“നേരറിയാൻ സിബിഐ ആയിരുന്നു ഏറ്റവും ബോറടിച്ച് കണ്ടത്… പക്ഷേ ഇന്നലെയിറങ്ങിയ ഉരുപ്പടി കണ്ടുതീർന്നപ്പോൾ അതൊക്കെ ഒരു ക്ലാസിക് ആയിരുന്നു എന്ന് കുറ്റബോധം വന്നുപോയി” : സിബിഐ 5 – നെ വിമർശിച്ച് യുവാവിൻ്റെ കുറിപ്പ്
മലയാള സിനിമ ആസ്വാദകർ ഒന്നാകെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സിബിഐ 5. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം ഇന്നലെ റിലീസാവുകയും ചെയ്തു. സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രമാണ് സിബിഐ 5. 1988 -ലാണ് സിബിഐ സീരിസിലെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. 34 വർഷങ്ങൾക്കിപ്പുറം അഞ്ചാം ഭാഗം പുറത്തിറങ്ങുമ്പോൾ വലിയ പ്രതീക്ഷ ചിത്രത്തിന് നൽകിയവരായിരുന്നു ഒട്ടുമിക്ക പ്രേക്ഷകരും. എന്നാൽ ഇന്ന് ചിത്രം പുറത്തിറങ്ങിയതിന് ശേഷം ചിത്രത്തെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നു കേൾക്കുന്നത്. സിനിമ മികച്ചതാണെന്നും, പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ചിത്രത്തിന് സാധിച്ചച്ചെന്നും ഒരു വിഭാഗം അവകാശ വാദം ഉന്നയിക്കുമ്പോൾ ചിത്രം ആവർത്തന വിരസതയാണെന്നും, വലിയ രീതിയിൽ ഹൈപ്പ് കൊടുത്തു എന്നല്ലാതെ പ്രതീക്ഷയ്ക്ക് മാത്രം ചിത്രത്തിൽ ഒന്നുമില്ലെന്ന തരത്തിലാണ് മറു പക്ഷത്തിൻ്റെ വാദം.
സിനിമയെ ( സിബിഐ 5 ) മികച്ചതാക്കിയും, അതേസമയം ആവറേഞ്ച് എന്ന നിലയിലും വിലയിരുത്തുന്ന ആളുകൾ തങ്ങളുടെ അഭിപ്രായങ്ങളും, വിശകലനവും വ്യത്യസ്തതരം റിവ്യൂകളിലൂടെയാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ആളുകൾ പങ്കുവെക്കുന്നത്. മമ്മൂട്ടി എന്ന നടൻ സിബിഐ 5 -ൽ മികച്ച പ്രകടനം കാഴ്ച വെച്ചെന്നും, സിനിമ വലിയ വിജയം കൈവരിക്കുമെന്നും പറയുന്നവർക്കിടയിൽ ചിത്രത്തെ വിമർശിച്ചുക്കൊണ്ടുള്ള ഒരു പോസ്റ്റാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ശൈലൻ ശൈലേന്ദ്രകുമാർ എന്ന വ്യകതിയാണ് ചിത്രത്തെക്കുറിച്ചുള്ള വിമർശന പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ശൈലൻ ശൈലേന്ദ്രകുമാറിൻ്റെ പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ :
1988 ഫെബ്രുവരി 11ന് , “ഒരു സിബിഐ ഡയറിക്കുറിപ്പ്” ഇറങ്ങുമ്പോൾ അത് കേരളത്തിൽ മാത്രമല്ല, സൗത്തിൻഡ്യയിൽ തന്നെ ഒരു വൻസംഭവം ആയിരുന്നു.. 34വർഷം കഴിഞ്ഞപ്പോൾ അതേ ടീം അന്നത്തേതിനെക്കാൾ പൗരാണികമായ സ്ക്രിപ്റ്റിങ് മെയ്ക്കിംഗ് pattern പിന്തുടരുന്നു എന്നതാണ് ഇന്ന് വന്ന 5thഇൻസ്റ്റാൾമെന്റ് CBIയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.. 162 മിനിറ്റ് ദൈർഘ്യമുള്ള സിബിഐ5 ൽ ത്രില്ലിംഗ് ആയത് പോയിട്ട് engaging ആയിട്ടുള്ളത് പോലുമായ ഒരു മിനിറ്റുമില്ല എന്നുപറയേണ്ടി വന്നതിൽ സങ്കടമുണ്ട്.. നിരാശയും.. സിബിഐയുടെ ചരിത്രത്തിലെ ഏറ്റവും confusing ആയിട്ടുള്ള കേസ് എന്നൊക്കെ ബിൽഡപ്പ് തള്ളൽ കൊടുത്താണ് രഞ്ജി പണിക്കർ ഈ ഇൻവെസ്റ്റിഗേഷൻ ഫയൽ അവതരിപ്പിക്കുന്നത് എങ്കിലും പിന്നീടുള്ള ഒരു ഘട്ടത്തിലും ക്രൈമോ സസ്പെക്റ്റ്സോ എൻക്വയറിയോ ഒന്നും ഒട്ടും ഫീൽ ചെയ്യുന്നേയില്ല..
തൊലിപ്പുറമേ പോലും.. ഇന്റർവെൽ പഞ്ച് നനഞ്ഞ പടക്കമായിരുന്നു എങ്കിൽ ക്ളൈമാക്സ് കഴിയുമ്പോൾ തലയിൽ കൈവെച്ച് ഇരുന്നുപോവും.. SNസ്വാമി തന്നെ ദി ട്രൂത്തിൽ(1998) ഗംഭീരമായി അവതരിപ്പിച്ച ഒരു ട്വിസ്റ്റും 2021ൽ വന്ന വിശാൽ-ആര്യ ത്രില്ലർ the enemy യിലെ ഒരു ടെക്നിക്കൽ ഇൻഫോർമേഷനുമാണ് മൊത്തത്തിൽ പരിതാപകരം എന്നുപറയാവുന്ന സ്ക്രിപ്റ്റിന്റെ ആകെ കൈമുതൽ.. മേയ്ക്കിംഗിന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട.. ജഗതി ചേട്ടന് കൊടുത്ത വമ്പൻ tribute ആണ് സിനിമയിൽ കയ്യടിപ്പിച്ചതും മനസ് നിറച്ചതുമായ ഏക മുഹൂർത്തം.. വിക്രം സാർ ഇപ്പോഴും പുലിയാണ്.. .ഇക്ക 1988ലെതിനെക്കാൾ ചുള്ളനായിരിക്കുന്നു..
സായ്കുമാറും ഒരേ പൊളി.. അയ്യരുടെയോ സഹപ്രവർത്തകരുടെയും സ്വാഗിന് കുഴപ്പമൊന്നും തട്ടിയിട്ടില്ല എന്നതും സത്യം പക്ഷെ അവർക്ക് ചെയ്യാനുള്ള എന്തെങ്കിലും കണ്ടെന്റ് കൂടി വേണ്ടേ.. സിബിഐ സീരീസിൽ 2004ൽ ഇറങ്ങിയ സേതുരാമയ്യർ സിബിഐ ആയിരുന്നു, ഇപ്പോഴും റിപ്പീറ്റ് വാച്ചബിൾ ആയ, എന്റെ പേഴ്സണൽ ഫേവറിറ്റ്.. മണിചേട്ടന്റെ ഈശോയെ ഓർക്കുമ്പോൾ ഇപ്പോഴും ഒരു terror ഫീൽ ഉണ്ട്.. നാലാം പാർട്ട് ആയ നേരറിയാൻ സിബിഐ ആയിരുന്നു ഏറ്റവും ബോറടിച്ച് കണ്ടത്.. പക്ഷെ ഇന്നിറങ്ങിയ ഉരുപ്പടി കണ്ടുതീർന്നപ്പോൾ അതൊക്കെ ഒരു ക്ലാസിക് ആയിരുന്നു എന്ന് കുറ്റബോധം വന്നുപോയി.. രാവിലെ എഫ്ബിയിൽ , പടത്തിന്റെ റിലീസ്ദിനപോസ്റ്ററിന്റെ, 1960കളിലെതിന് സമാനമായ ഡിസൈനിംഗിനെ കുറിച്ച് വൻ ട്രോൾ ഉണ്ടായിരുന്നു..
പടം പ്രിവ്യൂ കണ്ട നിർമ്മാതാവ് സർഗചിത്ര അപ്പച്ചൻ സംവിധായകന്റെയും തിരക്കഥാകൃത്തിനെയും പച്ചയ്ക്ക് ട്രോളിയതാണ് എന്ന് അപ്പോഴേ തോന്നിയിരുന്നു.. ഒന്നുരണ്ടിടത്ത് അത് കമന്റായും ഇട്ടിരുന്നു.. സംഭവം നൂറ് ശതമാനമല്ല 500% കറക്റ്റ്.. ഈ പടത്തിന് ഇതിൽ കവിഞ്ഞ ഒരു പോസ്റ്റർ അർഹിക്കുന്നില്ല..(check the commentbox below) കൊറിയൻ ത്രില്ലറുകൾ കണ്ട് എൽകെജി കിടാങ്ങൾ വരെ (മനസിലെങ്കിലും) പന്നിപ്പൊളി സിനിമകൾ വിഷ്വലൈസ് ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇജ്ജാതി ഒരു അറുപഴഞ്ചൻ പുരാവസ്തു തിയേറ്ററിൽ എത്തിക്കാനുള്ള സാഹസികത കാണിച്ച എസ് എൻ സ്വാമിയും കെ മധുവും രാഷ്ട്രപതിയുടെ സ്വർണമെഡൽ അർഹിക്കുന്നുണ്ട്..; അമിതധീരതയ്ക്കുള്ള..
സിനിമയ്ക്ക് നേരേ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർത്തുന്ന സാഹചര്യത്തിലും ചിത്രത്തിലെ മികച്ച സന്ദർഭങ്ങളെക്കുറിച്ചും, മമ്മൂട്ടി,ജഗതി,സായ്കുമാർ ഉൾപ്പടെയുള്ളവരുടെ അഭിനയത്തെക്കുറിച്ചും ശൈലൻ ശൈലേന്ദ്രകുമാർ തൻ്റെ പോസ്റ്റിൽ കൃത്യമായി പരാമർശിച്ചിട്ടുണ്ട്. അതേസമയം ചിത്രത്തിൻ്റെ തിരക്കഥയെ വലിയ രീതിയിൽ വിമർശിക്കുകയും ചെയ്തു. ഒരു ഭാഗത്ത് നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്ന സാഹചര്യത്തിൽ ചിത്രത്തെ ഡിഗ്രേഡ് ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് ഇത്തരം ആളുകൾ ലക്ഷ്യം വെക്കുന്നതെന്ന തരത്തിലാണ് പോസ്റ്റിനു താഴെ കമെന്റുകളുയരുന്നത്.