അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ പിടിച്ചിരുത്തുന്ന ‘രുധിരം’; അഭിനയ മികവിൽ ഞെട്ടിച്ച് രാജ് ബി ഷെട്ടിയും അപർണയും, റിവ്യൂ വായിക്കാം
1 min read

അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ പിടിച്ചിരുത്തുന്ന ‘രുധിരം’; അഭിനയ മികവിൽ ഞെട്ടിച്ച് രാജ് ബി ഷെട്ടിയും അപർണയും, റിവ്യൂ വായിക്കാം

ഒരു ദിവസം നമ്മള്‍ ഒരു മുറിക്കുള്ളിൽ അടയ്ക്കപ്പെടുന്നു എന്ന് ചിന്തിക്കുക, മൊബൈലില്ല, കംപ്യൂട്ടറില്ല, ടെലിവിഷനില്ല, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ദിവസങ്ങള്‍. ആ മുറിയിൽ നിന്നും പുറത്തു കടക്കാനാവാത്ത വിധം ദിവസങ്ങൾ തള്ളി നീക്കേണ്ടി വരുന്നതിന്‍റെ നിസ്സഹായത എത്രമാത്രമെന്ന് ആലോചിച്ചു നോക്കൂ, അതോടൊപ്പം ശരീരം നോവുന്ന പീഡനങ്ങളും. ഓർക്കുമ്പോഴേ പേടി തോന്നുന്നൊരു അനുഭവമാണത്. അത്തരത്തിൽ ഉള്‍ക്കിടലമുണ്ടാക്കുന്ന ഭയത്തിന്‍റേയും നിസ്സഹായാവസ്ഥയുടെയും വേദനകളുടേയുമൊക്കെ നേർക്കാഴ്ചയായി തിയേറ്ററുകളിലെത്തിയിരിക്കുകയാണ് രാജ് ബി ഷെട്ടി – അപർണ ബാലമുരളി ടീമിന്‍റെ ‘രുധിരം’ എന്ന ചിത്രം.

ഹൈറേഞ്ചിലെ ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടറാണ് ഡോ. മാത്യു റോസി. നാട്ടുകാരെ സഹായിക്കുന്ന, സാമ്പത്തികമായി പോലും പലർക്കും ഉപകാരങ്ങൾ ചെയ്യുന്ന, ഏവരോടും അനുകമ്പയോടെ പെരുമാറുന്ന ഒരാളാണ് മാത്യു. പക്ഷേ അയാളുടെ ഉള്ളിൽ ഒരാളോട് തീർത്താൽ തീരാത്ത പകയാണ്. ആ പകയിൽ നീറി നീറിയാണ് മാത്യുവിന്‍റെ ജീവിതം. അതിൽ അയാൾക്ക് പ്രതികാരം ചെയ്യണമെന്നുണ്ട്. അതിനായി അയാള്‍ തിരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങള്‍ വേറിട്ടതാണ്. ആ പകയിൽ ആരൊക്കെ വെന്ത് നീറും, ആരൊക്കെ ആ പകയുടെ തീച്ചൂട് അറിയും എന്നൊക്കെയാണ് സിനിമ പറഞ്ഞുവയ്ക്കുന്നത്.

 

മാത്യുവിനേയും അയാളുടെ ചുറ്റുമുള്ള കഥാപാത്രങ്ങളേയും സാഹചര്യങ്ങളെയും പ്രേക്ഷകനു നന്നായി മനസ്സിലാക്കി കൊടുത്തുകൊണ്ടാണ് സിനിമയുടെ ആദ്യ പകുതി പുരോഗമിക്കുന്നത്. ആദ്യ ഷോട്ട് മുതൽ ആകസ്മികമായ സംഭവ പരമ്പരകളാണ് പ്രേക്ഷകനെ കാത്തിരിക്കുന്നത്. ഓരോ സെക്കൻഡും ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് സിനിമയുടെ മേക്കിങ്. ഒട്ടും നാടകീയതയില്ലാതെ ഒരുക്കിയിരിക്കുന്നൊരു സൈക്കോളജിക്കൽ സർവൈവൽ റിവഞ്ച് ത്രില്ലറാണ് രുധിരം.

പലപ്പോഴും യാദൃച്ഛികതകളാണ് ജീവിതത്തിൽ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളുണ്ടാക്കുന്നത്. എന്നാൽ അത് ആ വ്യക്തിക്കൊപ്പം അയാൾക്ക് ചുറ്റുമുള്ളവരുടെ ജീവിതങ്ങളിലും ഏറെ മാറ്റങ്ങളാണുണ്ടാക്കിയെന്ന് വരാം. ചിലപ്പോൾ അത് ഉണ്ടാക്കുന്ന അനന്തരഫലങ്ങളുടെ വ്യാപ്തി വളരെ വലുതായിരിക്കുമെന്നും ചിത്രം കാണിച്ചുതരുന്നുണ്ട്. മലയാളത്തിൽ അപൂർവ്വമായി മാത്രമാണ് പലപ്പോഴും സര്‍വൈവല്‍ റിവഞ്ച് ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമകള്‍ എത്താറുള്ളത്, അക്കൂട്ടത്തിലേക്ക് ഏറ്റവും പുതിയ ചിത്രമാണ് ‘രുധിരം’ എന്ന് നിസ്സംശയം പറയാം.

 

ആർക്കും പെട്ടെന്ന് പിടി തരാത്തൊരു കഥാപാത്രമായി ഞെട്ടിച്ചിരിക്കുകയാണ് രാജ് ബി ഷെട്ടി. മലയാളത്തിൽ ക്യാരക്ടർ റോളുകളിൽ എത്തിയിട്ടുണ്ടെങ്കിലും കേന്ദ്ര കഥാപാത്രമായുള്ള അദ്ദേഹത്തിന്‍റെ ആദ്യ വരവിൽ തന്നെ വിസ്മയിപ്പിച്ചിരിക്കുകയാണ്. ഡോ. മാത്യു റോസി എന്ന കഥാപാത്രം അദ്ദേഹത്തിന്‍റെ കൈയ്യിൽ ഭദ്രമായിരുന്നു. സ്വാതി എന്ന കഥാപാത്രമായി അപർണയും പെർഫെക്ട് കാസ്റ്റിങ്ങാണ്. ഇരുവരുടേയും കോമ്പിനേഷൻ സീനുകളും സമാനതകളില്ലാത്ത വിധം മികച്ചുനിൽക്കുന്നതാണ്. നവാഗതനായ ജിഷോ ലോൺ ആന്‍റണി എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഹോളിവുഡ് സ്റ്റാൻഡേർഡ് മേക്കിങ് കൊണ്ട് സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറുമെന്ന് ഉറപ്പാണ്.

തിരക്കഥയിലെ വേറിട്ട രീതിയിലുള്ള സമീപനവും അവതരണശൈലിയും പതിയെ സഞ്ചരിക്കുന്ന ഒരു പ്രതികാരകഥയായി മാത്രമായി മാറേണ്ട സിനിമയെ മറക്കാനാവാത്തൊരു ദൃശ്യാനുഭവമാക്കി മാറ്റുന്നുണ്ട്. കണ്ടു ശീലിച്ച കാഴ്ചകൾക്കപ്പുറത്തേക്കാണ് സിനിമയിലെ ദൃശ്യങ്ങൾ കൂട്ടിക്കൊണ്ടു പോകുന്നത്. പതിഞ്ഞ താളത്തിൽ പറഞ്ഞു പോകുന്ന ആഖ്യാനവും ഓരോ ഫ്രെയ്മിലും കൊണ്ടുവരുന്ന അസാധാരണ വിഷ്വൽ ട്രീറ്റ്‍മെന്‍റും കഥയുടെ സ്വഭാവത്തോട് ചേർന്നുനിൽക്കുന്ന ലൊക്കേഷനുകളുമൊക്കെ എടുത്തുപറയേണ്ടതാണ്. സംവിധായകനായ ജിഷോ ലോൺ ആന്‍റണി വലിയ കയ്യടി അർഹിക്കുന്നു. സംവിധാനത്തിൽ അങ്ങേയറ്റത്തെ സൂക്ഷ്മത അദ്ദേഹം കാത്തു സൂക്ഷിച്ചിട്ടുണ്ടെന്നത് ഓരോ ഫ്രെയിമും കാണുമ്പോള്‍ മനസ്സിലാകും.

 

റൈസിങ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി.എസ്. ലാലനാണ് ‘രുധിരം’ നിര്‍മ്മിച്ചിരിക്കുന്നത്. സജാദ് കാക്കു ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങള്‍ മികവുറ്റതാണ്. അവയൊക്കെ ഏറെ കിറുകൃത്യമായി കൂട്ടിയോജിപ്പിച്ചിരിക്കുന്ന ഭവന്‍ ശ്രീകുമാറിന്‍റെ എഡിറ്റിംഗ് മികവും എടുത്തുപറയേണ്ടതാണ്. 4 മ്യൂസിക്സ് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ മ്യൂസിക് സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഒരു മിസ്റ്ററി മൂഡ് നിലനിർത്തുന്നതിൽ സഹായിച്ചിട്ടുണ്ട്. പരീക്ഷണ സ്വഭാവമുള്ള ആഖ്യാനത്തോടൊപ്പം സാങ്കേതിക മികവും തികവുറ്റ മേക്കിങ്ങും ചേരുന്ന ‘രുധിരം’ സമകാലീന മലയാള സിനിമയുടെ വേറിട്ടൊരു മുഖമാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് ഉറപ്പിച്ചു പറയാം.