‘വീട്ടിലിരുന്ന് മടുത്തു, ജീവിക്കാന്‍ പണം വേണം, അതിനിടയിൽ ചില അപ്രതീക്ഷിത സംഭവങ്ങളുണ്ടായി’: ധ്യാൻ ശ്രീനിവാസൻ
ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അനില്‍ ലാൽ സംവിധാനം ചെയ്ത ‘ചീനാ ട്രോഫി‘ തിയേറ്ററുകളിൽ മികച്ച പ്രേക്ഷാഭിപ്രായം നേടി മുന്നേറുകയാണ്. ഒരു കോമഡി-ഫാമിലി എന്‍റര്‍ടെയ്നറായി ഒറുക്കിയിരിക്കുന്ന സിനിമയിൽ ജോണി ആന്‍റണി, കെൻഡി സിർദോ, കെപിഎസി ലീല, ജാഫർ ഇടുക്കി, സുധീഷ്, ഷെഫ് പിള്ള തുടങ്ങി നിരവധിപേരാണ് അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ സിനിമയുടെ പ്രചരണാർത്ഥം നടത്തിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞ വാക്കുകള്‍ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
രണ്ടുമൂന്ന് വർഷത്തേക്ക് എന്നിലേക്ക് വരുന്ന സിനിമകളെല്ലാം ചെയ്യമെന്ന തീരുമാനമെടുത്തിരിക്കുകയാണ്. കൊറോണ കമ്മിറ്റ്‍മെന്‍റ്സ് എന്നാണ് അതിനെ ഞാൻ പേരിട്ട് വിളിക്കുന്നത്. 2017 കഴിഞ്ഞ് പിന്നെ 2020-ലാണ് ഞാൻ സിനിമ ചെയ്ത് തുടങ്ങിയത്. ജീവിക്കാൻ വരുമാനം വേണമല്ലോ. കുറച്ച് സിനിമ ചെയ്യാം പൈസ ഉണ്ടാക്കാമെന്നായിരുന്നു ചിന്ത. വീട്ടിലിരുന്ന് മടുപ്പ് വന്നു. മാറ്റി വെച്ച ആക്ടിങ് കരിയറിലേക്ക് വീണ്ടും വന്നത് അങ്ങനെയാണ്, മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞിരിക്കുകയാണ്.
സംവിധാനം ചെയ്യാൻ നടീനടന്മാരെ സംഘടിപ്പിക്കലും മറ്റുമൊക്കെയായി സമയം പോകും. ആ ഗ്യാപ്പിൽ കുറച്ച് സിനിമ ചെയ്യാമെന്ന് കരുതി. അതിപ്പോള്‍ നീണ്ടുപോയി. അതിനിടയിൽ ഏട്ടന്‍റെ സിനിമ പോലെ ചില വലിയ സിനിമകളും വന്നു. അതിനിടയിൽ അഭിമുഖങ്ങള്‍ ഹിറ്റായി, അങ്ങനെ ചില അപ്രതീക്ഷിത സംഭവങ്ങളുമുണ്ടായി. ഉടൽ പോലുള്ള നല്ല സിനിമകളും ചെയ്യാൻ കഴിഞ്ഞു. ഞാൻ കമ്മിറ്റ് ചെയ്ത സിനിമകളൊക്കെ കൂടുതലും പുതുമുഖ സംവിധായകരുടേതാണ്. നമ്മളുമായി സൗഹൃദമോ ബന്ധമോ ഉള്ളവരാണവർ. അവർക്കും സ്വയം പ്രൂവ് ചെയ്യേണ്ടതിന് സിനിമ ആവശ്യമാണല്ലോ. അതിനിടയിൽ സിനിമകള്‍ മാറി, നല്ല സിനിമയായതുകൊണ്ടുമാത്രം ഓടണമെന്നില്ലാത്ത അവസ്ഥയായി. എത്ര നല്ലതാണെങ്കിലും തിയേറ്ററുകളിൽ ആളുകള്‍ കയറാതെ പോകുന്ന സിനിമകളുമുണ്ട്. ചെറിയ സിനിമകളും നമ്മുടെ തിയേറ്ററുകളിൽ ഓടണം. ഒന്നോ രണ്ടോ ആള്‍ക്കാരുടെ റിവ്യൂ കൊണ്ടൊന്നും സിനിമ ഇല്ലാതാകില്ലെന്നാണ് ഞാൻ കരുതുന്നത്, ധ്യാനിന്‍റെ വാക്കുകള്‍.