ഗോപിക അങ്ങനെ മഹിമ നമ്പ്യാരായി! പേര് മാറ്റിയതിന് പിന്നിലെ രഹസ്യത്തെ കുറിച്ച് മഹിമ നമ്പ്യാർ
നവാഗതനായ നഹാസ് ഹിദായത്ത് ഒരുക്കിയ ‘ആർ. ഡി. എക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഹിമ നമ്പ്യാർ. മിനി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് താരം ചിത്രത്തിൽ നടത്തിയത്. ഇപ്പോഴിതാ തന്റെ പേര് ന്യൂമറോളജി പ്രകാരം മാറ്റിയതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ് മഹിമ നമ്പ്യാർ.
“എന്റെ ശരിയായ പേര് ഗോപിക എന്നാണ്. ഗോപിക പാലാട്ട് ചിറക്കര വീട്ടിൽ എന്നാണ് മുഴുവൻ പേര്. കാര്യസ്ഥനിൽ അഭിനയിക്കുന്ന സമയത്ത് ഗോപിക എന്നായിരുന്നു പേര്. പിന്നീട് ആദ്യത്തെ തമിഴ് സിനിമ ചെയ്യുന്ന സമയത്താണ് പേര് മാറ്റുകയുണ്ടായത്. തമിഴ് സിനിമ ഇൻഡസ്ട്രിയിൽ പലരും ന്യൂമറോളജിയൊക്കെ നോക്കുന്ന ശീലമുണ്ട്. അങ്ങനെ ആദ്യ തമിഴ് സിനിമ ചെയ്യുന്ന സമയത്താണ് എം എന്ന അക്ഷരം എനിക്ക് നല്ലതാണെന്ന് ആ സിനിമയുടെ പ്രൊഡ്യൂസർ പ്രഭു സോളമൻ സാർ പറഞ്ഞത്. അങ്ങനെയാണ് മഹിമ എന്ന് പേരിടുന്നത്.
അതുകഴിഞ്ഞ ശേഷം വീണ്ടും ന്യൂമറോളജി നോക്കിയിട്ട് പറഞ്ഞു, രണ്ട് പേരുണ്ടെങ്കിൽ കരിയറിന് നല്ല വളർച്ച ഉണ്ടാവുവെന്ന്. അങ്ങനെയാണ് നമ്പ്യാർ എന്നുകൂടി പേരിനൊപ്പം ചേർത്തത്. ഇപ്പോൾ 11 വർഷമായി. ആ പേര് വന്നതിന് ശേഷം ഏറെ വളർച്ച ഉണ്ടായി”. എന്നാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഹിമ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നമ്പ്യാർ എന്നത് ജാതി പേരാണെന്നും, സവർണ്ണ ജാതി പേര് കൂടെ ചേർക്കുമ്പോൾ സ്വാഭാവികമായും അവസരങ്ങള് കിട്ടുമെന്നുമൊക്കെ വിമർശനങ്ങൾ നടിക്കെതിരെ ഉയരുന്നുമുണ്ട്.