മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ‘പാലേരി മാണിക്യം’ റിലീസ് തീയതി പ്രഖ്യാപിച്ചു
1 min read

മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ‘പാലേരി മാണിക്യം’ റിലീസ് തീയതി പ്രഖ്യാപിച്ചു

മമ്മൂട്ടി ട്രിപ്പിള്‍ റോളില്‍ എത്തിയ രഞ്ജിത്ത് ചിത്രം പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 2009 ല്‍ ഒറിജിനല്‍ റിലീസ് നടന്ന ചിത്രം 4കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ, ശബ്ദ മിഴിവോടെയാണ് വീണ്ടും എത്തുക. സെപ്റ്റംബര്‍ 20 ന് ചിത്രം തിയറ്ററുകളില്‍ എത്തും. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ച്ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മഹാ സുബൈറും എ വി അനൂപും ചേര്‍ന്നാണ്. മൂന്നാം തവണയാണ് ഈ ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. 2009 ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ചിത്രവുമാണ് ഇത്.

മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ സിനിമാപ്രേമികള്‍ ഇത്തവണയും തിയറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളായാണ് മമ്മൂട്ടി നിറഞ്ഞാടിയത്. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി.മി കച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും കരസ്ഥമാക്കി. മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം മനോജ് പിള്ള, സംഗീതം ശരത്, ബിജിബാൽ, കഥ ടി പി രാജീവൻ. പി ആർ ഒ- എ എസ് ദിനേശ്.