“വടക്കൻ വീരഗാഥയും ന്യൂ ഡൽഹിയും ദി കിങ്ങുമൊക്കെ റീ റിലീസ് ചെയ്യട്ടെ… കാണാൻ ആളുകൾ കേറിയേക്കും”
1 min read

“വടക്കൻ വീരഗാഥയും ന്യൂ ഡൽഹിയും ദി കിങ്ങുമൊക്കെ റീ റിലീസ് ചെയ്യട്ടെ… കാണാൻ ആളുകൾ കേറിയേക്കും”

മലയാള സിനിമയിലെ റീ റിലീസ് ട്രെന്‍ഡില്‍ അടുത്തതായി എത്തുന്ന ചിത്രം മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ചിത്രം ഒരു വടക്കന്‍ വീരഗാഥയാണ്. എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1989 ല്‍ പുറത്തെത്തിയ ചിത്രമാണിത്. വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവിനെ എംടി വേറിട്ട രീതിയില്‍ നോക്കിക്കണ്ടപ്പോള്‍ പിറന്നത് മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടമാണ്. ഇപോഴിതാ ഇത് സംബന്ധിച്ച് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

 

ഒരു വടക്കൻ വീരഗാഥ പുതിയ ദൃശ്യ ശബ്ദ വ്യന്യാസങ്ങളുടെ അകമ്പടിയിൽ തിയറ്ററിൽ റീ റിലീസ് ചെയ്തു കാണാൻ ആഗ്രമുണ്ടെന്ന് മുമ്പൊരിക്കൽ ഈ ഗ്രൂപ്പിൽ പറഞ്ഞിരുന്നു.

ഒടുവിൽ അത് യാഥാർഥ്യമാകുന്നു.

ഗൃഹലക്ഷ്മി പ്രോഡക്ഷന്റെ നിർമാതാവായിരുന്ന ദിവംഗതനായ പിവി ഗംഗാധരന്റെ മക്കൾ വടക്കൻ വീരഗാഥ 4k അറ്റ്മോസിൽ തിയറ്ററിൽ എത്തിക്കുന്നു.

മമ്മൂട്ടി തന്നെയാണ് ഈ വിവരം അറിയിച്ചത്.

ഒരു സിനിമ റീ റിലീസ് ചെയുമ്പോൾ അതിന്റെ ദൃശ്യ ശബ്ദ സാധ്യതകൾ കൂടി ആ സിനിമയുടെ അണിയറ പ്രവർത്തകർ ചിന്തിക്കേണ്ടതുണ്ട്.

വെറും കഥാപരമായ മേന്മ മാത്രമല്ല അതിന് പരിഗണിക്കേണ്ടത്.പ്രമേയപരമായ മികച്ച കൊണ്ടെന്റുകളുള്ള ചിത്രങ്ങൾ നമുക്ക് യൂ ട്യൂബിൽ കണ്ടാലും അനുഭവഭേദ്യമായേക്കും.

കെ ജി ജോർജിന്റെയും പത്മരാജന്റെയും പവിത്രന്റെയും മോഹന്റെയും എം ടി.യുടെയും ശ്രീനിവാസന്റെയും സത്യൻ അന്തിക്കാടിന്റെയും പ്രമേയപരമായി മികച്ചു നിൽക്കുന്ന സിനിമകൾ തലമുറകൾ പിന്നിട്ട് യൂ ട്യൂബിൽ നിന്നും മറ്റു പ്ലാറ്റ് ഫോമുകളിൽ നിന്നും ഇന്നും ആളുകൾ നിരന്തരം കണ്ടാസ്വദിക്കുന്നുണ്ട്.

അത്തരം സിനിമകൾ കോൺടെന്റിന്റെയും കഥ പറച്ചിൽ രീതിയുടെയും സവിശേഷത കൊണ്ട് എന്നും നില നിൽക്കുകയും ചെയ്യും.

പാലേരി മാണിക്യം മാത്രമല്ല രഞ്ജിത്ത് സംവിധാനം ചെയ്ത ഒരു സിനിമയും റീ റിലീസിൽ ശ്രദ്ധിക്കപ്പെടാൻ സാധ്യതയില്ല.

ആ സിനിമകൾ അതിന്റെ ദൃശ്യ ശബ്ദ വ്യാന്യാസങ്ങളുടെ സവിശേഷമായ കാഴ്ച്ചാനുഭവങ്ങളുടെ മികവിലല്ല ശ്രദ്ധിക്കപ്പെട്ടത് എന്നതാണ് ഇതിന് കാരണം.

മാത്രമല്ല,നന്ദനം, ഇന്ത്യൻ റുപി,രാവണ പ്രഭു,പുത്തൻപണം തുടങ്ങിയ പടങ്ങൾ മാറ്റി നിർത്തിയാൽ രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമകളൊക്കെ ഒരു സമാന്തര സിനിമ സംസ്കാരത്തിൽ നിർമ്മിക്കപ്പെട്ട സിനിമകളായിരുന്നു. 

കമെഴ്സ്യൽ ചേരുവകൾ മനഃപൂർവം മാറ്റി നിർത്തപ്പെട്ട കഥാഖ്യാന സാധ്യതകളുള്ള ചിത്രങ്ങൾ ആയിരുന്നു അതിൽ ഒട്ടു മിക്കവയും. പാലേരി മാണിക്യവും ഏറെ ഒരു ഓഫ് ബീറ്റ് ശൈലിയിൽ വിഭാവനം ചെയ്യപ്പെട്ടതും എന്നാൽ പിന്നീട് മമ്മൂട്ടി ആകസ്മികമായി ആ സിനിമയിലേക്ക് വന്നത് കൊണ്ട് മാത്രം ഇന്ന് കാണുന്ന രീതിയിൽ ആ സിനിമ മാറുകയാണുണ്ടായത് എന്നതാണ് ശരിയായ നിഗമനം

അതിനാൽ വടക്കൻ വീരഗാഥയും ന്യൂ ഡൽഹിയും ദി കിങ്ങുമൊക്കെ റീ റിലീസ് ചെയ്യട്ടെ… കാണാൻ ആളുകൾ കേറിയേക്കും.