യുവ സൂപ്പര്‍ ഹിറ്റ് സംവിധായകൻ്റെ കൂടെ മലയാളത്തിലേക്ക് ദുല്‍ഖര്‍ മടങ്ങിവരുന്നു
മലയാളത്തിലെ യുവതാരങ്ങള്‍ക്കിടയില്‍ സ്വന്തമായി ഒരു ഇടം ഉണ്ടാക്കിയ വ്യക്തിയാണ് ദുൽഖർ സൽമാൻ. അതിനൊപ്പം തന്നെ താരം തെന്നിന്ത്യയിലും ബോളിവുഡിലും എല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിന് ശേഷം മലയാള ചിത്രങ്ങളില്‍ നിന്നും ഒരു ഇടവേളയിലാണ് ദുല്‍ഖര്‍.
അതേ സമയം തെലുങ്കില്‍ അടക്കം താരം സജീവമാണ്. ഇപ്പോഴിതാ മലയാളത്തിലേക്ക് താരം തിരിച്ചുവരുന്നു എന്നാണ് പുതിയ വിവരം. 2024 അവസാനത്തോടെ ദുല്‍ഖര്‍ മലയാളം പ്രൊജക്ടുമായി എത്തും എന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം കേരള ബോക്സോഫീസിലെ വന്‍ വിജയമായ ആര്‍ഡിഎക്സ് എടുത്ത സംവിധായകന് നഹാസ് ഹിദായത്തുമായി ചേര്‍ന്നായിരിക്കും ദുൽഖർ സൽമാൻ പ്രൊജക്ട് എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് പറയുന്നത്.
അപ്ഡേറ്റുകൾ അനുസരിച്ച് ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ് എന്നാണ് വിവരം. ചിത്രത്തിന്റെ തിരക്കഥാ രചന ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞുവെന്നും. തിരക്കഥയില്‍ നിർമ്മാതാവും നായകനും സന്തുഷ്ടരാണെന്നുമാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് പറയുന്നത്. ചിത്രം ഒരു ആക്ഷൻ പായ്ക്ക്ഡ് എന്റര്‍ടെയ്മെന്റ് ആയിരിക്കും എന്നാണ് വിവരം. ഇപ്പോഴത്തെ രീതിയില്‍ കാര്യങ്ങള്‍ പുരോഗമിച്ചാല്‍ 2024 നവംബർ അവസാനമോ 2024 ഡിസംബർ ആദ്യമോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
എന്നാല്‍ സിനിമ ആരംഭിക്കുന്നത് വരെ നടനും സംവിധായകനും ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കില്ല. റിപ്പോർട്ടുകൾ പ്രകാരം, ദുൽഖർ സൽമാൻ മുമ്പ് പ്രഖ്യാപിച്ച രണ്ട് പ്രോജക്റ്റുകൾ മുടങ്ങുകയോ അനിശ്ചിതമായി വൈകുകയോ ചെയ്തതിന് ശേഷം ചിത്രീകരണം ആരംഭിച്ചതിന് ശേഷം മാത്രമേ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗികമായി പറയാന്‍ സാധ്യതയുള്ളുവെന്നാണ് ഒടിടി പ്ലേ പറയുന്നത്. പേരിടാത്ത പ്രോജക്റ്റ് ദുല്‍ഖറിന്റെ ഹോം ബാനറായ വേഫെറർ ഫിലിംസ് നിർമ്മിക്കുമെന്നാണ് വിവരം. നേരത്തെ കല്‍ക്കി 2898 എഡി ചിത്രം കേരളത്തില്‍ വിതരണം നടത്തിയത് വേഫെറർ ഫിലിംസാണ്. ദുല്‍ഖറിന്റെ തന്നെ കിംഗ് ഓഫ് കൊത്തയാണ് ഇവര്‍ നിര്‍മ്മിച്ച അവാസന ചിത്രം.