മമ്മൂട്ടിയുടെ വിധേയൻ റീമാസ്റ്റർ ചെയ്ത് ചലച്ചിത്ര മേളയിൽ; 29 വർഷങ്ങൾക്ക് ശേഷവും വൻ ആർപ്പുവിളികളും കയ്യടിയും
സിനിമ സാങ്കേതികത്വത്തിന്റെ കൂടി കലയായതിനാല്‍ വാക്കുകളില്‍ കോറിയിടുന്നതിനെക്കാള്‍ ശ്രമകരമാകും. ഇതും കഥപറച്ചിൽ ആണെങ്കിലും ചെറിയ ചില പാളിച്ചകൾ മതി അപ്പാടെ കാര്യങ്ങൾ മാറിമറിയാൻ. അത്തരത്തിൽ സ്വന്തം കഥകളെ സിനിമയാക്കാൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ യാത്രകൾ സ്തുത്യർഹമാണ്. മമ്മൂട്ടിയെ പ്രതിനായക കഥാപാത്രമാക്കി അടൂർ 29 വർഷങ്ങൾക്ക് മുൻപ് സംവിധാനം ചെയ്ത സിനിമയായിരുന്നു വിധേയൻ.
മികച്ച കലാസൃഷ്ടികള്‍ കാലത്തെ അതിജീവിക്കുക മാത്രമല്ല കാലം മാറുന്തോറും പുതിയ തലങ്ങളും അവയ്ക്ക് ചുവടുമാറാനും കഴിയും. അതിനുള്ള ഉത്തമോദാഹരണമായിരുന്നു ‘വിധേയന്’. 29 വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസ് ചെയ്ത ചിത്രം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ലഭിച്ചത് ആവേശകരമായ പ്രതികരണമാണ്.
ഭാസ്കര പട്ടേലര് എന്ന പ്രധാന കഥാപാത്രമായി മമ്മൂട്ടി വേഷമിട്ട ചിത്രത്തിന്റെ റിസര്‍വേഷന്‍ തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പൂര്‍ത്തിയായിരുന്നു. പ്രദര്‍ശനം തുടങ്ങുന്നതിനും ഏറെ മുമ്പേ കൈരളി തിയേറ്ററിനു മുന്നില്‍ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. സ്ക്രീനില്‍ തെളിഞ്ഞ ‘വിധേയന്’ എന്ന ടൈറ്റില്‍ തന്നെ കയ്യടികളോടെയാണ് കാണികള്‍ വരവേറ്റത്. ചിത്രത്തിലെ പ്രധാനപ്പെട്ട ഡയലോഗുകള്‍ക്കും രംഗങ്ങള്‍ക്കുമെല്ലാം ആര്‍പ്പുവിളികളുയര്‍ന്നു.
റീമാസ്റ്റർ ചെയ്ത പതിപ്പ് തിയേറ്ററില്‍ കാണാനായതിന്റെ ആവേശം ഡെലിഗേറ്റുകള്‍ പങ്കുവെച്ചു. മൂന്ന് പതിറ്റാണ്ടു മുമ്പിറങ്ങിയ ചിത്രം പുതിയ ടെക്നോളജി ഉപയോഗിച്ച് അന്നുണ്ടായിരുന്നതിനേക്കാള്‍ മികച്ച രീതിയില്‍ ഇപ്പോള്‍ ആസ്വദിക്കാന്‍ സാധിച്ചത് ചലച്ചിത്രമേള നല്കുന്ന ഭാഗ്യമായാണ് പലരും കരുതുന്നത്. എന്നാല്‍, ചിത്രത്തിന് സബ്ടൈറ്റില്‍ ഇല്ലായിരുന്നത് ഒരു പോരായ്മയായി ഡെലിഗേറ്റുകള്‍ ചൂണ്ടിക്കാട്ടി. വിദേശ പൗരന്മാര് ഉള്‍പ്പെടെ എത്തിയിരുന്നു. അവര്‍ക്ക് സിനിമ കൃത്യമായി മനസ്സിലാക്കാന്‍ സബ്ടൈറ്റില്‍ കൂടിയേ തീരൂ. അക്കാര്യത്തില്‍ ഇനിയെങ്കിലും സംഘാടകര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ചിലർ അഭിപ്രായപ്പെട്ടു.