” ഡിജോ ജോസിൻ്റെ സിനിമ കൊള്ളേണ്ടിടത്തൊക്കെ കൊണ്ടിട്ടുണ്ട് എന്ന് വ്യക്തം”
നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ.’ ചിത്രത്തിന്റെ റിലീസിന് ഒരുദിവസം മുൻപ് തിരക്കഥാകൃത്ത് നിഷാദ് കോയ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾക്ക് മുന്നിലടക്കം നിഷാദ് തെളിവുകൾ നിരത്തിയതോടെ കുറച്ച് ദിവസമായി സംഭവത്തെ കുറിച്ചുള്ള വാദപ്രതിവാദങ്ങൾ സജീവമായി നടക്കുകയാണ്.
ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് തിരക്കഥാകൃത്ത് നിഷാദ് കോയ. മലയാളി ഫ്രം ഇന്ത്യ റിലീസു ചെയ്യുന്നതിന് ഒരു ദിവസം മുൻപ് ചിത്രത്തിൻ്റെ ഇതിവൃത്തം പ്രവചിച്ച് നിഷാദ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. എന്നാൽ പോസ്റ്റ് ഷെയർ ചെയ്ത് പെട്ടന്നുതന്നെ ഇദ്ദേഹം പോസ്റ്റ് നീക്കം ചെയ്തിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച് ഫെയ്സ് ബുക്കിൽ സിനി ഫൈൽ ഗ്രൂപ്പിൽ വന്ന കുറിപ്പ് വായിക്കാം.
കുറിപ്പിൻ്റെ പൂർണരൂപം
മലയാളി ഫ്രം ഇന്ത്യയും അതിലെ കോപ്പിയടി ആരോപണവുമൊക്കെയാണല്ലോ ഇപ്പോഴത്തെ ട്രെൻഡിംഗ് ടോപിക്.
ഒരേ ത്രെഡ് ഉള്ള എത്രയോ സിനിമകൾ ഇതിനു മുമ്പ് റിലീസായിട്ടുണ്ട്.. ഒരേ ആശയങ്ങൾ, പ്രത്യേകിച്ചും ജന ശ്രദ്ധ ആകർഷിച്ച സാമൂഹിക വിഷയങ്ങൾ, ഒന്നിലധികം പേരുടെ മനസിൽ വരിക എന്നതിൽ അത്ഭുതപെടാനുമില്ല…
എന്നാൽ ആ ആശയത്തെ പ്രേക്ഷകർക്കിഷ്ടപ്പെടും വിധത്തിൽ എഴുതി നല്ലൊരു തിരക്കഥയാക്കുകയെന്നതും നല്ല രീതിയിൽ മേക്ക് ചെയ്ത് ഒരു സിനിമയാക്കി പ്രേക്ഷകർക്ക് മുന്നിൽ കൊണ്ട് വരിക എന്നതും ചില്ലറ കാര്യമല്ല..
ഇതിന് മുൻപും രണ്ട് വട്ടം നല്ല സിനിമകൾ ചെയ്ത ആളാണ് ഡിജോ. പുള്ളിയെ മനഃപൂർവം കരിവാരിതേയ്ക്കാനാണ് നിഷാദ് ശ്രമിക്കുന്നത് എന്നാണ് എനിക്ക് മനസിലായത്.കാരണം, തന്റെ കഥയെ കോപ്പിയടിച്ചുവെങ്കിൽ നിയമപരമായി അതിന് പരിഹാരം കാണാൻ എല്ലാ സാധ്യതകളുമിരിക്കെ അതിന് ശ്രമിക്കാതെ സോഷ്യൽ മീഡിയയിൽ വന്നിരുന്നു വെറുതെ ഇരവാദമിറക്കേണ്ട ആവശ്യമെന്താണ്…. ?
അതുമല്ല ഒരു പ്രൊഡ്യൂസർ തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം ഒരു സിനിമയിലേക്ക് ഇൻവെസ്റ്റ് ചെയ്ത് ആ സിനിമ ഇറങ്ങാൻ ഒരു ദിവസം ബാക്കി നിൽക്കേ അതിന്റെ കഥ സോഷ്യൽ മീഡിയയിലൂടെ എഴുതി വിടുക എന്നത് എത്ര മോശമായ കാര്യമാണ്.!
നിഷാദ് കോയയുടെ മധുരനാരങ്ങ എന്ന സിനിമ ഒരു ഷോർട് ഫിലിമിൽ നിന്ന് കോപ്പിയടിച്ചതാണെന്നും അത് പിന്നീട് ഒതുക്കിയതാണെന്നും ആരോ പറഞ്ഞതായി ഓർക്കുന്നു.. അത് സത്യം ആണെങ്കിൽ ഇതിനെ കർമ്മ ആയി കണ്ടാ മതി എന്നാണ് എനിക്ക് നിഷാദിനോട് പറയാൻ ഉള്ളത്..
പല സിനിമകൾക്കും കോപ്പിയടി വിവാദങ്ങളും മറ്റുമൊക്കെ ഉണ്ടായിട്ടുണ്ടങ്കിലും മലയാളി ഫ്രം ഇന്ത്യക്ക് മാത്രമാണ് അനാവശ്യമായ ഹേറ്റ് സ്പ്രെഡ് നടക്കുന്നതായി കാണുന്നത്..
പടം ആരും കാണരുത് എന്നും ഈ സിനിമ വിജയിക്കാൻ പാടില്ല എന്നുമൊക്കെയുള്ള ഉദ്ദേശത്തോടെ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്ന ആളുകൾ ഒരുപാടുണ്ട്.
അതിന് പ്രധാന കാരണം ഡിജോ ജോസ് എന്ന സംവിധായകൻ ഈ സിനിമയിലും തൊട്ടു മുൻപുള്ള തന്റെ സിനിമകളിലും പറഞ്ഞ് വയ്ക്കുന്ന രാഷ്ട്രീയം തന്നെയാവും.
അയാളുടെ സിനിമകൾ കൊള്ളേണ്ടിടത്തൊക്കെ കൊണ്ടിട്ടുണ്ട് എന്ന് വ്യക്തം 🔥