“മോഷണം ഒരു കലയാണ് , നീ ഒരു കലാകാരനും” ; ഇമ്പം ടീസർ ശ്രദ്ധ നേടുന്നു
അവിചാരിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചിലരുണ്ട്. ഒരു പക്ഷേ ചിലപ്പോൾ പിന്നീടുള്ള നമ്മുടെ ജീവിതത്തിൻറെ ഗതിവിഗതികൾ അവരെ ചുറ്റിപ്പറ്റിയാകാം സംഭവിക്കുന്നത്. ഈയൊരു പ്രമേയവുമായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ് ‘ഇമ്പം’ എന്ന ചിത്രം. ലാലു അലക്സും ദീപക് പറമ്പോലുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ഒരു എഴുത്തുകാരിയുടേയും ഒരു കാർട്ടൂണിസ്റ്റിന്‍റേയും മധുരമൂറുന്ന പ്രണയ കഥയുമായി എത്താനൊരുങ്ങുന്ന സിനിമയുടെ ആകാംക്ഷയുണർത്തുന്ന ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രണയവും സൗഹൃദവും കുടുംബബന്ധങ്ങളും കോളേജ് ലൈഫും രാഷ്ട്രീയവും മാധ്യമലോകവും ഒക്കെ വിഷയമാകുന്ന സീനിമയെന്നാണ് ടീസറിൽ നിന്ന് മനസ്സിലാകുന്നത്. സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘മായികാ മധുനിലാ…’ എന്ന ഗാനവും സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. അതിന് പിന്നാലെ ഒരുമിനിറ്റിലേറെ ദൈർഘ്യമുള്ള ടീസറും ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്.
ശബ്‍ദം എന്നു പേരുള്ള ഒരു പബ്ലിഷിംഗ് ഹൗസിന്‍റെ നടത്തിപ്പുകാരനായ കരുണാകരൻ എന്നയാളുടേയും അയാളുടെ സ്ഥാപനത്തിലേക്ക് അവിചാരിതമായി കടന്നു വരുന്ന കാർട്ടൂണിസ്റ്റായ നിധിൻ എന്ന ചെറുപ്പക്കാരന്‍റേയും കൂടിക്കാഴ്ചയ്ക്ക് ശേഷം നടക്കുന്ന രസകരവും ഉദ്വേഗജനകവുമായ സംഭവങ്ങളുമായാണ് സിനിമയെത്തുന്നത്. പല തലമുറകളിലെ പ്രണയ ഭാവങ്ങളുടെ വ്യത്യസ്തമായ അനുഭവങ്ങളുമായെത്തുന്ന സിനിമയിൽ മലയാള സിനിമാലോകത്ത് വില്ലനായും ക്യാരക്ടർ റോളുകളിലും ഹാസ്യ താരമായുമൊക്കെ ഒട്ടേറെ സിനിമകളുടെ ഭാഗമായ ലാലു അലക്സും യുവ താരനിരയിൽ ശ്രദ്ധേയനായ ദീപക് പറമ്പോലുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ‘സോളമന്‍റെ തേനീച്ചകളി’ലൂടെ നായിക നിരയിലേക്ക് എത്തിയ ദർശന സുദർശനും സിനിമാ – സീരിയൽ ലോകത്തെ ശ്രദ്ധേയ നടിയായ മീര വാസുദേവുമാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായുള്ളത്.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മാമ്പ്ര സിനിമാസിന്‍റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. ഒരു മുഴുനീള ഫാമിലി എന്‍റർടെയ്നറായി തിയേറ്ററുകളിലെത്തുന്ന സിനിമയ്ക്ക് ശ്രദ്ധേയ സംഗീത സംവിധായകൻ പി.എസ് ജയഹരിയാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നുമുണ്ട്.
ഇർഷാദ്, കലേഷ് രാമാനന്ദ് (ഹൃദയം ഫെയിം), ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നുണ്ട്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
ഛായാഗ്രഹണം: നിജയ് ജയൻ, ഡിഐ: ലിജു പ്രഭാകര്‍, എഡിറ്റിംഗ്: കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശേരിൽ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സ്: ഷെഫിൻ മായൻ, ഗാനരചന: വിനായക് ശശികുമാർ, സൗണ്ട് റെക്കോർഡിംഗ്: രൂപേഷ് പുരുഷോത്തമൻ, ആർട്ട്: ആഷിഫ് എടയാടൻ, കോസ്റ്റ്യൂം: സൂര്യ ശേഖർ, മേക്കപ്പ്: മനു മോഹൻ, വിഎഫ്എക്സ്: വിനു വിശ്വൻ, പ്രൊഡക്ഷൻ കൺട്രോളർ: അബിൻ ഇ എടവനക്കാട്, അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്, സ്ക്രിപ്റ്റ് അസിസ്റ്റന്‍റ്സ്: റസൂൽ, ശരത് ശശി, അസോസിയേറ്റ് ഡിഒപി: മാധവ് ഘോഷ്, സംഘട്ടനം: ജിതിൻ വക്കച്ചൻ, സ്റ്റിൽസ്: സുമേഷ് സുധാകരൻ, പബ്ലിസിറ്റി ഡിസൈൻസ്: രാഹുൽ രാജ്, സബിൻ ജോയ്, പി ആർ ഒ: എസ്.ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, ടൈറ്റിൽ ഡിസൈൻ: ഷിബിൻ സി ബാബു.