‘കാമുകി’ മുതൽ ‘കുറുപ്പ്’ വരെ; നിഗൂഢതയും ഉദ്വേഗവും നിറച്ച ടൈറ്റിലുകൾക്ക് പിന്നിൽ വിനീത് വാസുദേവൻ
മലയാള സിനിമയ്ക്ക് പുതുജീവൻ നൽകിക്കൊണ്ട് ദുൽഖർ ചിത്രം ‘കുറുപ്പ്’ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി കൊണ്ട് വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്. സെക്കൻഡ് ഷോ, കൂതറ എന്നീ ചിത്രങ്ങൾക്കു ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി തന്നെ മാറി കഴിഞ്ഞു. ചിത്രം പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ദുൽഖർ ഉൾപ്പെടെ ചിത്രത്തിലഭിനയിച്ച മറ്റ് താരങ്ങൾക്ക് അപ്പുറം ‘കുറുപ്പി’ലെ അണിയറ പ്രവർത്തകർ വലിയ രീതിയിലുള്ള പ്രശംസകൾ ഏറ്റുവാങ്ങുകയാണ്. ആദ്യഘട്ടത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടപ്പോൾ ഏവരും ഏറെ ശ്രദ്ധിച്ചത് ചിത്രത്തിന്റെ ടൈറ്റിൽ തന്നെയാണ്. കുറ്റാന്വേഷണത്തിന്റെ മുഖ്യ തെളിവായ വിരലടയാളത്തിൽ ‘കുറുപ്പ്’ എന്ന ടൈറ്റിൽ ചിത്രത്തിനു വേണ്ടി കാത്തിരുന്ന പ്രേക്ഷകർക്ക് വലിയ ഉദ്വേഗം തന്നെയാണ് പകർന്നത്. ചിത്രത്തിന്റെ മുഴുനീള നിലവാരം വിളിച്ചോതുന്ന ടൈറ്റിൽ ഡിസൈൻ ചെയ്ത വിനീത് വാസുദേവൻ ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങുന്നു. പ്രേക്ഷകരിലേയ്ക്ക് വലിയ സർപ്രൈസായി കുറുപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയപ്പോൾ ചിത്രത്തിന്റെ ടൈറ്റിൽ ഡിസൈനും വളരെയധികം ശ്രദ്ധ ആകർഷിച്ചിരുന്നു. ഇതിനോടകം മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന കുറുപ്പ് ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ ടൈറ്റിൽ ഡിസൈനിങ് വിനീത് വാസുദേവൻ ചെയ്തു കഴിഞ്ഞു. അവയിൽ പ്രേക്ഷകർ ഏറ്റെടുത്ത വലിയ വിജയമാക്കിയ ചിത്രങ്ങളും ഉൾപ്പെടുന്നു.
കുറുപ്പ് കൂടാതെ കപ്പേള, ബ്രദേഴ്സ് ഡേ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങളും കൊല്ലവർഷം1975, കാമുകി, ഇക്കയുടെ ശകടം തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്റർ ഡിസൈനും ചെയ്തിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സ്, ജോസഫ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും ആർട്ട് അസിസ്റ്റന്റ് ആയും വിനീത് പ്രവർത്തിച്ചിട്ടുണ്ട്. മുന്നോട്ടു പോകുന്ന സിനിമ ജീവിതത്തിനൊപ്പം ഭാവിയിൽ തിരക്കഥാകൃത്തായും സംവിധായകനായും മാറണം എന്നത് വിനീത് വാസുദേവന്റെ ജീവിതലക്ഷ്യം കൂടിയാണ്. അതിന്റെ ഏറ്റവും പ്രധാനപെട്ട മുന്നൊരുക്കം എന്ന നിലയിൽ രചനയും സംവിധാനവും നിർവഹിച്ചുകൊണ്ട് സ്വന്തമായി ഒരു പ്രോജക്ട് ചെയ്യാനൊരുങ്ങുകയാണ് വിനീത്.