മലയാളത്തിൽ ഇതുവരെ കാണാത്ത രീതിയിലുള്ള റിവ‌ഞ്ച് ത്രില്ലർ, ജിഷോ ലോൺ ആന്‍റണിയുടെ അസാധ്യ മേക്കിങ്, പ്രേക്ഷക പ്രീതിയിൽ മുന്നേറി ‘രുധിരം
1 min read

മലയാളത്തിൽ ഇതുവരെ കാണാത്ത രീതിയിലുള്ള റിവ‌ഞ്ച് ത്രില്ലർ, ജിഷോ ലോൺ ആന്‍റണിയുടെ അസാധ്യ മേക്കിങ്, പ്രേക്ഷക പ്രീതിയിൽ മുന്നേറി ‘രുധിരം

സാധാരണയായി അന്യ ഭാഷയിൽ നിന്നും ഒരു നടൻ മറ്റൊരു ഫിലിം ഇൻഡസ്ട്രിയിൽ എത്തുമ്പോള്‍ ക്യാരക്ടർ റോളുകളോ വില്ലൻ വേഷങ്ങളോ ഒക്കെയാകും പലപ്പോഴും ലഭിക്കുന്നത്. എന്നാൽ കന്നഡയിൽ നിന്നുമെത്തി ഒരു മലയാള സിനിമയിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച് ഞെട്ടിച്ചിരിക്കുകയാണ് രാജ് ബി ഷെട്ടി. അദ്ദേഹം കേന്ദ്ര കഥാപാത്രമായെത്തിയ ആദ്യ മലയാള സിനിമയായ ‘രുധിര’ത്തിന് ബോക്സോഫീസിൽ ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. സിനിമയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന മലയാളി സിനിമാ പ്രേമികൾ സ്വന്തമായുണ്ട് അദ്ദേഹത്തിന്. അദ്ദേഹം നായകനായെത്തിയ കന്നഡ സിനിമകൾക്ക് നൽകിയതിനേക്കാൾ ഏറെ പിന്തുണയാണ് ഇപ്പോൾ കേരളത്തിൽ അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രം റിലീസായി രണ്ട് ദിനം പിന്നിടുമ്പോള്‍ എല്ലായിടത്തും പ്രേക്ഷക – നിരൂപക പ്രശംസയോടെ ഗംഭീര അഭിപ്രായമാണ് വന്നുകൊണ്ടിരിക്കുന്നത്. ‘മഴു മറന്നാലും മരം മറക്കില്ല’ എന്ന ടാഗ് ലൈനുമായി എത്തിയ ചിത്രം മലയാളം ഇന്നേവരെ കാണാത്ത രക്തം കൊണ്ടെഴുതിയ പ്രതികാര കഥയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. കന്നഡ സിനിമയിൽ രാജ് ബി ഷെട്ടി എന്ന നടന്‍റെ റേഞ്ച് നമ്മള്‍ അറിഞ്ഞ ഒട്ടേറെ സിനിമകളുണ്ട്. അതിൽ തന്നെ ‘ഒണ്ടു മോട്ടേയ കഥേ’, ‘ഗരുഡ ഗമന ഋഷഭ വാഹന’, ‘ടോബി’ എന്നീ കന്നഡ സിനിമകളിൽ സമാനതകളില്ലാത്ത പ്രകടന മികവിലൂടെ അദ്ദേഹം അതിശയിപ്പിച്ചിട്ടുമുണ്ട്. മലയാളത്തിൽ ‘ടർബോ’, ‘കൊണ്ടൽ’ തുടങ്ങിയ രണ്ട് സിനിമകളിൽ അദ്ദേഹം ഈ വർഷം അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ അതിശയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങള്‍ പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്തിരിക്കുകയാണ് ജിഷോ ലോൺ ആന്‍റണി കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ‘രുധിരം’.

ആദ്യ ഷോട്ട് മുതൽ ആകസ്മികമായ സംഭവ പരമ്പരകളാണ് പ്രേക്ഷകനെ കാത്തിരിക്കുന്നത്. ഓരോ സെക്കൻഡും ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് സിനിമയുടെ മേക്കിങ്. ഒട്ടും നാടകീയതയില്ലാതെ ഈ സൈക്കോളജിക്കൽ സർവൈവൽ റിവഞ്ച് ത്രില്ലർ ജിഷോ ലോൺ ആന്‍റണി അണിയിച്ചൊരുക്കിയിട്ടുണ്ട്. ആദ്യ സിനിമയായിട്ടുകൂടി തികഞ്ഞ കൈയൊതുക്കമുള്ള സംവിധാന മികവാണ് അദ്ദേഹത്തിന്‍റേത്. ഹോളിവുഡ് സ്റ്റാൻഡേർഡ് മേക്കിങ് കൊണ്ട് സിനിമാ പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ് ‘രുധിരം’. കണ്ടു ശീലിച്ച കാഴ്ചകൾക്കപ്പുറത്തേക്ക് കൊണ്ടുപോകുന്നതാണ് ഓരോ ഫ്രെയ്മിലും സംവിധായകൻ ഒളിപ്പിച്ചിരിക്കുന്ന നിഗൂഢതകള്‍. ജിഷോ ലോൺ ആന്‍റണിയും ജോസഫ് കിരൺ ജോർജും ചേർന്നാണ് ‘രുധിര’ത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

അതോടൊപ്പം തന്നെ രാജ് ബി ഷെട്ടിയോടൊപ്പം ചേർത്തു പറയേണ്ടുന്ന പ്രകടനമാണ് അപർണ ബാലമുരളിയുടേത്. അടുത്തിടെ ഹിറ്റായ ‘കിഷ്കിന്ധ കാണ്ഡ’ത്തിൽ കണ്ട അപർണയേ അല്ലേ ‘രുധിര’ത്തിൽ. അടിമുടി മാറ്റമുള്ള വേഷം, ഗംഭീരമായി അപർണ പകർന്നാടിയിട്ടുണ്ട്. ഒരാളുടെ വീട്ടുതടങ്കലിൽ പെട്ടുകിടക്കുന്ന സ്വാതി എന്ന കഥാപാത്രമായിട്ടാണ് അപർണ എത്തിയിരിക്കുന്നത്. വളരെ നിസ്സഹായ അവസ്ഥയിലാണെങ്കിലും അതോടൊപ്പം സ്വാതന്ത്ര്യം സ്വപ്നം കാണുന്ന പ്രതീക്ഷയുടെ കിരണങ്ങള്‍ കണ്ണിൽ തെളിയുന്ന വേഷം അപർണ മികവുറ്റതാക്കിയിട്ടുണ്ട്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിലും അസാമാന്യ മികവ് പുലർത്തിയിട്ടുമുണ്ട് അപർണ.

അളന്നു മുറിച്ച സംഭാഷണങ്ങളും അതോടൊപ്പം പ്രേക്ഷകരിൽ ഒരു മിസ്റ്ററി മൂഡ് ക്രിയേറ്റ് ചെയ്യുന്ന രീതിയിലുള്ള വഴിത്തിരിവുകളും സിനിമയിൽ കൊണ്ടുവരുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും നന്നായി ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഒരാള്‍ സൈക്കോ ആയി മാറുന്നതിന് പിന്നിലെ കാര്യ കാരണങ്ങള്‍ കൺവിൻസിംഗായ രീതിയിൽ പ്രേക്ഷകരിലേക്ക് കണക്ടാവുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നതും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഹൈറേഞ്ച് പശ്ചാത്തലത്തിലുള്ള ദൃശ്യങ്ങളും നിഗൂഢത നിഴലിക്കുന്ന ശബ്‍ദങ്ങളുമൊക്കെ നന്നായി കൂട്ടിയിണക്കിയിട്ടുമുണ്ട് ചിത്രത്തിൽ. മലയാളത്തിൽ വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്നൊരു പുതുപുത്തൻ പ്രമേയത്തെ ഏറെ മികച്ച രീതിയിൽ, ഹോളിവുഡ് നിലവാരത്തിൽ ജിഷോ ലോൺ ആന്‍റണിയും ക്രൂവും ചേർന്ന് സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.