“ലാലേട്ടന്റെ കുഞ്ഞാലി മരക്കാറിനോട് ഇഷ്ടക്കുറവ്; മമ്മൂക്കയുടെ പഴശ്ശിരാജ കൂടുതലിഷ്ടം”: സായ് കുമാർ
1989ല്‍ സിദ്ധിഖ് -ലാല്‍ കൂട്ടുകെട്ടില്‍ സംവിധാനം ചെയ്ത റാംജിറാവു സ്പീക്കിംങ് എന്ന ചിത്രത്തിലൂടെ നായകനായെത്തി പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് സായികുമാര്‍. മലയാള സിനിമയിലെ പ്രശസ്തനായ ചലച്ചിത്ര നടന് കൊട്ടാരക്കര ശ്രീധരന് നായരുടേയും വിജയലക്ഷ്മിയമ്മയുടേയും മകനായി ജനിച്ച് സായികുമാര്‍ 1977-ല്‍ റിലീസായ വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. വ്യത്യസ്ത കഥാപാത്രങ്ങള്‍ വളരെ മികച്ചതായി കൈകാര്യം ചെയ്യുന്ന നടനാണ് അദ്ദേഹം. റാംജിറാവു ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്നേ താരം നാടകങ്ങളിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
സായി കുമാര്‍ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തില്‍ സ്വകാര്യത ആഗ്രഹിക്കുന്ന താരമാണ്. അതുകൊണ്ട് തന്നെ മാധ്യമങ്ങളുടെ അഭിമുഖങ്ങള്‍ക്കൊന്നും തന്നെ മുഖം കൊടുക്കാറില്ല. ആവശ്യമില്ലാത്ത പബ്ലിസിറ്റിയൊന്നും ആഗ്രഹിക്കാതെ വിവാദങ്ങളില്‍ തലയിടാല്‍ താല്പര്യമില്ലാതെ ഒതുങ്ങി ജീവിക്കുന്ന താരമാണ് അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കുറേ നാളുകള്‍ക്ക് ശേഷം ഒരു അഭിമുഖം നല്‍കുകയും അത് സോഷ്യല്‍ മീഡിയകളില്‍ എല്ലാം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരിക്കുകയാണ്. കളര്‍ സിനിമകള്‍ കണ്ടു തുടങ്ങാത്ത കാലത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ പ്രൗഢിയില്‍ സായികുമാറിന്റെ അച്ഛന് അഭിനയിച്ച ‘കുഞ്ഞാലിമരക്കാര്‍’, ‘ പഴശിരാജ ‘ ചിത്രങ്ങളിലെ ആ കഥാപാത്രങ്ങള്‍ ഇന്നും നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ തനിക്ക് ഇന്നത്തെ കുഞ്ഞാലി മരക്കാര്‍ ഇഷ്ടമല്ലെന്നാണ് സായികുമാര്‍ പറയുന്നത്. അതിന് കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
ഇന്നത്തെ സാങ്കേതിക വിദ്യയും, ചിത്രീകരണ രീതിയും കാമറയുടെ വൈദഗ്ദ്ധതയും ഒന്നും ഇല്ലാതിരുന്ന കാലത്തെടുത്ത കുഞ്ഞാലിയും ഇന്നത്തെ മരക്കാറും തമ്മില്‍ ഒരുപാട് വ്യത്യാസം ഉണ്ട്. ഇന്ന് കുഞ്ഞാലിമരക്കാറായി മോഹന്‍ലാല്‍ ആണ് സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നത്. ”അന്നത്തെ കുഞ്ഞാലിയും ഇന്നത്തെ കുഞ്ഞാലിയുമായി യാതൊരു വിധ ബന്ധവും ഇല്ല. അത് വേഷത്തിന്റെ കാര്യത്തിലായാലും ഭാവപ്പകര്‍ച്ചയിലും ഇല്ല. നമ്മുടെ മനസില്‍ നില്ക്കുന്ന കോഴിക്കോടുകാരനായ കുഞ്ഞാലിമരക്കാര്‍ എന്ന് പറയുമ്പോള്‍ ആ കാലഘട്ടത്തിലെ മുസ്ലിം തറവാട്ടിലെ ചങ്കുറപ്പുള്ള കൊതുമ്പുവള്ളത്തില്‍ പോയിട്ട് ബ്രിട്ടീഷ്കാരുടെ വിറപ്പിക്കുകയും വാരികുന്തം വച്ച് ആക്രമിക്കുകയും ചെയ്യുന്ന പോരാളിയാണ്. ഇടത്തു വശത്ത് മുണ്ടുടുത്ത് ബെല്‍റ്റും കെട്ടി താടിയൊക്കെ വച്ച, തല മൊട്ടയടിച്ചുള്ള നില്‍പ്പാണ്. ആ സുഖം ഈ കുഞ്ഞാലിയില്‍ തോന്നിയില്ല.
തോന്നാത്തിന്റെ കാരണം ചിലപ്പോള്‍ ഞാന്‍ അന്ന് ആദ്യം കണ്ട് മനസില്‍ പതിഞ്ഞ് നില്ക്കുന്നതുകൊണ്ടാവാം. അന്ന് ഈ സിനിമ ഉണ്ടാവാതെ ഇന്ന് പ്രിയദര്ശന് ഈ ചിത്രം ചെയ്തിരുന്നേല്‍ എനിക്ക് തോന്നാം ഇത് നല്ലതാണല്ലോ എന്നെന്നും താരം പറയുന്നു. പഴശിരാജ എന്ന് പറയുമ്പോള്‍ അന്ന് ചെയ്തത് പൂര്‍ണമായും പഴശിയെ ഉദ്ദേശിച്ച് മാത്രമുള്ളതായിരുന്നില്ല. അതില്‍ മറ്റ് പല കഥകളും വരുന്നുണ്ട്. പിന്നെ എനിക്ക് തോന്നിയ ഒരു കാര്യം അന്നത്തെ പഴശിയിലെ വേഷവിദാനത്തേക്കാള് നല്ലത് ഹരിഹരന് സംവിധാനം ചെയ്ത പഴശിരാജയിലെ ആണ്. അന്നത്തേതില്‍ കിന്നരിയും തൊപ്പിയും കാര്യങ്ങളുമായിരുന്നു. എന്നാല്‍ ഇന്നത്തെ കുറച്ചുകൂടി നാച്ചുറല്‍ ലുക്ക് കിട്ടുന്ന വേഷങ്ങളായിരുന്നുവെന്നും കസവുമുണ്ടും ഗാംഭീര്യവുമൊക്കെയുള്ള വേഷം മമ്മൂട്ടി നന്നായി ചെയ്തുവെന്നും സായികുമാര്‍ വ്യക്തമാക്കുന്നു.
ഒരു നായകനെന്ന നിലയില്‍ തനിക്ക് പണ്ട് നല്ല രീതിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും കഥകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പലപ്പോഴും മോശമായിരുന്നുവെന്നും സായികുമാര്‍ പറയുന്നു. അതില്‍ തനിക്ക് പശ്ചാത്താപമില്ലെന്നും എന്നാല്‍ കുറച്ചുകൂടി നല്ല വേഷങ്ങള്‍ ചെയ്യാമായിരുന്നുവെന്നും സായികുമാര്‍ കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ തിളങ്ങുന്ന ഒരു നല്ല നടന് തന്നെയാണ് സായികുമാര്‍.