ഇനി പൃഥ്വിരാജ് യുഗം! ; വരി വരിയായി വരുന്നത് ആരും മോഹിക്കുന്ന പാൻ ഇന്ത്യൻ സിനിമാ പ്രോജക്റ്റുകൾ
മലയാള സിനിമപ്രേക്ഷകരുടെ പ്രിയതാരമാണ് പൃഥ്വിരാജ്. നന്ദനം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരം കൈവയ്ക്കാത്ത മേഖല സിനിമയില്‍ ഇല്ലെന്ന് പറയാം. അഭിനയം, സംവിധാനം, നിര്‍മാണം, ഗായകന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച് മലയാളികളുടെ മനസില്‍ ഇടംനേടുകയാണ്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും സാന്നിധ്യമറിയിച്ച പൃഥ്വിരാജിന് കേരളത്തിന് പുറത്തും നിരവധി ആരാധകരാണ് ഉള്ളത്. തെന്നിന്ത്യന്‍ ഭാഷകളിലുള്ള ചിത്രങ്ങളും താരങ്ങളും പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയരുമ്പോള്‍ മലയാളത്തില്‍ നിന്ന് അങ്ങനെ ഒരാളെ പറയാന്‍ പറയുമ്പോള്‍ എല്ലാവരും പറയുന്ന പേര് പൃഥ്വിരാജ് എന്നാണ്.
അങ്ങനെ പറയുന്നതിനുള്ള കാരണവും പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍ തന്നെയാണ്. ആദ്യം പറയേണ്ടത് ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ്. ബെന്യാമിന്റെ ആടുജീവിതം എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ പുറത്തു വരുന്ന ഓരോ വാര്‍ത്തകളും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ‘നജീബ്’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. മുടിയും താടിയും വളര്‍ത്തി മെലിഞ്ഞ രൂപത്തിലുള്ള ഫോട്ടോകള്‍ പൃഥ്വിരാജിന്റേതായി പുറത്തുവന്നിരുന്നു.
30 കിലോയോളം ഭാരം കുറച്ചും താടിയെല്ലാം വളര്‍ത്തിയുമാണ് ചിത്രത്തിലെത്തുന്നത്. എന്നാല്‍ ആടുജീവിതത്തിലെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല എന്നാണ് താരം പറയുന്നത്. ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരിടവേളയ്ക്ക് ശേഷം ചിത്രം വീണ്ടും ചിത്രീകരിക്കാന്‍ അള്‍ജീരിയയിലേക്ക് പോയിരിക്കുകയാണ് താരം. അള്‍ജീരിയയില്‍ നാല്പത് ദിവത്തോളം ചിത്രീകരണമുണ്ടാകുമെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയശേഷം ജൂണ്‍ മാസത്തോടെ ആയിരിക്കും തിരിച്ചെത്തുകയെന്നും പൃഥ്വി അറിയിച്ചിരുന്നു. സിനിമയുടെ ജോര്‍ദ്ദാനിലെ ചിത്രീകരണം 2020ല്‍ പൂര്‍ത്തിയാക്കിയിരുന്നു.
രണ്ടാമത്തെ ചിത്രം അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന സിനിമയാണ്. നയന്‍താരയും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായ ഗോള്‍ഡിന്റെ ടീസറിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്തതായി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കടുവ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കടുവക്കുന്നേല്‍ കുറുവച്ചന്’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. വിവേക് ഒബ്റോയ് ചിത്രത്തില്‍ വില്ലനായ ഡിഐജിയായിട്ട് അഭിനയിക്കുന്നത്.
പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന കാപ്പ എന്ന ചിത്രത്തിനായും പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. വേണു സംവിധാനം ചെയ്യുന്ന ചിത്രം ജി.ആര്. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവെല്ലയെ ആസ്പദമാക്കിയുള്ളതാണ്. അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന നോവെല്ലയാണ് ഇത്. ഇന്ദുഗോപന്റേതു തന്നെയാണ് തിരക്കഥയും. അടുത്ത ചിത്രം വിലായത്ത് ബുദ്ധയാണ്. അന്തരിച്ച സംവിധായകന് സച്ചിയുടെ സ്വപ്നചിത്രമായിരുന്നു ഇത്. ജി.ആര്. ഇന്ദുഗോപന്റെ തന്നെ ‘വിലായത്ത് ബുദ്ധ’ എന്ന ലഘുനോവല്‍ ആണ് ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്നത്. പ്രഖ്യാപന സമയത്ത് തന്നെ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് കാളിയന്. നാല് വര്‍ഷം മുന്നേ പ്രഖ്യാപിച്ച ചിത്രം കൊവിഡ് കാരണം ഷൂട്ടിംങ് തുടങ്ങാനായിട്ടില്ല. എന്തായാലും പ്രേക്ഷകരും സിനിമാ പ്രേമികളുമെല്ലാം ഏറെ ആകാംഷയോടെയാണ് ഈ ചിത്രങ്ങളെ നോക്കിക്കാണുന്നത്.