിന്റെയും വിശ്വാസത്തിന്റെയും കഥയാണത്. മാണിക്യത്തിന് മണിയനോടുള്ള വിശ്വാസവും പ്രണയവും പോലെ അടുത്ത തലമുറയില്‍ അജയനെ പ്രണയിച്ചവളും ജാതിയും മതവും മറന്ന് അവനെ ഇറുകെ കെട്ടിപ്പിടിക്കുന്നതും എന്റെ ഗ്ലാസ്സില്‍ വെള്ളം കുടിച്ചാല്‍ മതിയെന്ന് പറഞ്ഞ് ഗ്ലാസ്സ് നീട്ടുന്നതും ജാതി പറയുന്ന കുടുംബത്തിന്റെ മുഖത്ത് കൊടുക്കുന്ന അടിയാണ്.

 

കാന്താരയെ വാഴ്ത്തിയ മലയാളികള്‍ അജയന്റെ രണ്ടാം മോഷണത്തെ ഇഴകീറി വിമര്‍ശിക്കുന്നത് ഇരട്ടത്താപ്പെന്ന് പറയേണ്ടി വരുന്നത് ARM നമ്മുടെ നാട്ടില്‍ ഏതൊക്കെയോ കാലങ്ങളില്‍ ഒറ്റപ്പെട്ടുപോയവന്റെ ചോരയുടെ കഥ തന്നെയാണെന്ന് മനസിലാക്കാനുള്ള മനസ്സ് നമ്മള്‍ കാണിക്കാത്തതുകൊണ്ടാണ്.

 

ARM ഒരു മുത്തശ്ശിക്കഥയൊന്നും അല്ല. ചതിയുടെയും വഞ്ചനയുടെയും ജാതിയുടെയും മതത്തിന്റെയും നമ്മുടെ നാടിന്റെ ചരിത്രമാണത്.