മാസ്സ് ലുക്കില്‍ മറ്റൊരു പകര്‍ന്നാട്ടത്തിനായി മമ്മൂട്ടി …!! ടര്‍ബോയുടെ ഫസ്റ്റ് ലുക്ക്
കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി നായകനായെത്തുന്ന ചിത്രമാണ് ‘ടര്‍ബോ’. വൈശാഖിന്റെ സംവിധാനത്തില്‍ ഒരു മാസ്സ് ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് മിഥുന്‍ മാനുല്‍ തോമസ് ആണ്. കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ടര്‍ബോ’. ഇപ്പോഴിതാ ‘ടര്‍ബോ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന ലുക്കില്‍ മമ്മൂട്ടിയെ കാണാം. കറുപ്പ് ഷര്‍ട്ടും സില്‍വര്‍ കരയോടുകൂടിയ മുണ്ടും ഉടുത്ത് കഴുത്തിലൊരു മാലയുമായ് നില്‍ക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണുന്നത്. പിറകില്‍ ഒരു കൂട്ടം ആളുകള്‍ ഓടി വരുന്നതായും കാണാം. ജോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ‘അച്ചായന്‍ റോള്‍’ ആയിരിക്കും ഇതെന്ന് ഫസ്റ്റ് ലുക്കില്‍ നിന്നും വ്യക്തമാണ്.
ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ മമ്മൂട്ടി പകര്‍ന്നാടിയ കാതല്‍ ഗംഭീരമായി തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെ ആണ് പുത്തന്‍ ചിത്രത്തിന്റ അപ്‌ഡേറ്റും പുറത്തുവന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ടര്‍ബോ ലുക്ക് ആരാധകര്‍ ആഘോഷമാക്കുക ആണ്. മമ്മൂട്ടിക്കൊപ്പം രാജ് ബി ഷെട്ടി, സുനില്‍ എന്നിവര്‍ ടര്‍ബോയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. ഇവരുടെ അഞ്ചാമത്തെ പ്രൊഡക്ഷന്‍ കൂടിയാണ് ടര്‍ബോ. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് ഇതിന് മുന്‍പ് മമ്മൂട്ടി കമ്പനി നിര്‍മിച്ച സിനിമകള്‍. കൂടാതെ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ആദ്യ മാസ് എന്റര്‍ടെയ്‌നര്‍ കൂടിയാണ് ചിത്രം.
ടര്‍ബോ ഒരു ആക്ഷന്‍- കോമഡി ചിത്രമായിരിക്കുമെന്ന് നേരത്തെ തിരക്കഥാകൃത്തായ മിഥുന്‍ മാനുവല്‍ തോമസ് അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ കോമഡിയും ആക്ഷനും കാണാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഓസ്ലര്‍, ഗരുഡന്‍, ഫീനിക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മിഥുന്‍ തിരക്കഥ ഒരുക്കുന്ന സിനിമ കൂടിയാണ് ടര്‍ബോ. വിഷ്ണു ശര്‍മയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ആണ്. സംഗീതം ഒരുക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ഷാജി നടുവേല്‍, കോ ഡയറക്ടര്‍ ഷാജി പാദൂര്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, കോസ്റ്റ്യൂം ഡിസൈനര്‍ സെല്‍വിന്‍ ജെ, അഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ്, ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ആര്‍ കൃഷ്ണന്‍ എന്നിവരാണ് ടര്‍ബോയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
അതേസമയം മമ്മൂട്ടി നായകനായി എത്തിയ കാതല്‍ ആണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം. മുന്‍പ് പല നടന്മാരും സ്വവര്‍ഗാനുരാഗിയായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവരില്‍ നിന്നും മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്, ഒരു സൂപ്പര്‍ താരം ഇങ്ങനെ ഒരു കഥാപാത്രം ചെയ്തു എന്നതാണ്. അതുതന്നെയാണ് കാതല്‍ എന്ന ജിയോ ബേബി ചിത്രത്തിന്റെ കാതലും. തന്റെ കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമായി മമ്മൂട്ടി സ്‌ക്രീനില്‍ ജീവിക്കുക ആയിരുന്നു. അദ്ദേഹത്തോടൊപ്പം ജ്യോതികയും സുധി കോഴിക്കോടും കൂടെ ആയപ്പോള്‍ സിനിമ പ്രേക്ഷകരുടെ കണ്ണും മനവും നിറച്ചു.