4കെയിൽ തിളങ്ങാതെ ‘പാലേരി മാണിക്യം’, ഇതുവരെ നേടിയത്
1 min read

4കെയിൽ തിളങ്ങാതെ ‘പാലേരി മാണിക്യം’, ഇതുവരെ നേടിയത്

മലയാള സിനിമയിൽ ഇപ്പോൾ റി-റിലീസ് ട്രെന്റാണ്. വർഷങ്ങൾക്ക് മുൻപ് ഗംഭീര പ്രകടനങ്ങൾ കാഴ്ചവച്ച സിനിമകൾ പുത്തൻ സാങ്കേതിക മികവിൽ എത്തുമ്പോൾ പുതുതലമുറ ആവേശത്തോടെ തിയറ്ററുകളിൽ എത്തുകയാണ്. മലയാള സിനിമയിൽ റി റിലീസിന് തുടക്കമിട്ടത് മോഹൻലാൽ ചിത്രം സ്ഫടികം ആയിരുന്നു. ആ ട്രെന്റിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ‘പാലേരി മാണിക്യം- ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’.

2009ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ ട്രിപ്പിൾ റോളിൽ ആയിരുന്നു മമ്മൂട്ടി എത്തിയത്. വലിയ ആവേശത്തോടെയാണ് ഫോർ കെയിൽ പാലേരി മാണിക്യം റിലീസ് ചെയ്തതെങ്കിലും ആദ്യദിനം മുതൽ തന്നെ വളരെ തണുപ്പൻ പ്രതികരണമായിരുന്നു ലഭിച്ചത്. ഇതുവരെ റി- റിലീസ് ചെയ്ത സിനിമകളിൽ നിന്നും ഏറ്റവും കുറഞ്ഞ പ്രതികരണവും ബുക്കിങ്ങും ലഭിച്ച ചിത്രമാണെന്നാണ് റിപ്പോർട്ടുകൾ നിന്നും വ്യക്തമാകുന്നത്.

ഇപ്പോഴിതാ പാലേരി മാണിക്യത്തിന്റെ റി റിലീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് കളക്ഷൻ വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുപ്രകാരം ഒരുലക്ഷത്തിന് താഴെയാണ് പാലേരി മാണിക്യത്തിന്റെ റി റിലീസ് കളക്ഷൻ. യഥാർത്ഥത്തിൽ എത്രയാണെന്നത് റിപ്പോർട്ടിലില്ല. അതേസമയം നിരവധി പേരാണ് സോഷ്യൽ മീഡിയകളിൽ കമൻ്റുകളായും പോസ്റ്റുകളായും അഭിപ്രായം പങ്കുവെക്കുന്നത്. ” സിനിമാക്കാർ ഇത്ര സെൻസില്ലാത്തവർ ആവരുത്.. ഒരു സിനിമയെ റീവാചബിൾ ആക്കുന്ന ഘടകമെന്തെന്ന് അൽപമെങ്കിലും ബോധം വേണം.തീയറ്ററിൽ പുതിയ സങ്കേതങ്ങൾ ഉപയോഗിച്ച് വീണ്ടും കാണുമ്പോൾ അതിനു തക്കതായ പ്രത്യേകത വല്ലതും കാഴ്ചയിലും കേൾവിയിലും ഉണ്ടാവണം. അല്ലാതെ കണ്ടു പഴകിയ സാധനം കാണാൻ ആരു കാശുമുടക്കും.. !!! അതും യുടുബിൽ പോലും കാണാനാവുന്നവ.” എന്നായിരുന്നു ഒരാൾ കുറിച്ചത്.

ഒക്ടോബർ നാലിന് ആയിരുന്നു ചിത്രം തിയറ്ററിൽ എത്തിയത്. നാല് ദിവസത്തിലാണ് ഒരു ലക്ഷത്തിന് താഴെ കളക്ഷൻ നേടിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ റി റിലീസ് ചെയ്ത സിനിമകളിൽ വച്ച് ഏറ്റവും കുറവ് കളക്ഷൻ കൂടിയാണിതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. അതേസമയം, മമ്മൂട്ടി ഒരു വടക്കൻ വീരഗാഥ റി-റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്‍റെ ട്രെയിലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു.