‘ താന്‍ ഒടിടിയില്‍ സിനിമ കാണാറില്ല, ഒടിടി റിലീസുകള്‍ പ്രേക്ഷകരുടെ സിനിമാനുഭവത്തെ ഇല്ലാതാക്കും’ ; അടൂര്‍ ഗോപാലകൃഷ്ണന്
ഒടിടിക്ക് വേണ്ടി സിനിമ നിര്‍മ്മിച്ചാല്‍ അത് സിനിമയുടെ അന്ത്യമായിരിക്കുമെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. ഒടിടിയില്‍ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍, അത് പ്രേക്ഷകരുടെ സിനിമാനുഭവത്തെ ഇല്ലാതാക്കുമെന്നും അടൂര്‍ പറയുന്നു. സിനിമ ഒരു സോഷ്യല്‍ എക്സ്പെരിമെന്റാണെന്നും അത് തിയേറ്ററിലാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഒ.ടി.ടിയില്‍ സിനിമ കാണില്ലെന്നും. അതിനു കാരണം സെല്‍ഫോണിലോ ലാപ്ടോപ്പിലോ കാണാന്‍ വേണ്ടി എന്റെ സിനിമ റിലീസ് ചെയ്യുന്നതില്‍ താല്പര്യമില്ലെന്നും, സിനിമ എന്ന് പറയുന്നത് ഒരു സോഷ്യല്‍ എക്സ്പിരിമെന്റാണ്. അത് സമൂഹം ഇരുട്ട് നിറഞ്ഞ തിയേറ്ററിലാണ് കാണേണ്ടത്. ടി.വി പോലും ഒരു കോംപ്രമൈസാണ്. തിയേറ്റര്‍ റിലീസിന് ശേഷം ഒരു സമയം കഴിയുമ്പോള്‍ ദൂരദര്‍ശനില്‍ സിനിമ കാണിക്കാറുണ്ടായിരുന്നു. ഇന്ന് ആളുകള്‍ ടിവിയില്‍ കാണിക്കുന്നതിന് വേണ്ടി മാത്രം സിനിമ നിര്‍മിക്കുന്നുണ്ട്. അത് സിനിമയെ നശിപ്പിക്കുമെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ട് വര്‍ഷം കൊറോണ നമ്മെ വീടിനുള്ളില്‍ അടച്ചിരിക്കാന്‍ നിര്‍ബന്ധിതരാക്കി. വീടിനുള്ളില്‍ തന്നെ വിനോദം എത്തിക്കുക എന്ന സ്ഥിതി അങ്ങനെയാണ് ഉണ്ടായത്. എന്നാല്‍ നിലനില്‍പ്പിന് വേണ്ടി സിനിമ ഒരിക്കലും ചെറിയ സ്ക്രീനിനെ ആശ്രയിക്കരുത്. ഇന്ന് ഹോളിവുഡ് പോലും ഈ അവസ്ഥയെ ഭയപ്പെടുന്നുണ്ട്. അടൂര്‍ പറയുന്നു.
‘ചെറു സ്ക്രീനുകളില്‍ സിനിമ കാണുക എന്നത് എന്നെ സംബന്ധിച്ച് സങ്കടകരമാണ്. സിനിമ തിയേറ്ററില്‍ കാണാനുള്ളതാണ്. ആ അനുഭവം ഒരു മൊബൈല്‍ സ്ക്രീനില്‍ നിന്നോ ലാപ് ടോപ്പില്‍ നിന്നോ കിട്ടില്ല. ഓരോ ഫ്രെയ്മും ഒരു നിശ്ചിത സെക്കന്‍ഡ് സമയത്തേക്കാണ് പ്രേക്ഷകരുടെ കണ്മുന്നില് നില്ക്കുക. ബിഗ് സ്ക്രീനില്‍ കാണുമ്പോള്‍ അതു കാണാന്‍ ആവശ്യമായ സമയം കാണിക്ക് ലഭിക്കും. ഒരു ചെറിയ സ്ക്രീനില്‍ നിങ്ങള്‍ ശരിക്കും സിനിമ കാണുന്നുതന്നെയില്ല.
നമ്മള് ജീവിക്കുന്നത് സൂപ്പര്‍ സെന്‍സറിന്റെ കാലത്താണ്. ആദ്യം സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സിനിമയെ സെന്‍സര്‍ ചെയ്യും. പിന്നെ സോഷ്യല്‍ മീഡിയയില്‍ അദൃശ്യമായ ഒരു സെന്‍സെറിങ് അന്തരീക്ഷമുണ്ട്. ഇത് എന്തൊരു പരിഹാസ്യമായ അവസ്ഥയാണ്. സിനിമയെ വിധിക്കാന്‍ ഇവരാരാണ്? എന്നെ സംബന്ധിച്ചിടത്തോളം ഇവര്‍ സാമൂഹിക വിരുദ്ധരാണ്. കലാകാരനെ വിശ്വാസമില്ലാത്ത സാഹചര്യം വളരെ മോശമാണെന്നും അടൂര്‍ വ്യക്തമാക്കി.