നകുലനും ഗംഗയും വീണ്ടും ബിഗ് സ്ക്രീനിലേക്ക്…!! മണിച്ചിത്രത്താഴ് റി റിലീസ് ടീസർ
സിനിമകളുടെ റീ റിലീസ് ഇന്ന് ട്രെന്‍ഡ് ആണ്. ആദ്യ റിലീസ് സമയത്ത് വന്‍ വിജയം നേടിയവയും പ്രതീക്ഷിച്ച വിജയം നേടാനാവാതെപോയ ചിത്രങ്ങളും ഇന്ന് റീ റിലീസ് ആയി എത്തുന്നുണ്ട്. മുന്‍പ് ഫിലിമില്‍ ചിത്രീകരിക്കപ്പെട്ട്, റീലുകളായി സൂക്ഷിക്കപ്പെട്ട ചിത്രങ്ങള്‍ പുതിയ ദൃശ്യ, ശബ്ദ മിഴിവിലേക്ക് റീമാസ്റ്ററിംഗ് നടത്തിയാണ് പുന:പ്രദര്‍ശനത്തിന് എത്തുന്നത്. മലയാളത്തില്‍ നിന്ന് വരാനുള്ള രണ്ട് റീ റിലീസുകള്‍ ദേവദൂതനും മണിച്ചിത്രത്താഴുമാണ്. ഇതില്‍ ദേവദൂതന് ഈ മാസം 26 നും മണിച്ചിത്രത്താഴ് ഓഗസ്റ്റ് 17 നുമാണ് തിയറ്ററുകളില്‍ എത്തുക. മണിച്ചിത്രത്താഴിന്റെ റീ റിലീസിംഗ് സംബന്ധിച്ച് മാസങ്ങളായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നെങ്കിലും റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടത് അടുത്തിടെയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ റീറിലീസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ്. മലയാളികൾക്ക് ഇന്നും മനഃപാഠമായ ചിത്രത്തിലെ സംഭാഷണങ്ങളും രംഗങ്ങളും കോർത്തിണക്കിയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ഒപ്പം മികച്ച ദൃശ്യമികവും. ഹൊറർ ത്രില്ലർ മൂഡിൽ ഒരുക്കിയിരിക്കുന്ന ടീസർ കൂടി പുറത്തുവന്നതോടെ ഏറെ ആവേശത്തിലാണ് മലയാള സിനിമാസ്വാദകരും ആരാധകരും.
1993ൽ ഫാസിലിന്റെ സംവിധാനത്തിൽ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ, കെപിഎസി ലളിത തുടങ്ങിയവർ കസറിയപ്പോൾ ഗംഗ, നാഗവല്ലി എന്നീ കഥാപാത്രങ്ങളായി എത്തി ശോഭന പ്രകടനത്തിൽ അമ്പരപ്പിച്ചിരുന്നു. മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. റി റിലീസിലൂടെ പുതിയ തലമുറയ്ക്ക് ചിത്രം ബിഗ് സ്ക്രീനില്‍ കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
അതേസമയം, മോഹൻലാലിന്റെ മറ്റൊരു സിനിമയും റി റിലീസിന് ഒരുങ്ങുകയാണ്. ദേവദൂതൻ ആണ് ആ ചിത്രം. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം ജൂലൈ 26ന് തിയറ്ററുകളില്‍ എത്തും. നേരത്തെ ഭദ്രന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ ഹിറ്റായി മാറിയ സ്ഫടികവും റി- റിലീസ് ചെയ്തിരുന്നു. ബറോസ് ആണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സെപ്റ്റംബർ 12ന് ആണ് റിലീസ് ചെയ്യുക. മോഹൻലാലിന്റെ സംവിധാനത്തിൽ എത്തുന്ന ആദ്യചിത്രം എന്ന പ്രത്യേകതയും ബറോസിന് ഉണ്ട്.ബറോസിനൊപ്പം മറ്റൊരു സിനിമ കൂടി റിലീസിന് ഒരുങ്ങുന്നുവെന്നാണ് വിവരം. ടൊവിനോ തോമസിന്റെ ബിഗ് ബജറ്റ്, ത്രീഡി ചിത്രം അജയന്റെ രണ്ടാം മോഷണം ആണ് ആ ചിത്രം. സെപ്റ്റംബർ 12ന് സിനിമ റിലീസ് ചെയ്യുമെന്നാണ് ട്വിറ്ററിലെ പ്രചരണം.