നടി ഭാവന നമുക്ക് സമ്മാനിച്ച 10 മികച്ച ജനപ്രിയ കഥാപാത്രങ്ങൾ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. ഭാവന എന്ന പേര് കേൾക്കുമ്പോൾ തന്നെ കുട്ടിത്തം നിറഞ്ഞ സംസാരവും മനോഹരമായ ചിരിയുമാണ് മലയാളികളുടെ മനസ്സിലേക്ക് ഓടി വരുന്നത്. 2002 കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടായിരുന്നു താരത്തിന്റെ തുടക്കം. അഭിനയ ജീവിതത്തിൻ്റെ തുടക്ക കാലങ്ങളിൽ തന്നെ മികച്ച കഥാപാത്രങ്ങൾ താരത്തിന് ലഭിച്ചിരുന്നു. മലയാളത്തിനു പുറമേ തമിഴിലും, തെലുങ്കിലും, കന്നടയിലും, ഒരുപോലെ ആക്ടീവായിരുന്ന താരമാണ് ഭാവന.
അഞ്ചു വർഷങ്ങൾക്ക് ശേഷം എൻ്റെ ഇക്കാക്കാക്കൊരു പ്രേമം ഉണ്ടാർന്നു എന്ന മലയാള സിനിമയിലൂടെ വീണ്ടും ശക്തമായ തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ് ഭാവന. ഇപ്പോഴിതാ ഭാവന മലയാളത്തിൽ അവിസ്മരണീയമാക്കി മാറ്റിയ കഥാപാത്രങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. നമ്മൾ എന്ന സിനിമയിലെ പരിമളം എന്ന കഥാപാത്രം തന്നെയാണ് ആദ്യത്തേത്. സിദ്ധാർത്ഥ്, ജിഷ്ണു, രേണുക മേനോൻ തുടങ്ങിയ താരങ്ങളോടൊപ്പം ഭാവനയും ഏറെ ശ്രദ്ധനേടിയിരുന്നു.
ആ വർഷം തന്നെ പുറത്തിറങ്ങിയ മറ്റൊരു ചിത്രമാണ് സ്വപ്നക്കൂട്. സ്വപ്നക്കൂട്ടിലെക്ക് കമലയേയും പത്മയേയും മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. മീരാജാസ്മിനും ഭാവനയുമാണ് ആ കഥാപാത്രങ്ങൾ മനോഹരമായി അവതരിപ്പിച്ചത്. ചതിക്കാത്ത ചന്തു എന്ന ജയസൂര്യ സിനിമയിലെ ഇന്ദിരയുടെ പ്രണയവും പ്രേതമായുള്ള പ്രകടനവുമെല്ലാം താരത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂർത്തങ്ങളാണ്.
അൻവർ റഷീദ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് ചോട്ടാ മുംബൈ. ആ സിനിമയിൽ പറക്കും ലത എന്ന് പേരുള്ള ബോൾഡ് ആയിട്ടുള്ള ഓട്ടോറിക്ഷക്കാരി ആയിട്ടാണ് ഭാവന എത്തിയത്. സിനിമയിലെ ഭാവനയുടെ ഓരോ രംഗങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ് നായകനായെത്തിയ ചിത്രമായിരുന്നു മുല്ല. സിനിമയിൽ അതിഥി വേഷത്തിലാണ് ഭാവന എത്തിയത്. വളരെ ചെറിയ കഥാപാത്രമാണെങ്കിലും തിയേറ്ററുകളിൽ ചിരിയുടെ മാലപടക്കം സൃഷ്ടിച്ചുകൊണ്ട് അതുവരെയുള്ള കഥാരീതിയെ തന്നെ മാറ്റിമറിക്കാൻ ഭാവനയ്ക്ക് കഴിഞ്ഞു.
ദിലീപ് നായകനായി എത്തിയ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചതും ഭാവനയായിരുന്നു. വളരെയധികം പാവമായ സോളമൻ എന്ന നായക കഥാപാത്രത്തിന് പൂർണ്ണ പിന്തുണ നൽകി പ്രണയിക്കുന്ന മേരി എന്ന കഥാപാത്രം വളരെ മികച്ചതായിരുന്നു. അതിനു ശേഷം ഒഴിമുറി എന്ന സിനിമയിലൂടെ തന്റെ അഭിനയസാമർഥ്യവും താരം പുറത്തു കാട്ടി.
കഥാപാത്രത്തോട് ഇഴുകി ചേർന്ന് അഭിനയിച്ച സിനിമയായിരുന്നു ഒഴിമുറി. അതിലെ ബാലാമണിയെ സിനിമ കണ്ട ആർക്കും മറക്കാൻ കഴിയില്ല. ആസിഫ് അലി നായകനായ സൂപ്പർഹിറ്റ് സിനിമയാണ് ഹണി ബീ. സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങളിൽ, തൻ്റെ കഥാപാത്രത്തെ ഭാവന ഏറ്റവും മികച്ചതാക്കി. കൊച്ചി സ്ലാങും കോമഡിയുമെല്ലാം വളരെ മനോഹരമായി തന്നെ ഈ സിനിമയിൽ ചെയ്തു. പൃഥ്വിരാജ് നായകനായ ആദം ജോൺ എന്ന സിനിമയിലെ ഭാവനയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ചെറിയ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു ഈ സിനിമയിൽ ചെയ്തത്. ഇതുകൂടാതെ നിരവധി മലയാള സിനിമകളിലൂടെ ഇപ്പോഴും ആരാധകർക്ക് പ്രിയപ്പെട്ട താരമാണ് ഭാവന.