“നീണ്ട 36 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ആ ഫാന്‍സ് അസോസിയേഷന്‍”
മലയാള സിനിമയ്ക്ക് എന്നല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമാണ് മോഹൻലാൽ. ബോളിവുഡിലെ കൊടികെട്ടിയ താരങ്ങൾ പോലും മോഹൻലാലിന്റെ അനായാസ അഭിനയം കണ്ട് അതിശയിച്ച് നിന്നിട്ടുണ്ട്. വളരെ കുറഞ്ഞ സമയംകൊണ്ട് കഥാപാത്രത്തിനകത്തേക്ക് പ്രവേശിച്ച് എഴുത്തുകാരനും സംവിധായകനും സങ്കല്പിക്കുന്നതിനപ്പുറത്തേക്ക് കടന്ന് കഥാപാത്രത്തെ വ്യാഖ്യാനിക്കാന്‍ മോഹൻലാലിന് സാധിക്കും. പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. എന്നാല്‍ മലയാളികളില്‍ മാത്രം ഒതുങ്ങുന്നതല്ല മോഹന്‍ലാലിന്‍റെ അഭിനയം ഇഷ്ടപ്പെടുന്നവര്‍. നായകനാവുന്ന ഏറ്റവും പുതിയ ചിത്രം എല്‍ 360 ന്‍റെ ചിത്രീകരണം നടക്കുന്ന തേനി ലൊക്കേഷനില്‍ അദ്ദേഹത്തെ കാണാന്‍ ഇന്ന് ഒരു പ്രത്യേക അതിഥി എത്തി. മധുര സ്വദേശി ജയപാണ്ടി ആയിരുന്നു അത്.
ജയപാണ്ടിയെ സംബന്ധിച്ച് മോഹന്‍ലാല്‍ എന്ന അഭിനേതാവും താരവുമൊക്കെ ഒരു വികാരമാണ്. തമിഴ്നാട്ടില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ തുടങ്ങിയ ആളാണ് അദ്ദേഹം. ഇപ്പോഴൊന്നുമല്ല, നീണ്ട 36 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അത്. 1988 ലാണ് ജയപാണ്ടി മോഹന്‍ലാലിനുവേണ്ടി തമിഴ്നാട്ടില്‍ ആരാധക സംഘടന ആരംഭിച്ചത്. എന്നാല്‍ ഇതുവരെ പ്രിയതാരത്തെ നേരില്‍ കണ്ടിരുന്നില്ല ജയപാണ്ടി. എന്നാല്‍ ആദ്യമായി ഇന്ന് അത് സാധിച്ചു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന എല്‍ 360 ന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയാണ് അദ്ദേഹം പ്രിയതാരത്തെ കണ്ടത്. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ജയപാണ്ടിയുടെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്.
തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് എല്‍ 360. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണ്. ശോഭനയാണ് നായിക. രജപുത്ര രഞ്ജിത്ത് ആണ് നിര്‍മ്മിക്കുന്നത്. കെ ആര്‍ സുനിലിന്‍റേതാണ് ചിത്രത്തിന്‍റെ കഥ. തിരക്കഥയൊരുക്കിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തി. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ഷാജി കുമാർ, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, കോ ഡയറക്ടർ ബിനു പപ്പു. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരു ചിത്രത്തില്‍ ഒരുമിക്കുന്നത്.