ലിയോ’യുടെ പുതിയ പോസ്റ്റര്‍ കോപിയോ ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കനക്കുന്നു
തെന്നിന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കുന്ന വിജയ് ലോകേഷ് കനകരാജ് ടീമിന്റെ ചിത്രമാണ് ലിയോ. റിലീസടുക്കുന്തോറും പുത്തന്‍ അപ്ഡേറ്റുകളുമായി വിജയ്യുടെ സിനിമ ലിയോ ആകാംക്ഷകളുയര്‍ത്തുകയാണ്. സമീപദിവസങ്ങളിലാണ് ലിയോയുടെ പോസ്റ്ററുകള്‍ പുറത്തുവിട്ട് തുടങ്ങിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്ററിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക എന്ന ക്യാപ്ഷനോടെയുള്ള വിജയുടെ തീപ്പൊരി പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ഒരു അപ്ഡേറ്റിന് വേണ്ടി കൊതിച്ചിരുന്ന ലക്ഷോപലക്ഷം വിജയ് ആരാധകര്‍ക്ക് വേണ്ടി പോസ്റ്ററുകളുടെ ആറാട്ട് തന്നെയാണ് ലിയോ ടീം നല്‍കിയിരിക്കുന്നത്. തെലുങ്ക്, കന്നട, പോസ്റ്ററുകള്‍ക്ക് പിന്നാലെ തമിഴ് പോസ്റ്ററാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. ഒരു ഘോരയുദ്ധത്തിന് മുന്‍പ് നായകന് കടന്നുപോകുന്ന വിവിധ തലങ്ങളാണ് സംവിധായകന് ലോകേഷ് പോസ്റ്ററുകളിലൂടെ വ്യക്തമാക്കുന്നത്.
ഇപ്പോഴിതാ ലിയോയുടെ പുതിയ പോസ്റ്ററുകള്‍ ഹോളിവുഡ് സിനിമകളുടെ കോപ്പിയാണെന്നാണ് സോഷ്യല്‍ മീഡിയകളില്‍ ചിലര്‍ ആരോപിക്കുന്നത്. ഹാനസ് പീറ്റര്‍ മോളണ്ടിന്റെ സംവിധാനത്തിലുള്ള ചിത്രമായ കോള്‍ഡ് പെര്‍സ്യൂട്ടിന്റെ പോസ്റ്ററിന് സമാനമാണ് ലിയോയുടെ ഒരു പോസ്റ്റര്‍ എന്നാണ് ആരോപണം. മറ്റൊരു പോസ്റ്റര്‍ ആയുധം എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നും ചിലര്‍ സാമൂഹ്യ മാധ്യമത്തില്‍ ആരോപിക്കുന്നു. ലിയോയില്‍ വിജയ്യുടെ നായക കഥാപാത്രം എന്തായാരിക്കും എന്ന് നേരത്തെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകളുണ്ടായിരുന്നു. രക്തച്ചൊരിച്ചിലിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററുകളില്‍ നിന്നുള്ള കഥാപാത്രത്തിന്റെ സൂചനകളില്‍ നിന്ന് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത് മാഫിയാ തലവനായിരിക്കും ലിയോയില്‍ വിജയ്യുടെ കഥാപാത്രം എന്നാണ്.
അര്ജുന് ഹരോള്‍ഡ് ദാസായി എത്തുമ്പോള്‍ ചിത്രത്തില്‍ സഞ്ജയ് ദത്ത് ആന്റണി ദാസ് ആണ് എന്ന് നേരത്തെ വ്യക്തമായിരുന്നു. ഗൗതം വാസുദവ് മേനോന് വിജയ്യുടെ ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറാകും എന്നും ലിയോയുടെ സെറ്റില്‍ നിന്ന് ഒരു ഫോട്ടോ ലീക്കായതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിജയ്യുടെ നായികയായി ലിയോയിലെത്തുന്നത് തൃഷയാണ്. തൃഷ വിജയ്യുടെ നായികയാകുന്നത് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്ന ഒരു പ്രത്യകതയുമുണ്ട്. മലയാളത്തില്‍ നിന്ന് ബാബു ആന്റണി ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. മനോബാല, മിസ്കിന്, മാത്യു തോമസ്, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, അഭിരാമി വെങ്കടാചലം, ജാഫര്‍ സാദിഖ് തുടങ്ങിയ നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ടാകും.
അനിരുദ്ധ് സംഗീതം ഒരുക്കുന്നു ഗാനങ്ങളാണ് ലിയോയുടെ പ്രധാന ഹൈലൈറ്റ്.. പ്രശസ്ത ക്യാമറമാന് മനോജ് പരമഹംസയുടെ ഗംഭീര ഫ്രെയിമുകളും പ്രതീക്ഷിക്കാം. വിക്രം , കെജിഎഫ് തുടങ്ങിയ സിനിമകള്‍ക്ക് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ അന്‍പറിവ് മാസ്റ്റര്‍മാരാണ് ലിയോക്ക് വേണ്ടി സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ലോകേഷിന്റെ വിശ്വസ്തനായ എഡിറ്റര്‍ ഫിലോമിന്‍ രാജ്. ആണ് ലിയോയുടെയും എഡിറ്റിങ് നിര്‍വഹിക്കുന്നത്. ഒക്ടോബര്‍ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷന്‍ പാര്‍ട്നര്‍ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്.