നടന് ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി നിര്യാതയായി ; സംസ്കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ശാന്തി കവാടത്തില്‍
മലയാള സിനിമയിലേക്ക് കോസ്റ്റിയൂം ഡിസൈനറായി പിന്നീട് നടനായി മാറിയ വ്യക്തിയാണ് ഇന്ദ്രന്‍സ്. അദ്ദേഹത്തിന്റെ അമ്മ ഗോമതി അന്തരിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ വെച്ചാണ് നടത്തുക. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. നിരവധിപേരാണ് അദ്ദേഹത്തിന്റെ അമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തുന്നത്. കുറച്ചു നാളുകളായി സുഖമില്ലാതെ കിടപ്പിലായിരുന്നു ഇന്ദ്രന്‍സിന്റെ അമ്മ.
മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഓര്‍മ്മയെല്ലാം പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. ബുധനാഴ്ച അസുഖം കൂടുതലായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ദ്രന്‍സിന്റെ അച്ഛന് കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു. കൊച്ചുവേലുവിന്റെയും ഗോമതിയുടേയും ഒന്‍പത് മക്കളില്‍ മൂന്നാമനാണ് ഇന്ദ്രന്‍സ്.
സി.പി. വിജയകുമാര്‍ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ഇന്ദ്രന്‍സ് സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. ദൂരദര്‍ശനില്‍ ടെലിവിഷന്‍ സീരിയലായ കളിവീട്ടിലാണ് അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് സി.ഐ.ഡി ഉണ്ണികൃഷ്ണന് ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷം ചെയ്ത് സിനിമാ ജീവിതത്തിലേക്ക് അരങ്ങേറ്റം കുറിച്ചു. 2018-ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും 2019-ല്‍ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരവും അദ്ദേഹം നേടുകയുണ്ടായി.
മലയാളത്തിന്റെ അതുല്യ നടന്മാരില് ഒരാളാണ് ഇന്ന് ഇന്ദ്രന്‍സ്. കോമഡി കഥാപാത്രങ്ങളില്‍ നിന്നും ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടു മാറിയ ഇന്ദ്രന്‍സ് ഞെട്ടിച്ച സിനിമകള്‍ ഒരുപാട്. അര്‍ച്ചന 31 നോട്ട് ഔട്ട് ആണ് ഇന്ദ്രന്‍സ് ഒടുവില്‍ അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. പടയാണ് റിലീസ് കാത്തു നില്ക്കുന്ന സിനിമ. ചിത്രത്തില്‍ സഖാവ് കണ്ണന് മുണ്ടൂര്‍ ആയാണ് ഇന്ദ്രന്‍സ് എത്തുന്നത്.