ജീത്തു ജോസഫും മോഹൻലാലും വീണ്ടും.. ഇത്തവണ ഹൊററോ ? ട്രെന്റിങ്ങിൽ കുതിച്ചുകയറി ദൃശ്യം 3
മലയാള സിനിമയിലെ ഹിറ്റ് സംവിധായകനാണ് ജീത്തു ജോസഫ്. ത്രില്ലർ സിനിമകളിലൂടെ ജനപ്രീതി ആർജിച്ച ജീത്തു ജോസഫ് ഈ ലേബലിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. മോഹൻലാൽ-ജീത്തു ജോസഫ് കോംബോ പ്രേക്ഷകർക്ക് എപ്പോഴും പ്രതീക്ഷ നൽകുന്ന ഒത്തുചേരലാണ്. ദൃശ്യം എന്ന സിനിമയ്ക്ക് ശേഷമാണ് ഈ കൂട്ട് കെട്ട് സിനിമാ ലോകത്ത് ചർച്ചയായത്. രണ്ട് ഭാഗങ്ങളായി ഇറങ്ങിയ ദൃശ്യം മലയാളത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളിലൊന്നാണ്. മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ ചിത്രം കേരളക്കര കണ്ട മികച്ച ക്രൈം ത്രില്ലർ ചിത്രമായി മാറി. ദൃശ്യം 2വിന് പിന്നാലെ മൂന്നാം ഭാഗം ഉണ്ടാകുമെന്നും ക്ലൈമാക്സ് കയ്യിലുണ്ടെന്നും നേരത്തെ ജീത്തു പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം ദൃശ്യം 3 സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. എക്സ് പ്ലാറ്റ് ഫോമിലും ദൃശ്യം 3 ട്രെന്റിങ്ങിലാണ്. ദൃശ്യം 3യുടെ സ്ക്രിപ്റ്റ് ലോക്ക് ആയെന്നും 2025ൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നുമാണ് സോഷ്യൽ ലോകത്തെ പ്രചാരം. ആ വർഷം ക്രിസ്മസ് റിലീസായി തിയറ്ററിലെത്തുമെന്നുമാണ് ചർച്ചകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ദൃശ്യം 3യുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ആരാധകർ പങ്കിടുന്നുണ്ട്.
എന്തായാലും മലയാള സിനിമയുടെ ക്ലാസിക് ക്രിമിനൽ കമിംഗ് ബാക്ക് എന്ന ക്യാപ്ഷനുകൾ വൈറലായി കഴിഞ്ഞിട്ടുണ്ട്. “ഹൊറർ പടമാകുമോ?, ജോർജ്കുട്ടിയുടെ മൂന്നാം വരവിനായി ഒരുങ്ങിക്കോ, ഇതിന് ഒരു പരിസമാപ്തി വേണ്ടേ എന്നൊന്ന് കാണുമ്പോഴൊക്കെ ചിന്തിച്ചിട്ടുണ്ട്. ഒന്നും രണ്ടും ഭാഗങ്ങൾ മികച്ചു നിന്നപ്പോഴും ഒരു conclusion എന്നത് പ്രതീക്ഷയുടെ നേർത്ത കണം മാത്രമായിരുന്നു. എന്നാൽ അത് യാഥാർത്ഥ്യമാകാൻ പോകുന്നുവെന്ന് അറിയുമ്പോൾ ആവേശം വാനോളം, ഇത്തവണയെങ്കിലും ജോർജ് കുട്ടി കുടുങ്ങുമോ”, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ദൃശ്യം 3 യാഥാർത്ഥ്യമായാൽ, രണ്ടാം ഭാഗത്തിന് നഷ്ടമായ വലിയൊരു തിയറ്റർ എക്സ്പീരിയൻസിന് ആകും ചിത്രം സാക്ഷ്യം വഹിക്കുക. എന്തായാലും ദൃശ്യം 3യുടെ ഔദ്യോഗിക അറിയിപ്പുകള്‍ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.