പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’ റിലീസ് തീയതി പ്രഖ്യാപിച്ചു
1 min read

പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളത്തില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സമീപകാലത്ത് നടന്റെതായി ഇറങ്ങിയ സിനിമകളെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ഇനി വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്. കരിയറില്‍ കഴിഞ്ഞ 10 വര്‍ഷമായി ബ്ലെസി ഈയൊരു ചിത്രത്തിന്റെ പിറകെയാണ്. 2013 ല്‍ പുറത്തിറങ്ങിയ കളിമണ്ണിന് ശേഷം അദ്ദേഹത്തിന്റേതായി ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. ചിത്രം എന്ന് കാണാനാവുമെന്ന ആകാംക്ഷ സിനിമാപ്രേമികളില്‍ വര്‍ഷങ്ങളായി ഉള്ളതാണ്. അത് സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ ബ്ലെസി അടക്കമുള്ള അണിയറക്കാരും ഉത്തരം പറഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ അതിന് ഉത്തരം എത്തിയിരിക്കുകയാണ്. ആടുജീവിതത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

2024 ഏപ്രില്‍ 10 ന് ചിത്രം ലോകമെമ്പാടും തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഈ വര്‍ഷം ഏപ്രിലില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ എന്ന പേരില്‍ 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ എത്തിയിരുന്നു. മലയാള സിനിമ ഇന്നേവരെ കാണാത്ത ദൃശ്യവിസ്മയമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന പ്രതീക്ഷ നല്‍കുന്നതായിരുന്നു അത്. എന്നാല്‍ അത് ട്രെയ്‌ലര്‍ അല്ലെന്നും വേള്‍ഡ്‌വൈഡ് റിലീസിന് മുന്നോടിയായി ഇന്റലര്‍നാഷണല്‍ ഏജന്റുമാര്‍ക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ ചോര്‍ന്നതാണെന്ന് ബ്ലെസി അറിയിച്ചിരുന്നു. മികവിന്റെ ഒരു വലിയ നിരയാണ് ചിത്രത്തിനൊപ്പം അണിനിരക്കുന്നത്. എ ആര്‍ റഹ്‌മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും എഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ്. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം. മലയാളികള്‍ക്ക് ഏറ്റവും സുപരിചിതമായ നോവലുകളിലൊന്നാണ് ആടുജീവിതം.

 https://fb.watch/oEaCb8iplU/?mibextid=Nif5oz

സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകളും ശരീരത്തിലെ മാറ്റങ്ങളും വന്‍ ചര്‍ച്ചയായിരുന്നു. സിനിമയ്ക്കായി ശരീരഭാരം കുറച്ചതിന്റെയും താടി വളര്‍ത്തിയതിന്റെയും കഷ്ടപ്പാടുകള്‍ അടുത്തകാലത്ത് ഒരഭിമുഖത്തില്‍ പൃഥ്വി തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ നാല് വര്‍ഷങ്ങളായി തുടരുന്ന സിനിമയുടെ ചിത്രീകരണം ഇടയ്ക്ക് കോവിഡിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ട ഷെഡ്യൂളുകള്‍ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല. ചിത്രീകരണത്തിനായി 160-ലേറെ ദിവസങ്ങളാണ് വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. ഫൈനല്‍ ഷെഡ്യൂള്‍ പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ വെച്ചായിരുന്നു.