എഴുത്തുകാരൻ ടി പത്മനാഭവന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
1 min read

എഴുത്തുകാരൻ ടി പത്മനാഭവന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

മലയാളത്തിലെ ഏറ്റവും മുതിർന്ന എഴുത്തുകാരിലൊരാളായ ടി. പത്മനാഭന്റെ ജീവിതകഥ സിനിമയാകുന്നു. തിരക്കഥാകൃത്തും നോവലിസ്റ്റുമായ സുസ്മേഷ് ചന്ത്രോത്ത് ആണ് ഇദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കുന്നത്. ടി. കെ പത്മിനി (1940 – 1969) എന്ന വിഖ്യാത മലയാളി ചിത്രകാരിയുടെ ജീവിതകഥ ‘പത്മിനി’ എന്ന പേരിൽ സിനിമയാക്കിയതും ഇദ്ദേഹം ആയിരുന്നു.

നളിനകാന്തി എന്ന പേരിലാണ് ടി. പത്മനാഭന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തുന്നത്. സുസ്‌മേഷ് ചന്ത്രോത്തിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ‘നളിനകാന്തി’യിൽ ടി. പത്മനാഭനൊപ്പം പ്രമുഖ ചലച്ചിത്രതാരം അനുമോൾ, രാമചന്ദ്രൻ, പത്മാവതി, കാർത്തിക് മണികണ്ഠൻ, ശ്രീകല മുല്ലശ്ശേരി എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

1931 ൽ കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിലാണ് തിണക്കൽ പത്മനാഭൻ എന്ന ടി. പത്മനാഭന്റെ ജനനം. കഥകൾ മാത്രമെഴുതി മലയാളസാഹിത്യത്തിലും ഇന്ത്യൻ സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ടി. പത്മനാഭന്റെ അനേകം കഥകൾ സിനിമയായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യവും ചലച്ചിത്രരൂപത്തിലെത്തുന്നത്.

കേന്ദ്ര – കേരള സാഹിത്യ അക്കാദമി അവാർഡുകൾ തുടങ്ങി സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള ജ്യോതിയും എഴുത്തച്ഛൻ പുരസ്‌കാരവും വരെ നേടിയ സർഗ്ഗധനനായ എഴുത്തുകാരനാണ് ടി. പത്മനാഭൻ. ജീവിതത്തിൽ ധിക്കാരിയെന്നും നിഷേധിയെന്നും പേരുകേൾപ്പിച്ചിട്ടുള്ള എഴുത്തുകാരന്റെ ജീവിതത്തിലെ ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത സ്വകാര്യജീവിതവും സാഹിത്യസംഭാവനകളും നളിനകാന്തിയിലൂടെ പ്രേക്ഷകസമക്ഷത്തിൽ എത്തുന്നു.